മഴയും കാറ്റും: അബൂദബിയില്‍ അപകടങ്ങള്‍
text_fieldsഅബൂദബി: ചൊവ്വാഴ്ച രാത്രി മുതല്‍ തലസ്ഥാന എമിറേറ്റില്‍ പെയ്ത മഴയും കാറ്റും സുഗമമായ ഗതാഗതത്തിന് പ്രയാസം സൃഷ്ടിച്ചു. ഏതാനും അപകടങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ സ്ട്രീറ്റിലും സ്വയ്ഹാനിലും ഒന്നിലധികം വാഹനങ്ങള്‍ ഉള്‍പ്പെട്ട അപകടങ്ങളുണ്ടായി. മഴ പെയ്തതിനെ തുടര്‍ന്ന് റോഡ് തെന്നുന്ന സാഹചര്യമാണ് അപകടങ്ങള്‍ക്കിടയാക്കിയത്. അബൂദബിയുടെ പ്രാന്തപ്രദേശങ്ങളില്‍ കാര്യമായ മഴ ലഭിച്ചെങ്കിലും തലസ്ഥാന നഗരിയില്‍ കാര്യമായി മഴ പെയ്തില്ല. അതേസമയ, രാവിലെ മുതല്‍ മേഘാവൃതമായ അന്തരീക്ഷമായിരുന്നു. ശക്തമായ കാറ്റുമുണ്ട്.
ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ സ്ട്രീറ്റില്‍ അല്‍ സാദാ പാലത്തിന് മുമ്പായാണ് ഒന്നിലധികം വാഹനങ്ങള്‍ ഉള്‍പ്പെട്ട അപകടമുണ്ടായത്. വൈകുന്നേരം 4.30ഓടെ ഉണ്ടായ അപകടത്തെ തുടര്‍ന്ന് ഒരു ഭാഗത്തേക്കുള്ള ഗതാഗതവും നിര്‍ത്തിവെക്കേണ്ടി വന്നു. ഉച്ചക്ക് 2.30ഓടെ സ്വയ്ഹാനിലേക്ക് പോകുന്ന പാതയില്‍ മൂന്ന് കാറുകള്‍ ഉള്‍പ്പെട്ട അപകടമുണ്ടായി. ഒരു കാറിന് തീപിടിക്കുകയും ചെയ്തു. സംഭവത്തില്‍ ആര്‍ക്കെങ്കിലും പരിക്കേറ്റോ എന്ന് വ്യക്തമല്ല. മഴയും കാറ്റും തുടരുന്ന സാഹചര്യത്തില്‍ ജാഗ്രതയോടെയും സൂക്ഷ്മതയോടെയും വാഹനം ഓടിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.