അബുഷഹാറയില്‍ നിന്ന് വാഹനങ്ങള്‍ നീക്കാന്‍ നഗരസഭയുടെ താക്കീത്
text_fieldsഷാര്‍ജ: ഷാര്‍ജയിലെ പ്രധാന ജനവാസ മേഖലയും ഉപയോഗിച്ച കാറുകളുടെ പഴയ വിപണിയുമായ അബുഷഹാറയില്‍ വില്‍പ്പനക്ക് വെച്ച നൂറുകണക്കിന് ഉപയോഗിച്ച കാറുകള്‍ 48 മണിക്കൂറിനുള്ളില്‍ നീക്കം ചെയ്യാന്‍ നഗരസഭ താക്കീത് നല്‍കി. സെപ്റ്റംബറില്‍ തന്നെ ഇതുമായി ബന്ധപ്പെട്ട് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഡിസംബര്‍ തീരാന്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ നിരവധി വാഹനങ്ങളാണ് ഇവിടെ നിറുത്തിയിട്ടിരിക്കുന്നത്. ഇത് ഒരുകാരണവശാലും അനുവദിക്കില്ല എന്ന താക്കീതുമായിട്ടാണ് നഗരസഭ മുന്നോട്ട് വന്നിരിക്കുന്നത്.
15 കോടി ദിര്‍ഹം ചെലവഴിച്ച് ഷാര്‍ജ രാജ്യാന്തര വിമാനത്താവളത്തിന് സമീപത്തെ തസ്ജീല്‍ വില്ളേജ് നില്‍ക്കുന്ന റിഖ അല്‍ ഹംറയില്‍ നിര്‍മിച്ച ഉപയോഗിച്ച കാറുകളുടെ വിപണി ഇതിനകം പ്രവര്‍ത്തിച്ച് തുടങ്ങിയിട്ടുണ്ട്. എന്നാല്‍ പല കച്ചവടക്കാരും ഇങ്ങോട്ട് മാറിയിട്ടില്ല. അമിത വാടകയാണ് ചിലര്‍ മാറാതിരിക്കാനുള്ള കാരണമായി പറയുന്നത്. എന്നാല്‍ അബുഷഹാറയിലെ പഴയ വിപണി വിട്ടുപോരാനുള്ള വൈമനസ്യമാണ് കച്ചവടക്കാരെ ഇവിടെ തന്നെ പിടിച്ച് നിറുത്തുന്നത് എന്നാണ് പൊതുവേ പറഞ്ഞ് കേള്‍ക്കുന്നത്.
ഷാര്‍ജയിലെ ഏറ്റവും വലിയ ജനവാസ മേഖലയായ അബുഷഹാറയില്‍ വാഹനങ്ങള്‍ നിറുത്താന്‍ സ്ഥലമില്ലാതെ കഷ്ടപ്പെടുകയാണ് ഇവിടെ താമസിക്കുന്നവര്‍. ഉപയോഗിച്ച കാറുകളുടെ വിപണി ഇവിടെ നിന്ന് മാറ്റാനുള്ള കാരണവും ഇതാണ്. എന്നാല്‍ സമയപരിധി കഴിഞ്ഞിട്ടും വിപണി മാറാന്‍ കൂട്ടാക്കാത്തവരുടെ വാഹനങ്ങള്‍ നിശ്ചിത സമയത്തിനുള്ളില്‍ നീക്കം ചെയ്യാത്ത പക്ഷം നഗരസഭയുടെ യാര്‍ഡിലേക്ക് മാറ്റുമെന്നാണ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.