ഷാര്‍ജയിലെ ഭൂഗര്‍ഭ നടപാതകള്‍ മോടികൂട്ടും
text_fieldsഷാര്‍ജ: അല്‍ വഹ്ദ റോഡിലെ ഭൂഗര്‍ഭ നടപാതകള്‍ മോടികൂട്ടാന്‍ ഗതാഗത വിഭാഗം ഒരുങ്ങുന്നു. 2016 മാര്‍ച്ചില്‍ മോടികൂട്ടല്‍ പൂര്‍ത്തിയാകുമെന്ന് ഗതാഗത വിഭാഗം ഡയറക്ടര്‍ എന്‍ജിനിയര്‍ സുലൈമാന്‍ ആല്‍ ഹജിരി പറഞ്ഞു. 23 ലക്ഷം ദിര്‍ഹമാണ് പദ്ധതി വിഹിതം. ദീര്‍ഘകാലം ഈട് നില്‍ക്കുന്ന ടൈല്‍സുകള്‍ കൊണ്ടാണ് ചുമരും നിലവും ഒരുക്കുക. ഇവക്ക് മനോഹാരിത കൂട്ടാന്‍ വര്‍ണ ചിത്രങ്ങളുണ്ടാകും.
യാത്രക്കാരുടെ സുരക്ഷ ഉറപ്പ് വരുത്താന്‍ സി.സി ടിവി കാമറകള്‍ സ്ഥാപിക്കും. എല്‍.ഇ.ഡി ലൈറ്റുകളാണ് ഭൂഗര്‍ഭ വീഥിയില്‍ വെളിച്ചം പകരുക. നിര്‍മാണ കാലയളവില്‍ ഇത് വഴിയുള്ള യാത്ര മുടക്കില്ല. പാത രണ്ടായി തിരിച്ച് ഒരു വശം നടന്ന് പോകാനും മറുവശം മോടി കൂട്ടല്‍ ജോലിക്കുമായി ഉപയോഗിക്കും. ഇതിനായി താത്ക്കാലിക മതില്‍ സ്ഥാപിക്കും. യു.എ.ഇയിലെ തന്നെ ഏറ്റവും പഴക്കം ചെന്ന ഭൂഗര്‍ഭ നടപാതകളാണ് അല്‍ വഹ്ദയിലുള്ളത്. പഴക്കം കൊണ്ട് ആകെ മങ്ങിയ നിലയിലാണ് ഇവ ഇപ്പോള്‍. പോരാത്തതിന് പരസ്യങ്ങള്‍ ഒട്ടിച്ചും മുറുക്കി തുപ്പിയും യാത്രക്കാര്‍ ഇതിനകം വൃത്തിഹീനമാക്കുന്നതും പതിവാണ്. നഗരസഭയിലെ ശുചികരണ ജോലിക്കാര്‍ ദിനം പ്രതി ഇതിനകം വൃത്തിയാക്കുന്നത് കൊണ്ടാണ് യാത്രക്കാര്‍ക്ക് പ്രയാസം നേരിടാത്തത്.
സുരക്ഷ കാമറകള്‍ സ്ഥാപിക്കുന്നതോടെ സാമൂഹിക ദ്രോഹികളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തടയിടാനാകും. എന്നാല്‍ സഫീര്‍ മാള്‍ മുതല്‍ അന്‍സാര്‍ മാള്‍ വരെയുള്ള ഭാഗങ്ങളില്‍ നടപ്പാലങ്ങളും ഭൂഗര്‍ഭ പാതയും ഇല്ലാത്തത് കാരണം വലിയ പ്രയാസത്തിലാണ് ഇവിടെയുള്ളവര്‍.
സദാ വാഹനങ്ങള്‍ ഇരമ്പി പായുന്ന അല്‍ ഇത്തിഹാദ് റോഡ് മുറിച്ച് കടന്ന് വേണം അങ്ങോട്ടും ഇങ്ങോട്ടും പോകാന്‍. ഇതാകട്ടെ വലിയ അപകടങ്ങള്‍ക്ക് കാരണമാകുന്നു. നിരവധി പേരാണ് റോഡ് മുറിച്ച് കടക്കുമ്പോള്‍ മരണപ്പെട്ടത്.