ദുബൈ ബുര്‍ജ് ഖലീഫക്ക് സമീപം വന്‍ തീപിടിത്തം
text_fieldsദുബൈ: ആകാശത്ത് വര്‍ണം വിതറുന്ന പ്രഭാവളയങ്ങള്‍ കാണാന്‍ കാത്തിരുന്ന ജനക്കൂട്ടത്തിന് കാണാന്‍ സാധിച്ചത് അഗ്നിയുടെ താണ്ഡവം. ആഘോഷാരവങ്ങള്‍ക്ക് സന്തോഷപുര്‍വം വന്നവര്‍ പരിഭ്രാന്തിയുടെ ആഴക്കടലിലേക്ക് വീണത് രാത്രി ഒമ്പതരയോടെയായിരുന്നു. ബുര്‍ജ് ഖലീഫയില്‍ നിന്ന് ഏറെ അകലെയല്ലാതെ ഡൗണ്‍ടൗണില്‍ ഒറ്റപ്പെട്ടു ആകാശത്തേക്ക് വളര്‍ന്നു നില്‍ക്കുന്ന പ്രമുഖമായ ‘ദ അഡ്രസ് ഹോട്ടലിനെ ഒരുവശം മുഴുവന്‍ തീ വിഴുങ്ങാന്‍ അധികം നേരം വേണ്ടിവന്നില്ല.
20 ാം നിലയുടെ പുറത്തു നിന്നാണ് തീ ആദ്യം ആളിയതെന്നാണ് ഒൗദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചത്. പുക ഉയര്‍ന്നയുടന്‍ അലാറം മുഴങ്ങിയതിനാല്‍ ഹോട്ടലിനകത്തുള്ളവര്‍ പെട്ടെന്ന് പുറത്തേക്ക് ഓടി. പുതുവല്‍സര ആഘോഷങ്ങളുടെ മുന്നൊരുക്കങ്ങള്‍ക്കായി പൊലീസും സിവില്‍ ഡിഫന്‍സും സമീപത്തു തന്നെയുണ്ടായതും രക്ഷാപ്രവര്‍ത്തനം എളുപ്പമാക്കി.
സമീപത്ത് വലിയ കെട്ടിടങ്ങള്‍ ഇല്ലാത്തത് സിവില്‍ ഡിഫന്‍സിന് തലവേദന കുറച്ചു. ഹോട്ടലിലെയും സമീപ പ്രദേശത്ത് തടിച്ചു കൂടിയവരെയും ഒഴുപ്പിക്കാനാണ് അധികൃതര്‍ ആദ്യം ശ്രമിച്ചത്. അതേസമയം, തന്നെ തീയണക്കാനുള്ള ശ്രമവും ഊര്‍ജിതമായി. എങ്കിലൂം തീ വളരെപെട്ടെന്ന് താഴേക്കും മുകളിലേക്കും പടര്‍ന്നതോടെ ഹോട്ടല്‍ മുഴുവന്‍ കത്തുന്ന പ്രതീതിയായി. അധികം വൈകാതെ ഹെലികോപ്റ്ററുകളും ഡ്രോണുകളും രംഗത്തെത്തി. ഹോട്ടലിന്‍െറ മുകള്‍ത്തട്ടിലും മറ്റും ആളുകളെ കണ്ടെത്താന്‍ ഡ്രോണുകളം രംഗത്തുണ്ടായിരുന്നെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. 63 നിലയുള്ള പഞ്ചനക്ഷത്ര ഹോട്ടലിന്‍െറ ഉയരം 302 മീറ്ററാണ്.
തീപ്പിടത്തത്തില്‍ 16 പേര്‍ക്ക് പരിക്കേറ്റതായാണ് രാത്രി 12 മണിയോടെ അധികാരികള്‍ അറിയിച്ചത്. തിരക്കിലും പുകയിലും പെട്ട് ഒരാള്‍ക്ക് ഹൃദയാഘാതമുണ്ടായതായും അസ്വസ്ഥത അനുഭവപ്പെട്ട എല്ലാവര്‍ക്കും ആവശ്യമായ വൈദ്യസഹായം നല്‍കിയതായും ദുബൈ മീഡിയ ഓഫീസ് ട്വീറ്റ് ചെയ്തു. അപകടത്തിന്‍െറ കാരണം എന്താണെന്ന് അറിവായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
