ദുബൈ അന്താരാഷ്ട്ര കായിക സമ്മേളനത്തിന് തുടക്കം
text_fieldsദുബൈ: കാല്‍പന്തിന്‍െറ വര്‍ത്തമാനവും ഭാവിയും ചര്‍ച്ച ചെയ്യുന്ന വേദിയില്‍ ലോക ഫുട്ബാള്‍ ഫെഡറേഷന്‍ (ഫിഫ) വിഷയമാകുന്നത് സ്വാഭാവികമാണെങ്കിലും പത്താമത് ദുബൈ അന്താരാഷ്ട്ര കായിക സമ്മേളനത്തില്‍ അതിന് മറ്റൊരു കാരണം കൂടിയുണ്ടായിരുന്നു. മദീനത്തുജുമൈറ ഹോട്ടലില്‍ ഞായറാഴ്ച തുടക്കം കുറിച്ച സമ്മേളനത്തിന്‍െറ ഉദ്ഘാടന സെഷനില്‍ ചര്‍ച്ചാപാനലിലെ രണ്ടു പേര്‍ അടുത്ത ഫെബ്രുവരിയില്‍ നടക്കുന്ന ഫിഫ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിലേക്ക് മത്സരിക്കുന്നവരായിരുന്നു. ജോര്‍ദാന്‍ ഫുട്ബാള്‍ അസോസിയേഷന്‍ പ്രസിഡന്‍റും ജോര്‍ദാന്‍ രാജകുമാരനുമായ പ്രിന്‍സ് അലി ബിന്‍ ഹുസൈനും യുവേഫ സെക്രട്ടറി ജനറല്‍ ജിയാനി ഇന്‍ഫാന്‍റിനോയും.
കേള്‍വിക്കാരായി മുന്‍ നിരയിലിരുന്നതാകട്ടെ യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമും ലോകതാരം ലയണല്‍ മെസ്സിയും ദുബൈ ഉപഭരണാധികാരി ശൈഖ് മക്തൂം ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമും ദുബൈ രാജകുമാരന്‍ ശൈഖ് അഹ്മദ് ബിന്‍ മുഹമ്മദും ഉള്‍പ്പെടെയുള്ളവരും. അതുകൊണ്ടു തന്നെ ലോക ഫുട്ബാളിനെ നയിക്കുന്നവരും നയിക്കാനിരിക്കുന്നവരും ചേര്‍ന്ന സമ്മേളനം പ്രൗഡ ഗംഭീരമായി.
ഫുട്ബാളിന്‍െറ ഭാവി വെല്ലുവിളികള്‍ എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയില്‍ ലോകത്ത് ഏറ്റവും കൂടുതല്‍ ആരാധകരുള്ള ഫുട്ബാള്‍ ക്ളബ്ബായ എഫ്.സി.ബാഴ്സലോണയുടെ പ്രസിഡന്‍റ് ജോസഫ് മരിയ ബാര്‍ത്തോമയായും സംബന്ധിച്ചു. ഇറ്റാലിയന്‍ ക്ളബ്ബ് എ.സി മിലാന്‍െറ മാനേജ്മെന്‍റ് നിരയിലെ പ്രമുഖനും യുറോപ്യന്‍ ക്ളബ്ബ് അസോസിയേഷന്‍ വൈസ് പ്രസിഡന്‍റുമായ ഉംബെര്‍ട്ടോ ഗന്‍ഡീനിയായിരുന്നു മോഡറേറ്റര്‍.
‘ഫിഫ‘യെ രക്ഷിക്കാനുള്ള ഏറ്റവും മികച്ച അവസരമാണിതെന്നും സംഘടനയെ നന്നാക്കാനുള്ള നിര്‍ദേശങ്ങള്‍ ധാരാളമുണ്ടെങ്കിലൂം നടപ്പാക്കാന്‍ പറ്റിയ നേതൃത്വമില്ലാത്തതാണ് പ്രശ്നമമെന്നും പ്രിന്‍സ് അലി പറഞ്ഞു. വളരെ നിര്‍ണായകമായ ഘട്ടത്തിലൂടെയാണ് ഫിഫ കടന്നു പോകുന്നത്. ഫുട്ബാള്‍ എന്ന കളിയെ ഇനിയും ഉയരങ്ങളിലത്തെിക്കേണ്ടതുണ്ട്. ഭരണനിര്‍വഹണം സുതാര്യമാക്കണം. യോഗങ്ങള്‍ക്ക് മിനിറ്റ്സ് വേണം. ഫിഫയിലെ മുഴുവന്‍ ഉദ്യോഗസ്ഥരുടെയും ശമ്പളവും ആനുകൂല്യങ്ങളും മുന്‍കൂട്ടി നിശ്ചയിക്കണം. ലോകകപ്പിനെ ഇനിയും വികസിപ്പിക്കണം. കുടുതല്‍ ടീമുകള്‍ക്ക് അവസരം നല്‍കണം. ഫിഫക്ക് മേഖലാ ഓഫീസുകള്‍ ലോകമെങ്ങും വേണം. കളിയുടെ പുരോഗതി സംബന്ധിച്ച് ദേശീയ അസോസിയേഷനുകളുടെ അഭിപ്രായം ആരായണം. എന്നാലേ ജനാധിപത്യസംഘടനയായി ഫിഫയെ മാറ്റാനാകൂ. പ്രസിഡന്‍റ് പദവിയിലേക്ക് പിന്തുണയുമായി താന്‍ വിവിധ രാജ്യങ്ങളിലെ ഫുട്ബാള്‍ അസോസിയേഷന്‍ ഭാരവാഹികളുമായി സംസാരിക്കുമ്പോള്‍ ഫിഫയുടെ സല്‍പ്പേര് കളങ്കപ്പെടുന്നതിലായിരുന്നു എല്ലാവരുടെയും ആശങ്ക. യുറോപ്പിന് പുറത്തും ഫുട്ബാളുണ്ട്. പക്ഷെ അവ കൂടതല്‍ പ്രഫഷണലാക്കാന്‍ അവിടെ നിന്നുള്ള പരിശീലകര്‍ക്ക് യൂറോപ്പില്‍ പരിശീലനം നല്‍കണം.-പ്രിന്‍സ് അലി പറഞ്ഞു.

ഫിഫയുടെ പ്രതിച്ഛായയും പ്രവര്‍ത്തനവും മെച്ചപ്പെടുത്തണമെന്ന നിലപാട് തന്നെയായിരുന്നു ജിയാനി ഇന്‍ഫാന്‍റിനോക്കും. ഫിഫയിലേക്ക് ഫുട്ബാളിനെ തിരിച്ചുകൊണ്ടുവരികയാണ് മുഖ്യമായി ചെയ്യേണ്ടത്. ജനാധിപത്യവും സുതാര്യതയും ഇതിന് അനിവാര്യമാണ്. തീരുമാനങ്ങള്‍ ഏതെങ്കിലൂം കുറച്ചുപേര്‍ കൂടിയിരുന്ന് എടുത്താല്‍ പോര. എല്ലാവര്‍ക്കും അതില്‍ പങ്കാളിത്തം നല്‍കണം. കളിയുടെ വളര്‍ച്ചക്ക് കൂടുതല്‍ നിക്ഷേപം നടത്തണം. പണത്തിന് ഫിഫക്ക് ബുദ്ധിമുട്ടില്ളെങ്കിലും അത് ശരിയായ രീതിയില്‍ വിനിയോഗിക്കാന്‍ സാധിക്കണമെന്ന് ജിയാനി പറഞ്ഞു.
ഫുട്ബാളിന്‍െറ വളര്‍ച്ചയില്‍ ക്ളബ്ബുകള്‍ വഹിക്കുന്ന പങ്ക് തിരിച്ചറിഞ്ഞ് അവര്‍ക്ക് പ്രാധാന്യം നല്‍കണമെന്നായിരുന്നു ബാഴ്സലോണ പ്രസിഡന്‍റ് ജോസഫ് മരിയ ബാര്‍ത്തോമക്ക് പറയാനുണ്ടായിരുന്നത്. ബാഴ്സലോണ ക്ളബ്ബിന്‍െറ വിജയത്തില്‍ യൊഹാന്‍ ക്രൈഫ് മുതല്‍ റൊണാള്‍ഡിഞ്ഞോയും ലയണല്‍ മെസ്സിയും വരെയുള്ള സൂപ്പര്‍ താരങ്ങളുടെ പങ്ക് അദ്ദേഹം വിശദീകരിച്ചു. 20 കോടി ജനങ്ങളാണ് ക്ളബ്ബിനെ സാമൂഹിക മാധ്യമങ്ങളില്‍ പിന്തുടരുന്നത്. യുവതലമുറയെ ലക്ഷ്യമിട്ട് അവര്‍ക്ക് മികച്ച പരിശീലന സൗകര്യമൊരുക്കുന്നതാണ് ബാഴ്സലോണയുടെ തന്ത്രം. നല്ല കളിക്കാര്‍ അവിടെ വളര്‍ന്നുകൊണ്ടേയിരിക്കുന്നു. യൂറോപ്പില്‍ കളി കൂടുതല്‍ പ്രഫഷണലായിക്കൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.ചര്‍ച്ച തുടങ്ങിയ ശേഷമാണ് ശൈഖ് മുഹമ്മദും ലയണല്‍ മെസ്സിയും ഹാളിലത്തെിയത്.
പ്രഫഷണല്‍ ക്ളബ്ബ് മാനേജ്മെന്‍റ്, റഫറീസ് ഇന്‍ ഫുട്ബാള്‍ എന്നീ വിഷയങ്ങളില്‍ ശില്പശാലകളും ഇന്നലെ നടന്നു. രണ്ടു ദിവസത്തെ സമ്മേളനം ഇന്ന് സമാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
