വ്യാപാര സൗഹൃദ രാജ്യങ്ങള്‍: അറബ് മേഖലയില്‍ ഒന്നാം സ്ഥാനത്ത് യു.എ.ഇ
text_fieldsഅബൂദബി: വ്യാപാരത്തിന് ഏറ്റവും അനുയോജ്യമായ രാജ്യങ്ങളുടെ പട്ടികയില്‍ അറബ് ലോകത്ത് യു.എ.ഇക്ക് ഒന്നാം സ്ഥാനം. ലോക തലത്തില്‍ 40ാം സ്ഥാനവും യു.എ.ഇക്കാണ്. ഫോര്‍ബ്സ് മാസിക തയാറാക്കിയ പട്ടികയിലാണ് യു.എ.ഇ മികച്ച നേട്ടം കൊയ്തത്. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് ഈ വര്‍ഷം യു.എ.ഇ വ്യാപാര സൗഹൃദത്തില്‍ മികച്ച നേട്ടം കൈവരിക്കുകയും ചെയ്തു. അറബ് മേഖലയില്‍ ഖത്തര്‍ രണ്ടും ജോര്‍ഡന്‍ മൂന്നും മൊറോക്കോ നാലും സ്ഥാനങ്ങളിലാണ്. വടക്കന്‍ ആഫ്രിക്കന്‍ മേഖലയില്‍ മൊറോക്കോയാണ് ഒന്നാം സ്ഥാനത്ത്. ലോകതലത്തില്‍ ഖത്തര്‍ (48), ജോര്‍ഡന്‍ (60), ബഹ്റൈന്‍ (70), സൗദി അറേബ്യ (74), കുവൈത്ത് (76), ഒമാന്‍ (77), ഈജിപ്ത് (117) എന്നിങ്ങനെയാണ് അറബ് രാജ്യങ്ങളുടെ റാങ്കുകള്‍.
ലോക തലത്തില്‍ പട്ടികയില്‍ ഒന്നാമതത്തെിയത് ഡെന്‍മാര്‍ക്കാണ്. ആദ്യ അഞ്ച് സ്ഥാനങ്ങളും യൂറോപ്യന്‍ രാജ്യങ്ങള്‍ സ്വന്തമാക്കിയപ്പോള്‍ വ്യാപാര സൗഹൃദത്തില്‍ നാല് റാങ്കുകള്‍ പിന്നാക്കം പോയി അമേരിക്ക 22ാം സ്ഥാനത്താണുള്ളത്. സാമ്പത്തിക സ്വാതന്ത്ര്യം, അഴിമതി രഹിതം, ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വം ഇല്ലായ്മ തുടങ്ങിയവ പരിഗണിച്ച പട്ടികയില്‍ ഇന്ത്യ മോശം പ്രകടനമാണ് കാഴ്ചവെച്ചത്.
144 രാഷ്ട്രങ്ങളുള്ള പട്ടികയില്‍ ഇന്ത്യക്ക് 97ാം സ്ഥാനമാണുള്ളത്. ദാരിദ്ര്യം, അഴിമതി, അക്രമം, വിവേചനം, വൈദ്യുതി ക്ഷാമം, ഗതാഗത- കാര്‍ഷിക മേഖലകളിലെ അടിസ്ഥാന സൗകര്യമില്ലായ്മ തുടങ്ങിയ വെല്ലുവിളികള്‍ ഇന്ത്യ മറികടക്കേണ്ടതുണ്ടെന്ന് ഫോര്‍ബ്സ് പറയുന്നു. ജനസംഖ്യയില്‍ യുവജനങ്ങള്‍ക്കുള്ള മേധാവിത്വവും ആരോഗ്യ കരമായ നിക്ഷേപവും ഇന്ത്യയെ വളര്‍ച്ചയിലേക്ക് നയിക്കും. രാജ്യം തുറന്ന വിപണിയിലേക്ക് മാറിക്കൊണ്ടിരിക്കുകയാണെന്നും ഫോര്‍ബ്സ് മാസിക വ്യക്തമാക്കി. നിക്ഷേപകരുടെ സുരക്ഷയില്‍ ഇന്ത്യക്ക് എട്ടും കണ്ടുപിടിത്തങ്ങളുടെ മേഖലയില്‍ 41ഉം വ്യക്തി സ്വാതന്ത്ര്യത്തില്‍ 57ഉം സ്വത്തവകാശത്തില്‍ 61ഉം സ്ഥാനങ്ങള്‍ നേടാനായ ഇന്ത്യ വ്യാപാര സ്വാതന്ത്ര്യം, സാമ്പത്തിക സ്വാതന്ത്ര്യം, അഴിമതി, റെഡ് ടേപ്പിസം എന്നിവയിലാണ് മോശം പ്രകടനം കാഴ്ചവെച്ചത്. ഇന്ത്യയുടെ അയല്‍രാജ്യങ്ങളായ ശ്രീലങ്ക 91ഉം പാകിസ്താന്‍ 103ഉം ബംഗ്ളാദേശ് 121ഉം റാങ്കുകളാണ് നേടിയിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
