ഏഷ്യാവിഷന്‍ സിനിമാ അവാര്‍ഡ് ‘എന്നു നിന്‍െറ മൊയ്തീന്‍’ പുരസ്കാരങ്ങള്‍ വാരിക്കൂട്ടി
text_fieldsദുബൈ: ഏഷ്യാവിഷന്‍ സിനിമാ അവാര്‍ഡുകളില്‍ ‘എന്നു നിന്‍െറ മൊയ്തീന്‍’ പുരസ്കാരങ്ങള്‍ വാരിക്കൂട്ടി. മികച്ച ചിത്രം, നടന്‍, നടി, സംവിധായകന്‍, തിരക്കഥാകൃത്ത് ഉള്‍പ്പെടെയാണിത്. ലൈഫ് ടൈം അച്ചീവ്മെന്‍റ് അവാര്‍ഡ് നെടുമുടി വേണുവിനും കെ.ജി.ജോര്‍ജിനുമാണ്. ഗായകന്‍ യേശുദാസ് ലെജന്‍ററി സിങ്ങര്‍ ഫോര്‍ ജനറേഷന്‍സ് വിഭാഗത്തിലും ആദരിക്കപ്പെടുമെന്ന് ബന്ധപ്പെട്ടവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. എക്സലന്‍സ് അവാര്‍ഡ് അഭിഷേക് ബച്ചനാണ്.
‘എന്നു നിന്‍െറ മൊയ്തീനി’ല്‍ മൊയ്തീന്‍ -കാഞ്ചന മാല പ്രണയജോഡിയെ അവതരിപ്പിച്ച പ്രൃഥ്വിരാജും പാര്‍വതി മേനോനും മികച്ച നടനും നടിയുമായി തെരഞ്ഞെടുക്കപ്പെട്ടു. ആര്‍.എസ്.വിമല്‍ സംവിധായകനും തിരക്കഥാകൃത്തിനുമുള്ള അവാര്‍ഡിനും അര്‍ഹനായി. മികച്ച ഛായാഗ്രഹകനായി ജേമോന്‍ ടി ജോണ്‍, സഹനടനായി ടോവിനോ തോമസ് എന്നിവരും അവാര്‍ഡ് നേടി.
സനല്‍ കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത ‘ഒരാള്‍ പൊക്കം’ കലാമൂല്യമുള്ള ചിത്രമായും സലീം അഹമ്മദ് സംവിധാനം ചെയ്ത ‘പത്തേമാരി’ പ്രവാസി വിഷയത്തിലുള്ള മികച്ച ചിത്രമായും തെരഞ്ഞെടുക്കപ്പെട്ടു. പോയ വര്‍ഷത്തെ ജനകീയ ചിത്രമായി പ്രേമം തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ‘അമര്‍ അക്ബര്‍ അന്തോണി’ മികച്ച വിനോദ സിനിമയായി.
ബിജിബാലാണ് മികച്ച സംഗീത സംവിധായകന്‍. എന്നു സ്വന്തം മൊയ്തീനിലെ ഗാനങ്ങള്‍ക്ക് ഈണം പകര്‍ന്ന ഗോപി സുന്ദര്‍ ജനകീയ സംഗീത സംവിധായകനായി. വിനീത് ശ്രീനിവാസന്‍ മികച്ച ഗായകനും സുജാത മോഹന്‍ മികച്ച ഗായികയുമാണ്. ‘മുക്കത്തെ പെണ്ണെ’എന്ന ഗാനം പാടിയ മക്ബൂല്‍ മന്‍സൂര്‍ ന്യൂ സെന്‍സേഷന്‍ ഇന്‍ സിങ്ങിംഗ് അവാര്‍ഡിനും ഹരിശങ്കര്‍ ന്യൂ പ്രോമിസിംഗ് ഇന്‍ സിങ്ങിംഗ് അവാര്‍ഡിനും അര്‍ഹരായി.
മറ്റു അവാര്‍ഡുകള്‍: ന്യൂ സെന്‍സേഷന്‍ ഇന്‍ ആക്ടിങ്-സായിപല്ലവി , നീരജ് മാധവ് , മികച്ച സ്വഭാവ നടന്‍ -അജു വര്‍ഗീസ് , മികച്ച ഹാസ്യ നടന്‍- ചെമ്പന്‍ വിനോദ്, സ്പെഷ്യല്‍ പെര്‍ഫോമന്‍സ് അവാര്‍ഡ്-റീനു മാത്യു, മാന്‍ ഓഫ് ദ ഇയര്‍ - നിവിന്‍ പൊളി, ഒൗട്ട്സ്റ്റാന്‍റിങ് ഫെര്‍ഫോമന്‍സ് മലയാളം-അമല പോള്‍ , ഒൗട്ട്സ്റ്റാന്‍റിങ് ഫെര്‍ഫോമന്‍സ് ഹിന്ദി-ജാക്കി ഷ്റോഫ്, തബു ,യൂത്ത് ഐക്കണ്‍ ഓഫ് ഇന്ത്യ- ഇമ്രാന്‍ ഖാന്‍, മികച്ച ഇന്ത്യന്‍ സിനിമ-ബാഹുബലി, മികച്ച നടന്‍ അന്യഭാഷ- റാണാ ദഗുപതി , മികച്ച നടി- ജ്യോതിക , ഭാവി വാഗ്ദാനം-അക്ഷര ഹാസന്‍, ബാല നടി-ഹര്‍ഷാലി മല്‍ഹോത്ര.
ഡിസംബര്‍ രണ്ടിന് ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് പത്താമത് ഏഷ്യാവിഷന്‍ സിനിമാ അവാര്‍ഡ് ദാന ചടങ്ങ് നടക്കുക. ടിക്കറ്റുകള്‍ ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ ലഭിക്കും. വാര്‍ത്താസമ്മേളനത്തില്‍ ഏഷ്യാവിഷന്‍ മേധാവി നിസാര്‍ സെയ്തും വിവിധ സ്പോര്‍ണ്‍സര്‍മാരും സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.