പ്രതീക്ഷ നല്‍കി ചര്‍ച്ചകള്‍; ജയ്റ്റ്ലി മടങ്ങി
text_fieldsഅബൂദബി: രണ്ട് ദിവസത്തെ ഒൗദ്യോഗിക സന്ദര്‍ശനത്തിനായി യു.എ.ഇയിലത്തെിയ ഇന്ത്യന്‍ ധനകാര്യ മന്ത്രി അരുണ്‍ ജയ്റ്റ്ലി മടങ്ങി. ഞായറാഴ്ച രാത്രി എത്തിയ ജയ്റ്റ്ലി ദുബൈയിലും അബൂദബിയിലുമായി രണ്ട് ദിവസം സര്‍ക്കാര്‍ മേധാവികളും നിക്ഷേപകരുമായും ചര്‍ച്ച നടത്തിയ ശേഷമാണ് മടങ്ങിയത്. ഇന്ത്യയിലേക്ക് കൂടുതലായി യു.എ.ഇയില്‍ നിന്ന് നിക്ഷേപമുണ്ടാകുമെന്നും വ്യാപാര- വാണിജ്യ മേഖലകളില്‍ സഹകരണം ശക്തമാകുമെന്നുമുള്ള പ്രതീക്ഷകളുമായാണ് മന്ത്രി ജയ്റ്റ്ലിയും പ്രതിനിധി സംഘവും മടങ്ങിയത്.
അബൂദബി ഇന്‍വെസ്റ്റ്മെന്‍റ് അതോറിറ്റി മാനേജിങ് ഡയറക്ടര്‍ ശൈഖ് ഹമദ് ബിന്‍ സായിദ് ആല്‍ നഹ്യാന്‍, അബൂദബി ഇന്‍റര്‍നാഷനല്‍ പെട്രോളിയം കമ്പനി അധികൃതര്‍, അബൂദബി ഇന്‍വെസ്റ്റ്മെന്‍റ് കൗണ്‍സില്‍, അബൂദബി സര്‍ക്കാറിന്‍െറ മുബാദല കമ്പനി എന്നിവയുമായി ചൊവ്വാഴ്ച അദ്ദേഹം ചര്‍ച്ച നടത്തി. ഊര്‍ജ മന്ത്രി സുഹൈല്‍ ബിന്‍ മുഹമ്മദ് ഫറജ് ഫാരിസ് അല്‍ മസ്റൂയിയുമായും അരുണ്‍ ജയ്റ്റ്ലിയും സംഘവും ചര്‍ച്ച നടത്തി. മന്ത്രിയുമായും അബൂദബി സര്‍ക്കാറിന്‍െറ കീഴിലെ കമ്പനികളുമായും നടത്തിയ ചര്‍ച്ചകള്‍ ഏറെ പ്രതീക്ഷ നല്‍കുന്നതും ഫലപ്രദവും ആയിരുന്നുവെന്ന് ഇന്ത്യന്‍ പ്രതിനിധി സംഘാംഗം ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. ഇന്ത്യയില്‍ തന്ത്രപ്രധാന പെട്രോളിയം സംഭരണ കേന്ദ്രം സ്ഥാപിക്കല്‍ അടക്കമുള്ള വിഷയങ്ങളിലാണ് ജയ്റ്റ്ലിയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ സംഘവും അബൂദബി ഇന്‍വെസ്റ്റ്മെന്‍റ് അതോറിറ്റിയും മറ്റ് സര്‍ക്കാര്‍ സ്ഥാപനങ്ങളും ചര്‍ച്ച നടത്തിയത്.
ഇന്ത്യയിലെ അടിസ്ഥാന സൗകര്യ വികസന പദ്ധതികളില്‍ യു.എ.ഇ നിക്ഷേപക സ്ഥാപനങ്ങള്‍ നേരിട്ടും സര്‍ക്കാര്‍ വഴിയും സ്വകാര്യ കമ്പനികള്‍ വഴിയും നിക്ഷേപം നടത്തുന്നത് സംബന്ധിച്ചും അര്‍ഥവത്തായ ചര്‍ച്ചകള്‍ നടന്നു. അടുത്തകാലത്തായി ഇരുരാജ്യങ്ങളും തമ്മിലെ വ്യാപാരം കൂടുതല്‍ ശക്തമായിട്ടുണ്ടെന്നതിന്‍െറ തെളിവാണ് കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നതിന് നടക്കുന്ന ശ്രമങ്ങളെന്ന് ശൈഖ് ഹമദ് പറഞ്ഞു. ഇരുരാജ്യങ്ങള്‍ക്കും ഗുണകരമാകുന്ന രീതിയില്‍ ഉഭയകക്ഷി ബന്ധം കൂടുതല്‍ ശക്തമാക്കുന്നതിന് ഈ ചര്‍ച്ചകള്‍ മുന്നോട്ടുകൊണ്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു. തന്‍െറ സന്ദര്‍ശനം ഇന്ത്യയും യു.എ.ഇയും തമ്മിലെ ചരിത്രപരമായ ബന്ധം കൂടുതല്‍ ശക്തമാക്കിയതായി അരുണ്‍ ജയ്റ്റ്ലി പറഞ്ഞു. അടിസ്ഥാന സൗകര്യ മേഖലകളില്‍ നിക്ഷേപിക്കുന്നതിന് അബൂദബിയിലെ സ്ഥാപനങ്ങളെ മന്ത്രി ക്ഷണിക്കുകയും ചെയ്തു. നിക്ഷേപ മേഖലയിലെ പങ്കാളിത്തം സംബന്ധിച്ച് തുടര്‍ ചര്‍ച്ചകള്‍ക്കായി അടുത്ത വര്‍ഷം ആദ്യം ഇന്ത്യ സന്ദര്‍ശിക്കുന്നതിന് ശൈഖ് ഹമദിനെ ജയ്റ്റലി ക്ഷണിക്കുകയും ചെയ്തു. ചൊവ്വാഴ്ച രാത്രി നിക്ഷേപകരുമായും കൂടിക്കാഴ്ച നടന്നു. അബൂദബിയിലെ ശൈഖ് സായിദ് ഗ്രാന്‍റ് മോസ്ക് ജയ്റ്റ്ലിയും സംഘവും സന്ദര്‍ശിച്ചു.
ഇന്ത്യന്‍ അംബാസഡര്‍ ടി.പി.സീതാറാം, കോണ്‍സുല്‍ ജനറല്‍ അനുരാഗ് ഭൂഷണ്‍, അബൂദബി ചേംബര്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗവും വ്യവസായ പ്രമുഖനുമായ എം.എ.യൂസുഫലി എന്നിവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
