അല്‍ ജലീല ഫൗണ്ടേഷന് കെഫ് ഹോള്‍ഡിങ്സ് ഒരു കോടി ദിര്‍ഹം നല്‍കി
text_fieldsദുബൈ: യു.എ.ഇ ആസ്ഥാനമായ കെഫ് ഹോള്‍ഡിങ്സ് ആരോഗ്യ ചികിത്സാ രംഗത്ത് സമൂലമായ മാറ്റം വരുത്താന്‍ ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന ജീവകാരുണ്യ സംഘടനയായ ദുബൈയിലെ അല്‍ ജലീല ഫൗണ്ടേഷന് ഒരു കോടി ദിര്‍ഹം സംഭാവന നല്‍കി. ആരോഗ്യ ക്ഷേമ രംഗങ്ങളില്‍ ജലീല ഫൗണ്ടേഷന്‍െറ നേതൃത്വത്തില്‍ നടക്കുന്ന ഗവേഷണങ്ങള്‍ക്കാണ് ഈ തുക വിനിയോഗിക്കുക. ആഗോള ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ ഫൗണ്ടേഷന് കെഫ് ഹോള്‍ഡിങ്ങിന്‍െറ സഹകരണം ഏറെ ഗുണം ചെയ്യുമെന്ന് കെഫ് ചെയര്‍മാന്‍ കെ.ഇ. ഫൈസല്‍ കൊട്ടിക്കൊള്ളന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
അര്‍ബുദം, അമിതഭാരം, ഹൃദ്രോഗം, പ്രമേഹം, മാനസികാരോഗ്യം തുടങ്ങിയ മേഖലകളില്‍ ഗവേഷണത്തിനാണ് ജലീല ഫൗണ്ടേഷന് കെഫ് ഹോള്‍ഡിങ്സ് പിന്തുണ നല്‍കുക. പരസ്പരം സഹകരിക്കാനും ആരോഗ്യ ക്ഷേമ മേഖലയില്‍ പുതിയ മാറ്റങ്ങള്‍ക്ക് തുടക്കമിടാനും ഇരുകൂട്ടര്‍ക്കും ഇതുവഴി സാധിക്കും. അല്‍ ജലീല ഫൗണ്ടേഷനും ഫൈസല്‍ ആന്‍ഡ് ഷബാന ഫൗണ്ടേഷനും ജീവകാരുണ്യ മേഖലയിലും മെഡിക്കല്‍ വിദ്യാഭ്യാസ ഗവേഷണ മേഖലയിലും പങ്കാളികളാവാനും ധാരണയുണ്ടാക്കിയതായി കെഫ്ഹോള്‍ഡിങ്സ് വൈസ് ചെയര്‍പേഴ്സണ്‍ ശബാന ഫൈസല്‍ പറഞ്ഞു. യു.എ.ഇയിലെ ആദ്യത്തെ സ്വതന്ത്ര ബഹുമുഖ വൈദ്യ ഗവേഷണ കേന്ദ്രമാണിത്.
അടിസ്ഥാന സൗകര്യം, ആരോഗ്യം, വിദ്യഭ്യാസം, കൃഷി, നിക്ഷേപം തുടങ്ങിയ മേഖലകളിലാണ് കെഫ് ഹോള്‍ഡിങ്സ് പ്രവര്‍ത്തിക്കുന്നത്. കോഴിക്കോട് നടക്കാവ് സര്‍ക്കാര്‍ സ്കൂള്‍ ഏറ്റെടുത്ത് അന്താരാഷ്ട്ര നിലവാരത്തില്‍ നവീകരിക്കുക വഴി സാമൂഹിക മേഖലയില്‍ പുതിയ മാതൃകക്ക് തുടക്കമിടാന്‍ കഴിഞ്ഞതായി ഫൈസല്‍ പറഞ്ഞു. ഇതേ മാതൃകയില്‍ കേരളത്തില്‍ 100 സ്കൂളുകള്‍ നവീകരിക്കുന്ന പദ്ധതി തുടങ്ങിക്കഴിഞ്ഞു. ഫാക്ടറിയില്‍ തയാറാക്കിയ കെട്ടിട ഭാഗങ്ങള്‍ നിര്‍മാണസ്ഥലത്ത് കൂട്ടിയോജിപ്പിക്കുന്ന നിര്‍മാണരീതിയുടെ ഇന്ത്യയിലെ പ്രചാരകരാണ് കെഫ് ഹോള്‍ഡിങ്സ്. ഇതിനായി തമിഴ്നാട്ടിലെ കൃഷ്ണഗിരി വ്യാവസായിക ഉദ്യാനത്തില്‍ 650 കോടിയുടെ ഫാക്ടറി നിര്‍മാണം പൂര്‍ത്തിയായി. അഞ്ചു ഫാക്ടറികള്‍ കൂടി ഉടന്‍ സ്ഥാപിക്കും. ദുബൈ ജബല്‍അലിയില്‍ നിര്‍മാണം പുരോഗമിക്കുന്ന ഫാക്ടറി അടുത്ത ജൂണില്‍ പൂര്‍ത്തിയാകും. കോഴിക്കോട്ട് ഇതേ രീതിയില്‍ സ്പെഷ്യാലിറ്റി ആശുപത്രി നിര്‍മിച്ചുകൊണ്ടിരിക്കുകയാണ്. അടുത്ത വര്‍ഷം ഇത് ഉദ്ഘാടനം ചെയ്യും. ഇന്ത്യയിലെ ഭവനരഹിതര്‍ക്കായി അഞ്ചു ലക്ഷം രൂപ മാത്രം ചെലവ് വരുന്ന വീട് നിര്‍മിച്ചുനല്‍കുന്ന പദ്ധതി പ്രാരംഭ ഘട്ടത്തിലാണ്. പ്രമുഖ ആര്‍കിടെക്ട് ഹാഫിസ് കോണ്‍ട്രാക്ടറിന്‍െറ നേതൃത്വത്തില്‍ മുംബൈയിലാണ് ഇതിന് തുടക്കം കുറിക്കുക. ഈ ഫാക്ടറി നിര്‍മിത വീടുകള്‍ പത്തു നിലയില്‍ വരെ പണിയാനാകും. ദിവസം 30 അപാര്‍ട്മെന്‍റുകള്‍ ഇങ്ങിനെ സ്ഥാപിക്കാം. നടക്കാവ് മോഡലില്‍ രാജ്യം മുഴുവനുമുള്ള സ്കൂളുകള്‍ പുതുക്കിപണിയാനും പരിപാടിയുണ്ടെന്ന് ഫൈസലും ഷബാനയും അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.