ശൈഖ് ഖലീഫയുടെ ജന്‍മസ്ഥലം ഇനി മ്യൂസിയം; ജനങ്ങള്‍ക്ക് തുറന്നുകൊടുത്തു
text_fieldsഅബൂദബി: യു.എ.ഇ പ്രസിഡന്‍റ് ശൈഖ് ഖലീഫ ബിന്‍ സായിദ് ആല്‍ നഹ്യാന്‍െറ ജന്‍മഗേഹവും ആല്‍ നഹ്യാന്‍ കുടുംബത്തിന്‍െറ പ്രധാന കേന്ദ്രവുമായ അല്‍ഐനിലെ ഖസ്ര്‍ അല്‍ മുവൈജി ഇനി മുതല്‍ മ്യൂസിയം. കഴിഞ്ഞ ദിവസം നടന്ന ചടങ്ങില്‍ മ്യൂസിയമായി മാറിയ ഖസ്ര്‍ അല്‍ മുവൈജി അബൂദബി ഭരണാധികാരിയുടെ പൂര്‍വ മേഖലയിലെ പ്രതിനിധി ശൈഖ് താനൂന്‍ ബിന്‍ മുഹമ്മദ് ആല്‍ നഹ്യാന്‍ ജനങ്ങള്‍ക്കായി തുറന്നുകൊടുത്തു. പരമ്പരാഗത രീതിയില്‍ നടന്ന ചടങ്ങിലാണ് യു.എ.ഇയുടെ ചരിത്രത്തിലെ നിരവധി നിര്‍ണായക മുഹൂര്‍ത്തങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച കോട്ടയുടെ ഉദ്ഘാടനം നടന്നത്.
പ്രസിഡന്‍റ് ശൈഖ് ഖലീഫയുടെ ജീവിതത്തിന്‍െറ വിവിധ വശങ്ങള്‍ വിശദീകരിക്കുന്ന സ്ഥിരം എക്സിബിഷനും മ്യൂസിയത്തില്‍ ഒരുക്കിയിട്ടുണ്ട്. യു.എ.ഇയുടെ ചരിത്രവും സംസ്കാരവും പാരമ്പര്യവും മനസ്സിലാക്കാന്‍ ഉതകുന്ന രീതിയിലാണ് മ്യൂസിയം ഒരുക്കിയിരിക്കുന്നത്. ഇതോടൊപ്പം ആല്‍ നഹ്യാന്‍ കുടുംബത്തിന്‍െറ നേട്ടങ്ങളും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഖസ്ര്‍ അല്‍ മുവൈജിയിലൂടെ നടത്തുന്ന യാത്രയിലൂടെ അബൂദബിയുടെ നേട്ടങ്ങള്‍ കാണാന്‍ സാധിക്കും.
അബൂദബി വിനോദ സഞ്ചാര സാംസ്കാരിക അതോറിറ്റിയുടെ നേതൃത്വത്തിലാണ് കോട്ട സംരക്ഷിക്കുകയും മ്യൂസിയമാക്കി മാറ്റുകയും ചെയ്തത്. 1970കളുടെ അവസാനത്തിലാണ് കോട്ടയുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. 2009ല്‍ പുരാവസ്തു ഖനനവും സംരക്ഷണ നടപടികളും തുടങ്ങുകയും ചെയ്തു.
ഖസ്ര്‍ അല്‍ മുവൈജിയുടെ പൈതൃകം നിലനിര്‍ത്തിയാണ് നവീകരണ- സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയത്. കോട്ടക്കൊപ്പം സ്ഥിരം പ്രദര്‍ശനത്തിനായി സ്ഫടികത്തില്‍ തീര്‍ത്ത കെട്ടിടം നിര്‍മിച്ചിട്ടുണ്ട്. കോട്ടയില്‍ നടത്തിയ പുരാവസ്തു ഖനനത്തില്‍ ലഭിച്ച 16ഉം 18ഉം നൂറ്റാണ്ടുകളിലെ നാണയങ്ങളും അല്‍ഐനിലെ കച്ചവടത്തിന്‍െറ തെളിവുകളും മറ്റും പ്രദര്‍ശനത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
1948ല്‍ ശൈഖ് ഖലീഫ ജനിച്ച ഖസ്ര്‍ അല്‍ മുവൈജി യുനെസ്കോയുടെ പൈതൃക പട്ടികയില്‍ ഇടം നേടിയ സ്ഥലം കൂടിയാണ്. തിങ്കളാഴ്ച കോട്ട സന്ദര്‍ശിക്കാന്‍ സാധിക്കില്ല. ചൊവ്വ മുതല്‍ വ്യാഴം വരെ രാവിലെ ഒമ്പത് മുതല്‍ വൈകുന്നേരം ഏഴ് വരെയും വെള്ളിയാഴ്ച വൈകുന്നേരം മൂന്ന് മുതല്‍ ഏഴ് വരെയും ശനിയാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകുന്നേരം അഞ്ച് വരെയുമാണ് സന്ദര്‍ശനം അനുവദിച്ചിരിക്കുന്നത്. ആല്‍ നഹ്യാന്‍ കുടുംബത്തിന്‍െറ വളര്‍ച്ചക്ക് സാക്ഷ്യം വഹിച്ച ഈ കോട്ടയെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ qasralmuwaiji.ae എന്ന വെബ്സൈറ്റില്‍ ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
