ഷാര്‍ജയില്‍ വര്‍ണങ്ങള്‍ കുടമാറ്റും
text_fieldsഷാര്‍ജ: ഐക്യ അറബ് നാടുകളുടെ 44ാമത് ദേശീയ ദിനാഘോഷങ്ങളെ വരവേല്‍ക്കാന്‍ ഷാര്‍ജയുടെ മുക്കും മൂലയും അണിഞ്ഞൊരുങ്ങി. ചതുര്‍ വര്‍ണ പതാകകള്‍ ഷാര്‍ജയിലെമ്പാടും പാറുകയാണ്. രണ്ട് നാലുകളാണ് ഇത്തവണത്തെ ദേശീയ ദിനത്തിന്‍െറ പ്രത്യേകത. നാലു വര്‍ണ കൊടിയെ അടയാളപ്പെടുത്തുന്ന രണ്ട് നാലുകള്‍ ആലേഖനം ചെയ്ത കമാനങ്ങളും തോരണങ്ങളും നിരത്തുകളുടെ ഭംഗി കൂട്ടുന്നു.
വര്‍ണാഭമായ പരിപാടികളാണ് ദേശീയാഘോഷങ്ങളുടെ ഭാഗമായി ഷാര്‍ജയില്‍ അരങ്ങേറാന്‍ പോകുന്നതെന്ന് ആഘോഷങ്ങളുടെ ചുക്കാന്‍ പിടിക്കുന്ന ഉന്നത കമ്മിറ്റി തലവന്‍ ഖാലിദ് ജാസിം ആല്‍ മിദ്ഫ പറഞ്ഞു. ഞായറാഴ്ച്ച രാവിലെ 8.30ന് ഷാര്‍ജ ദേശീയ ഉദ്യാനത്തിലാണ് ദേശീയദിന പരിപാടികള്‍ക്ക് തുടക്കം കുറിക്കുക. അഞ്ച് ദിവസം നീളുന്ന പരിപാടികള്‍ വിവിധ ഇടങ്ങളില്‍ നടക്കും. ഐക്യ അറബ് നാടുകളുടെ രൂപികരണം വരച്ച് കാട്ടുന്ന ഓപ്പറയാണ് ഇത്തവണത്തെ ആഘോഷ പ്രത്യേകത. രാജ്യത്തെ ആദ്യത്തെ ആനിമേറ്റഡ് ടെലിവിഷന്‍ സീരിയലായ ഫ്രീജിന്‍െറ തെരഞ്ഞെടുത്ത ഭാഗങ്ങളുടെ പ്രദര്‍ശനം നടക്കും. കൂടാതെ നാടകം, ശില്‍പ്പശാല, സംഗീത പരിപാടികള്‍, പൈതൃക പ്രദര്‍ശനങ്ങള്‍ തുടങ്ങിയവ അരങ്ങേറും. രക്ത സാക്ഷികളുടെ ഓര്‍മകളെ ജ്വലിപ്പിച്ച് കൊണ്ട് ഷാര്‍ജ സിറ്റി ഫോര്‍ ഹ്യുമനിറ്റേറിയന്‍ സര്‍വീസിലെ വിദ്യാര്‍ഥികള്‍ നാടകം അവതരിപ്പിക്കും. ഐക്യ അറബ് നാടുകളുടെ വശ്യത രേഖപ്പെടുത്തുന്ന മണല്‍ ശില്‍പ്പങ്ങളും ആഘോഷത്തിന് ചമയങ്ങള്‍ കെട്ടാനത്തെും. പിറന്ന നാടിന് വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച രക്തസാക്ഷികള്‍ക്ക് ആദരാജ്ഞലി അര്‍പ്പിക്കുന്ന പ്രത്യേക പരിപാടികളോടെയാണ് ആഘോഷങ്ങള്‍ക്ക് സമാപനം കുറിക്കുകയെന്ന് ജാസിം ആല്‍ മിദ്ഫ പറഞ്ഞു.