ഷാര്‍ജയില്‍ മലയാളിയുടെ സ്ഥാപനത്തില്‍ കവര്‍ച്ച
text_fieldsഷാര്‍ജ: ഷാര്‍ജയില്‍ പിടിച്ചുപറിയും മോഷണവും തുടര്‍ക്കഥയാകുന്നു. തിങ്കളാഴ്ച ഷാര്‍ജ നഗരസഭ റൗണ്ട് എബൗട്ടില്‍ ഭരണ സിരാ കേന്ദ്രത്തിന് പുറക് വശത്തുള്ള ആലുവ സ്വദേശി ഷമീറിന്‍െറ നജ്മതൈന്‍ സ്റ്റേഷനറി കടയില്‍ വൈകുന്നേരം അഞ്ചോടെ കവര്‍ച്ച നടന്നതാണ് ഒടുവിലത്തേത്. മാന്യമായി വേഷം ധരിച്ച അറബ് വംശജനാണ് സാധനങ്ങള്‍ വാങ്ങാനെന്ന വ്യാജേന കടയിലത്തെിയത്. രണ്ട് കാര്‍ട്ടണ്‍ പേപ്പറും പ്രിന്‍ററിന്‍െറ ട്യൂണറും ഓര്‍ഡര്‍ ചെയ്ത ശേഷം സെയില്‍സ്മാനോട് കുറച്ച് മാറി പാര്‍ക്ക് ചെയ്ത വാഹനത്തിലത്തെിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. വാഹനത്തിലുള്ള പിതാവ് പണം നല്‍കുമെന്നും പറഞ്ഞു. അറബ് വംശജന്‍ മുന്നിലും സാധനങ്ങളുമായി സെയില്‍സ് മാന്‍ പുറകിലുമായാണ് കടയില്‍ നിന്ന് ഇറങ്ങിയത്. തനിക്ക് ഒരു സാധനം കൂടി വാങ്ങാനുണ്ടെന്നും സെയില്‍സ്മാനോട് വാഹനത്തിന് അടുത്തേക്ക് പോയ്ക്കൊള്ളാനും പറഞ്ഞു. കടയിലത്തെി പണപ്പെട്ടിയില്‍ കൈയിട്ട് 1400 ദിര്‍ഹമെടുത്ത് രക്ഷപ്പെടുകയായിരുന്നുവെന്ന് കടയുടമ ഷമീര്‍ ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. ഇതെല്ലാം കടയിലെ സി.സി.ടി.വി കാമറയില്‍ പതിഞ്ഞിട്ടുണ്ട്.
മോഷണവും പിടിച്ചുപറിയും വര്‍ധിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞയാഴ്ച ഷാര്‍ജയുടെ വിവിധ ഭാഗങ്ങളില്‍ പൊലീസിനെ വിന്യസിച്ചിരുന്നു. അതേസമയം, കടയില്‍ ആളും ജീവനക്കാരും കുറവുള്ള സമയവും ഓടി രക്ഷപ്പെടാനുള്ള വഴിയുമെല്ലാം മനസ്സിലാക്കിയാണ് മോഷ്ടാക്കള്‍ എത്തുന്നതെന്ന് കച്ചവടക്കാര്‍ പറയുന്നു. രാത്രി കാലങ്ങളില്‍ ഒഴിഞ്ഞ പ്രദേശത്ത് സംഭവിച്ചിരുന്ന മോഷണവും പിടിച്ചുപറിയും പകല്‍ സമയങ്ങളില്‍ പോലും നഗര മധ്യത്തിലും നടക്കുകയാണ്. ദിവസവും ചുരുങ്ങിയത് പത്ത് മോഷണങ്ങള്‍ ഷാര്‍ജയിലെ പൊലീസ് സ്റ്റേഷനുകളില്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെന്ന് അധികൃതര്‍ പറയുന്നു. പൊലീസില്‍ അറിയിക്കാത്ത കേസുകള്‍ ഇതിലധികമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.