ജയ്റ്റ്ലി എത്തി; ഇന്ത്യന്‍ സമൂഹവുമായും നിക്ഷേപകരുമായും ഇന്ന് കൂടിക്കാഴ്ച
text_fieldsഅബൂദബി: രണ്ട് ദിവസത്തെ ഒൗദ്യോഗിക സന്ദര്‍ശനത്തിനായി ഇന്ത്യന്‍ ധനകാര്യ മന്ത്രി അരുണ്‍ ജയ്റ്റ്ലി യു.എ.ഇയില്‍ എത്തി. ഞായറാഴ്ച രാത്രിയാണ് ജയ്റ്റ്ലി ദുബൈയില്‍ എത്തിയത്. തിങ്കളാഴ്ച ദുബൈയിലും ചൊവ്വാഴ്ച അബൂദബിയിലും വിവിധ പരിപാടികളില്‍ പങ്കെടുക്കുകയും യു.എ.ഇ നേതൃത്വവുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്യുമെന്ന് ഇന്ത്യന്‍ അംബാസഡര്‍ ടി.പി. സീതാറാം ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു.
തിങ്കളാഴ്ച രാവിലെ ദുബൈ ബുര്‍ജുല്‍ അറബില്‍ നടക്കുന്ന യു.എ.ഇ- ഇന്ത്യ ഇക്കണോമിക് ഫോറത്തില്‍ അരുണ്‍ ജെയ്റ്റ്ലി സംബന്ധിക്കും. തുടര്‍ന്ന് ധനകാര്യ മന്ത്രിയും ദുബൈ ഉപ ഭരണാധികാരിയുമായ ശൈഖ് ഹംദാന്‍ ബിന്‍ റാശിദ് ആല്‍ മക്തൂമുമായി കൂടിക്കാഴ്ച നടത്തും.
ഉച്ചക്ക് ശേഷം നിക്ഷേപകരുമായി ചര്‍ച്ച നടത്തും. വൈകുന്നേരം ദുബൈ മറീനയില്‍ നടക്കുന്ന പരിപാടിയില്‍ ഇന്ത്യന്‍ പ്രവാസി സമൂഹത്തെ അരുണ്‍ ജയ്റ്റ്ലി അഭിസംബോധന ചെയ്യും.
ചൊവ്വാഴ്ച രാവിലെയാണ് അബൂദബിയിലേക്ക് ജെയ്റ്റ്ലി എത്തുകയെന്നും ടി.പി. സീതാറാം പറഞ്ഞു. അബൂദബിയില്‍ അബൂദബി ഇന്‍വെസ്റ്റ്മെന്‍റ് അതോറിറ്റി മാനേജിങ് ഡയറക്ടര്‍ ശൈഖ് ഹമദ് ബിന്‍ സായിദ് ആല്‍ നഹ്യാനുമായി ചര്‍ച്ച നടത്തും.
അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാനുമായും അരുണ്‍ ജയ്റ്റ്ലി കൂടിക്കാഴ്ച നടത്തുന്നുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദി, വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് എന്നിവരുടെ യു.എ.ഇ സന്ദര്‍ശനത്തിന് പിന്നാലെയാണ് മന്ത്രിസഭയിലെ മറ്റൊരു പ്രമുഖനായ ജയ്റ്റ്ലിയും എത്തിയിരിക്കുന്നത്. ഇത് ഇന്ത്യയും യു.എ.ഇയും തമ്മില്‍ നിലനില്‍ക്കുന്ന സൗഹൃദം കൂടുതല്‍ വര്‍ധിപ്പിക്കാന്‍ കാരണമാകുമെന്നാണ് കണക്കുകൂട്ടുന്നത്. വാണിജ്യ- വ്യാപാര- നിക്ഷേപ മേഖലകളില്‍ മികച്ച പങ്കാളിത്തം ഉറപ്പാക്കുന്നതിനും ജയ്റ്റ്ലിയുടെ സന്ദര്‍ശനത്തിലൂടെ ലക്ഷ്യമിടുന്നുണ്ട്. യു.എ.ഇയിലെ ഇന്ത്യന്‍ പ്രവാസി വ്യാപാരികളെ രാജ്യത്ത് നിക്ഷേപിക്കുന്നതിന് പ്രോത്സാഹിപ്പിക്കുന്ന നടപടികളുമുണ്ടാകും.
എണ്ണ, ഭക്ഷ്യ മേഖലകള്‍ക്ക് പുറമെ പുനരുപയോഗ ഊര്‍ജം, വിനോദ സഞ്ചാരം, മെഡിക്കല്‍ ടൂറിസം, ബഹിരാകാശ രംഗം എന്നിവയിലെല്ലാം ചര്‍ച്ചകള്‍ നടക്കും. യു.എ.ഇയിലെ പൊതുമേഖലാ കമ്പനികള്‍ അടക്കം ഇപ്പോള്‍ തന്നെ ഇന്ത്യയില്‍ നിക്ഷേപം നടത്തിയിട്ടുണ്ട്. രാജ്യത്തെ അടിസ്ഥാന സൗകര്യ വികസന മേഖലയിലേക്ക് കൂടുതല്‍ നിക്ഷേപം ആകര്‍ഷിക്കാനും ലക്ഷ്യമിടുന്നുണ്ട്.
യു.എ.ഇയില്‍ നിന്ന് നിക്ഷേപം ആകര്‍ഷിക്കുന്നതിന്‍െറ ഭാഗമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ കേരള പ്രതിനിധി സംഘവും തെലുങ്കാന, കര്‍ണാടക, ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്ഥാന്‍ പ്രതിനിധി സംഘങ്ങളും കഴിഞ്ഞ മാസങ്ങളില്‍ യു.എ.ഇ സന്ദര്‍ശിച്ചിരുന്നു. അഡ്നോക്, തഖാ, ഇത്തിഹാദ് എയര്‍വേസ്, ദുബൈ സ്പോര്‍ട്സ്, സ്മാര്‍ട് സിറ്റി എന്നിവക്കെല്ലാം ഇന്ത്യയില്‍ നിക്ഷേപമുണ്ട്.