അല്‍ ദഫ്റയില്‍ പോകാം; വാഹനങ്ങളുടെ ചരിത്രവും അറിയാം
text_fieldsഅബൂദബി: ഒട്ടക സൗന്ദര്യ മത്സരത്തിന് പേരുകേട്ട അല്‍ ദഫ്റ മഹോത്സവത്തില്‍ പഴമയുടെ പെരുമകളുമായി ക്ളാസിക് വാഹനങ്ങളും സന്ദര്‍ശകരുടെ ശ്രദ്ധ ആകര്‍ഷിക്കുന്നു. നൂറ് വര്‍ഷത്തോളം പഴക്കമുള്ള വാഹനങ്ങള്‍ മുതല്‍ ശൈഖ് സായിദിന്‍െറ കാലത്ത് മരുഭൂമി മറികടക്കാന്‍ ഉപയോഗിച്ചിരുന്ന ഫോര്‍വീല്‍ വാഹനങ്ങളും ട്രക്കുകളും എല്ലാം ഇവിടെ കാണാം.
പശ്ചിമ മേഖലയിലെ മദീനാ സായിദില്‍ നടക്കുന്ന ഫെസ്റ്റിവെലില്‍ യു.എ.ഇയുടെ 44ാം ദേശീയ ദിനത്തിന്‍െറ ഭാഗമായി 44 ക്ളാസിക് കാറുകളാണ് സന്ദര്‍ശകര്‍ക്കായി ഒരുക്കിയിരിക്കുന്നത്. പഴയ കാലത്തെ കാറുകള്‍, ട്രക്കുകള്‍, ഫോര്‍വീല്‍ ഡ്രൈവ് വാഹനങ്ങള്‍ എന്നിവയെല്ലാം ഇവിടെ കാണാം. അബൂദബി ക്ളാസിക് കാര്‍ ക്ളബ് ആണ് പരമ്പരാഗത ചന്തക്ക് സമീപം പഴയകാല വാഹനങ്ങളുടെ പ്രദര്‍ശനം ഒരുക്കിയിരിക്കുന്നത്. ക്ളാസിക് കാര്‍ ക്ളബ് അംഗങ്ങള്‍ക്കൊപ്പം മറ്റുള്ളവരുടെയും വാഹനങ്ങള്‍ ഇവിടെയുണ്ട്.
ഓരോ വാഹനത്തിന് മുന്നിലും ഏത് വര്‍ഷം നിര്‍മിച്ചതാണ്, എന്‍ജിന്‍ ശക്തി, മോഡല്‍ എന്നിവയെല്ലാം രേഖപ്പെടുത്തിയിട്ടുണ്ട്. 1920കള്‍ മുതലുള്ള വാഹനങ്ങള്‍ ഇവിടെ കാണാന്‍ സാധിക്കും. ഇന്ന് ഓര്‍മ മാത്രമായ മരത്തിന്‍െറ മനോഹര സീറ്റുകളും ചക്രങ്ങളും ഉപയോഗിച്ച് നിര്‍മിച്ച വാഹനങ്ങളും പ്രദര്‍ശനത്തിനുണ്ട്.
1960കളില്‍ ശൈഖ് സായിദിന്‍െറ കാലത്ത് മരുഭൂമി മുറിച്ചുകടക്കുന്നതിന് ഉപയോഗിച്ചിരുന്ന ട്രക്കുകളുമുണ്ട്. ആയിരക്കണക്കിന് ദിര്‍ഹം ചെലവിട്ട് സംരക്ഷിക്കുന്ന വാഹനങ്ങളാണ് പ്രദര്‍ശനത്തിന് എത്തിച്ചിരിക്കുന്നത്. ഒട്ടകങ്ങളും ജലമാര്‍ഗങ്ങളും ഗതാഗതത്തിന് ഉപയോഗിച്ചിരുന്ന യു.എ.ഇയിലേക്ക് ആദ്യമായി കാറത്തെുന്നത് 1924ലാണ്. ഷാര്‍ജയിലാണ് രാജ്യത്ത് ആദ്യമായി മോട്ടോര്‍ വാഹനമത്തെിയത്. അബൂദബിയിലേക്ക് കാര്‍ എത്തുന്നതിന് വീണ്ടും പത്ത് വര്‍ഷമെടുത്തു. 1934ലാണ് അബൂദബിയില്‍ വാഹന ടയറിന്‍െറ സ്പര്‍ശം ഏല്‍ക്കുന്നത്. ഫോര്‍ഡിന്‍െറ വാഹനം ആണ് ആദ്യമായി അബൂദബിയിലത്തെിയതെന്നാണ് കരുതുന്നത്.
ജനങ്ങള്‍ ഇപ്പോള്‍ ക്ളാസിക് വാഹനങ്ങളുടെ മൂല്യം മനസ്സിലാക്കിയതായും ഇവ ശേഖരിക്കാനും സംരക്ഷിക്കാനും മുന്നോട്ടുവരുന്നുണ്ടെന്നും അബൂദബി ക്ളാസിക് കാര്‍ ക്ളബ് ജനറല്‍ മാനേജര്‍ റാശിദ് അല്‍ തമീമി പറഞ്ഞു. കൂടുതല്‍ പേരും രക്ഷകര്‍ത്താക്കളില്‍ നിന്നും മുത്തച്ഛന്‍മാരില്‍ നിന്നുമാണ് പഴയ വാഹനങ്ങള്‍ സ്വന്തമാക്കുന്നത്. ശൈഖുമാരുടെ കൈയില്‍ നിന്ന് സമ്മാനമായി ലഭിച്ചവയും ഉണ്ട്. ചിലര്‍ ശൈഖുമാരുടെ കൈയില്‍ നിന്ന് കാറുകള്‍ വാങ്ങിയിട്ടുമുണ്ട്. അറ്റകുറ്റപ്പണികളും സംരക്ഷണവുമാണ് ക്ളാസിക് കാര്‍ സൂക്ഷിപ്പുകാര്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്ന് റാശിദ് അല്‍ തമീമി പറയുന്നു. മികച്ച വര്‍ക്ഷോപ്പുകള്‍ എണ്ണത്തില്‍ കുറവായതും ഉള്ളവ വളരെ ദൂരത്തിലായതും പ്രയാസം സൃഷ്ടിക്കുന്നുണ്ട്. എന്നാല്‍, ഇത്തരം വെല്ലുവിളികള്‍ മറികടന്നും നിരവധി പേര്‍ ക്ളാസിക് വാഹനങ്ങള്‍ സ്വന്തമാക്കാനും സംരക്ഷിക്കാനും മുന്നോട്ടുവരുന്നുണ്ട്.
ഏറ്റവും മികച്ച ആദ്യ മൂന്ന് കാറുകള്‍ക്ക് 10000, 7500,5000 ദിര്‍ഹം വീതമാണ് സമ്മാനം ലഭിക്കുക. ഏറ്റവും ആഡംബര കാറിനും വലിയ ക്ളാസിക് കാറിനും ചെറിയ ക്ളാസിക് കാറിനും അടക്കം സമ്മാനങ്ങള്‍ നല്‍കുന്നുണ്ട്. 12 വിഭാഗങ്ങളിലായാണ് ക്ളാസിക് കാറുകള്‍ക്ക് പുരസ്കാരം നല്‍കുക. അല്‍ദഫ്റ ഫെസ്റ്റിന്‍െറ സമാപന ദിവസമായ ഡിസംബര്‍ 30ന് സമ്മാന ദാനം നടക്കും. അല്‍ ദഫ്റയില്‍ ജി.സി.സി രാജ്യങ്ങളില്‍ നിന്നായി 35000 ഒട്ടകങ്ങളാണ് സൗന്ദര്യ മത്സരങ്ങളില്‍ പങ്കെടുക്കാന്‍ എത്തിയിട്ടുള്ളത്. ഒട്ടക ചന്തയും സജീവമാണ്. ഫെസ്റ്റിവെല്‍ സമാപനത്തിന് രണ്ട് ദിവസം മാത്രം ശേഷിക്കെ സന്ദര്‍ശകരുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
