Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightപൊതുഗതാഗത ദിനത്തില്‍...

പൊതുഗതാഗത ദിനത്തില്‍ സമ്മാനമഴ

text_fields
bookmark_border
പൊതുഗതാഗത ദിനത്തില്‍ സമ്മാനമഴ
cancel
ദുബൈ: നവംബര്‍ ഒന്നിന് പൊതുഗതാഗത ദിനത്തോടനുബന്ധിച്ച് യാത്രക്കാര്‍ക്കായി ആര്‍.ടി.എ നിരവധി സമ്മാന പദ്ധതികള്‍ പ്രഖ്യാപിച്ചു. മെഗാ സമ്മാനമായി 100 ഗ്രാം സ്വര്‍ണം നല്‍കും. ഒക്ടോബര്‍ 20 മുതല്‍ നവംബര്‍ ഒന്ന് വരെ മെട്രോ സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ച് നിരവധി പരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുമുണ്ട്. 
കൂടുതല്‍ യാത്ര ചെയ്യുന്നവരെ പോയന്‍റിനനുസരിച്ച് തരംതിരിച്ചാണ് സമ്മാന പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്. ഒരുവര്‍ഷം നടത്തിയ യാത്രകളാണ് സമ്മാനത്തിനായി പരിഗണിക്കുക. ഒരുയാത്രക്ക് 50 പോയന്‍റാണ്. നോല്‍ കാര്‍ഡുകള്‍ പരിശോധിച്ചാണ് സമ്മാനാര്‍ഹരെ തെരഞ്ഞെടുക്കുക. 
1000 പോയന്‍റും അതിലധികവും നേടുന്നവര്‍ക്ക് 100 ഗ്രാം സ്വര്‍ണ ബാര്‍ സമ്മാനമായി ലഭിക്കും. 750 പോയന്‍റും അതിലധികവും ലഭിക്കുന്നവര്‍ക്ക് മാക് കമ്പ്യൂട്ടറാണ് സമ്മാനം. 500 പോയന്‍റും അധികവും നേടുന്നവര്‍ക്ക് ആപ്പിള്‍ വാച്ച്. 350 പോയന്‍റിന് ഹെഡ്ഫോണും 250 പോയന്‍റിന് ഗോള്‍ഡ് നോല്‍ കാര്‍ഡുമാണ് സമ്മാനമായി ലഭിക്കുക. ഓരോ വിഭാഗത്തിലും 10 പേര്‍ക്ക് സമ്മാനം നല്‍കും. 
ഇതിന് പുറമെ ഒക്ടോബര്‍ 20 മുതല്‍ നവംബര്‍ ഒന്ന് വരെ മെട്രോ സ്റ്റേഷനുകളില്‍ നടക്കുന്ന നറുക്കെടുപ്പ് വിജയികള്‍ക്ക് 50 ഗ്രാമിന്‍െറ രണ്ട് സ്വര്‍ണ ബാറുകളും സമ്മാനമായി നല്‍കും.  സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി ദുബൈ സ്പോര്‍ട്സ് കൗണ്‍സിലുമായി ചേര്‍ന്ന് പ്രത്യേക മത്സരം നടത്തും. ടീമായാണ് മത്സരത്തില്‍ പങ്കെടുക്കേണ്ടത്. വിജയിക്കുന്ന ടീമിന് 20,000 ദിര്‍ഹവും രണ്ടും മൂന്നും സ്ഥാനങ്ങള്‍ക്ക് 10,000 ദിര്‍ഹം, 7000 ദിര്‍ഹം എന്നിങ്ങനെയുമാണ് സമ്മാനം. വിജയികളെ നവംബര്‍ ഒന്നിന് ഡൗണ്‍ടൗണിലെ ബുര്‍ജ് ഐലന്‍റില്‍ നടക്കുന്ന പരിപാടിയില്‍ ആദരിക്കും. യാത്രക്കാര്‍ക്കായി ബുര്‍ജ് പ്ളാസയില്‍ വിവിധ കായിക പരിപാടികളും നടത്തും. ദുബൈ ഹെല്‍ത്ത് കെയര്‍ സിറ്റി, എയര്‍പോര്‍ട്ട് ടെര്‍മിനല്‍ മൂന്ന്, യൂനിയന്‍ മെട്രോ സ്റ്റേഷനുകളില്‍ ആരോഗ്യ പരിശോധനയുണ്ടാകും. അല്‍ ഗുബൈബ സ്റ്റേഷനില്‍ രക്തദാന കാമ്പയിനും നടക്കും. 
രജിസ്റ്റര്‍ ചെയ്ത ഗോള്‍ഡ്, സില്‍വര്‍ നോല്‍ കാര്‍ഡ് ഉടമകള്‍ക്കും വ്യക്തിഗത ബ്ളൂ നോല്‍ കാര്‍ഡ് ഉടമകള്‍ക്കുമായിരിക്കും സമ്മാനങ്ങള്‍ക്ക് അര്‍ഹത. നവംബര്‍ ഒന്നിന് നടക്കുന്ന കായിക മത്സരങ്ങളില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍  http://rta.duplays.com എന്ന വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം. 
അല്‍ ഗുബൈബ ബസ് സ്റ്റേഷനില്‍ നവംബര്‍ ഒന്നിന് രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് ആറുവരെയായിരിക്കും മത്സരങ്ങള്‍. 
പൊതുഗതാഗത വാഹനങ്ങളില്‍ ഒളിപ്പിച്ചുവെക്കുന്ന 30 കവറുകള്‍ കണ്ടെടുക്കാനുള്ള പുതുമയാര്‍ന്ന മത്സവും യാത്രക്കാര്‍ക്കായുണ്ടാകും. സെല്‍ഫി മത്സരമാണ് മറ്റൊന്ന്. പൊതുഗതാഗത വാഹനങ്ങളില്‍ സെല്‍ഫിയെടുത്ത് സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യണം. വിജയികളായ 10 പേരെ പങ്കെടുപ്പിച്ച് നടത്തുന്ന നറുക്കെടുപ്പിലെ വിജയികള്‍ക്ക് ആകര്‍ഷ സമ്മാനങ്ങളുണ്ടാകും. 
ഗോപ്രോ കാമറകള്‍, ബീറ്റ്സ് ഹെഡ്ഫോണ്‍, സ്മാര്‍ട്ട് വാച്ചുകള്‍, സ്മാര്‍ട്ട് വീല്‍ എന്നിവയാണ് സമ്മാനം. മത്സരങ്ങളെക്കുറിച്ച വിശദവിവരങ്ങള്‍ ആര്‍.ടി.എയുടെ സാമൂഹിക മാധ്യമ പേജുകളില്‍ ലഭ്യമാകും. 
 
Show Full Article
Next Story