400 ട്രക്കിലും കൊള്ളില്ല ശൈഖ് സുല്‍ത്താന്‍െറ പുസ്തക ശേഖരം
text_fieldsഷാര്‍ജ: തന്‍െറ ശേഖരത്തിലുള്ള പുരാതന ഗ്രന്ഥങ്ങളും കൈയെഴുത്തു പ്രതികളും വഹിക്കാന്‍ 400 ട്രക്കുകള്‍ വേണ്ടി വരുമെന്ന് സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ആല്‍ ഖാസിമിപറഞ്ഞു. ചരിത്ര ഗ്രന്ഥങ്ങളോട് അതിയായ ആവേശമാണന്നും അറബ് ലോകത്ത് നിന്നും പാശ്ചാത്യലോകത്തു നിന്നും പുസ്തകങ്ങള്‍ ശേഖരിക്കല്‍ പതിവാണെന്നും അദ്ദേഹം അല്‍ ബയാന്‍ പത്രത്തോട് പറഞ്ഞു.
തന്‍െറ ശേഖരത്തില്‍ നിന്ന് 210 കൈയെഴുത്തുപ്രതികളും ഗ്രന്ഥങ്ങളും അല്‍ഖാസിമി സര്‍വകലാശാലക്ക് സമര്‍പ്പിക്കാന്‍ ശൈഖ് സുല്‍ത്താന്‍ നീക്കിവെച്ചിട്ടുണ്ട്. ആയിരക്കണക്കിനു പേജുകള്‍ വരുന്ന ഇവയില്‍ ഇസ്ലാമിയ വിജ്ഞാനീയങ്ങള്‍, പ്രവാചക വചനങ്ങള്‍, ഖുര്‍ആന്‍, ഭാഷ ശാസ്ത്ര ഗ്രന്ഥങ്ങള്‍ എന്നിവ ഉള്‍ക്കൊള്ളുന്നു.
വളരെയധികം ചരിത്ര മൂല്യമുള്ള ശേഖരങ്ങളാണ് ഷാര്‍ജ ഭരണാധികാരി സര്‍വകലാശാലക്ക് സമ്മാനിക്കുന്നത്. വിവിധ നാടുകളിലേക്ക് ശൈഖ് സുല്‍ത്താന്‍ നടത്തിയ സന്ദര്‍ശന വേളകളില്‍ ശേഖരിച്ച ഇവ 300നും 400നുമിടയില്‍ വര്‍ഷം പഴക്കമുള്ളവയാണ്. മൂന്നാം ഖലീഫയായിരുന്ന ഉസ്മാന്‍ ബിനു അഫ്ഫാന്‍േറതെന്നു പറയപ്പെടുന്ന ഖുര്‍ആന്‍െറ കോപ്പിയും കൂട്ടത്തിലുണ്ട്. ഇതിന്‍െറ വേറെ കോപ്പികള്‍ ബ്രിട്ടനിലെ ബര്‍മിംഗ്ഹാം സര്‍വകലാശാലയിലും ജര്‍മനിയിലെ ടൂബിങ്ങന്‍ സര്‍വകലാശാലയിലും സൂക്ഷിച്ചിട്ടുണ്ട്.
ശൈഖ് സുല്‍ത്താന്‍ സ്വന്തം ചെലവില്‍ ഈ ഖുര്‍ആന്‍െറ 1000 പ്രതികള്‍ അച്ചടിച്ചു ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള ഇസ്ലാമിക ഗവേഷണ കേന്ദ്രങ്ങള്‍ക്ക് സമ്മാനിക്കുകയുണ്ടായി.
എങ്കിലും ഈ ഖുര്‍ആന്‍ പ്രതി ഖലീഫ ഉസ്മാന്‍െറ കാലഘട്ടത്തിലേതാണെന്ന കാര്യത്തില്‍ തനിക്ക് സംശയമുണ്ടെന്ന് ഗവേഷകന്‍ കൂടിയായ ശൈഖ് സുല്‍ത്താന്‍ പറയുന്നു. ഈ പ്രതിയില്‍ പുള്ളികളുള്ള അക്ഷരങ്ങളാണ് കാണുന്നത്. ഖലീഫ ഉസ്മാന്‍െറ കാലത്ത് അക്ഷരങ്ങള്‍ക്ക് പുള്ളിയിടുന്ന സമ്പ്രദായം തുടങ്ങിയിരുന്നില്ല. അതു പോലെ ഓരോ അധ്യായങ്ങളും വര്‍ണങ്ങള്‍ കൊണ്ട് വേര്‍തിരിച്ചിരിക്കുന്നതും ഇതിന് തെളിവാണ്.
ശൈഖ് സുല്‍ത്താന്‍ നല്‍കുന്ന അമൂല്യ ശേഖരം സൂക്ഷിക്കാനായി അല്‍ ഖാസിമി സര്‍വകലാശാല പ്രത്യേകം കെട്ടിടം നിര്‍മിച്ചിട്ടുണ്ട്്. കെട്ടിടം അടുത്ത അധ്യയന വര്‍ഷം ഉദ്ഘാടനം ചെയ്യുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ‘മാനുസ്ക്രിപ്റ്റ് ഹൗസ്’ കെട്ടിടം ശൈഖ് സുല്‍ത്താന്‍ സന്ദര്‍ശിച്ചു.
ശൈഖ് സുല്‍ത്താന്‍റെ നിര്‍ദേശ പ്രകാരം സാംസ്കാരികവും ചിന്താപരവുമായ വികസന പദ്ധതികളുടെ ഭാഗമായി നിര്‍മിക്കുന്ന ഈ ഭവനം സര്‍വകലാശാല വിദ്യാര്‍തഥികള്‍ക്കും വിജ്ഞാന കുതുകികള്‍ക്കും പൊതു സമൂഹത്തിനും ഗവേഷണ വൈജ്ഞാനിക പ്രവര്‍ത്തനങ്ങള്‍ക്ക് ഏറെ സഹായകരമാകും.
3600 ചതുരശ്ര മീറ്ററില്‍ രണ്ട് നിലയിലായി പണിത കെട്ടിടത്തില്‍ മാനുസ്ക്രിപ്റ്റ് സൂക്ഷിച്ചു വെക്കാന്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള സൗകര്യമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.