സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്ന് 3.4 കോടി ദിര്‍ഹം തട്ടിയെടുത്ത 41 പേര്‍ക്ക് തടവു ശിക്ഷ
text_fieldsഅജ്മാന്‍: ഷാര്‍ജയിലേയും അജ്മാനിലെയും രണ്ടു സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്ന് 3.4 കോടി ദിര്‍ഹം തട്ടിയെടുത്ത 41 പേര്‍ക്ക് അജ്മാന്‍ ക്രിമിനല്‍ കോടതി വ്യത്യസ്ത ശിക്ഷ വിധിച്ചു. പ്രതികള്‍ക്ക് അഞ്ചു വര്‍ഷം മുതല്‍ 15 വര്‍ഷം വരെയ തടവും 60,000 ദിര്‍ഹം പിഴയുമാണ് ശിക്ഷ വിധിച്ചത്. തട്ടിപ്പിന് ഇവരെ സഹായിച്ച കമ്പനികളുടെ അക്കൗണ്ടുകളിലുള്ള പണം കണ്ടു കെട്ടാനും കോടതി ഉത്തരവിട്ടു. സ്ത്രീകളും അടങ്ങുന്ന 41 അംഗ സംഘത്തിലെ എല്ലാവരും ഒരു അറബ് രാജ്യത്തെ പൗരന്മാരാണ്.
ഒരു വര്‍ഷത്തിനിടെ പല പ്രാവശ്യമായി പ്രതികള്‍ നടത്തിയ തട്ടിപ്പ് യാദൃശ്ചികമായാണ് കണ്ടുപിടിച്ചത്. അജ്മാനിലെ സര്‍ക്കാര്‍ സ്ഥാപനത്തിന്‍െറ ബാങ്ക് സ്റ്റേറ്റ്മെന്‍റ് പരിശോധിച്ചപ്പോഴാണ് തട്ടിപ്പ് ശ്രദ്ധയില്‍ പെട്ടത്. ഈ സ്ഥാപനവുമായി ബന്ധമില്ലാത്ത കമ്പനികളുടെയും വ്യക്തികളുടെയും പേരില്‍ വലിയ സംഖ്യകള്‍ സ്ഥാപനത്തിന്‍െറ അക്കൗണ്ടില്‍ നിന്ന് പിന്‍വലിച്ചതിനെക്കുറിച്ചുള്ള അന്വേഷണത്തിനൊടുവിലാണ് പ്രതികള്‍ പിടിക്കപ്പെട്ടത്.
സ്ഥാപനത്തിന്‍െറ അറിവില്ലാതെ അക്കൗണ്ടില്‍ നിന്ന് വിവിധ ബാങ്കുകളിലൂടെ ഒരു വര്‍ഷത്തിനിടെ പണം പിന്‍വലിച്ചത് ശ്രദ്ധയില്‍പെട്ടതായി സ്ഥാപന മേധാവി അജ്മാന്‍ പ്രോസിക്യൂഷന്‍ മേധാവിക്ക് പരാതി നല്‍കുകയായിരുന്നു.
ഇങ്ങിനെ പിന്‍വലിച്ച തുകകളില്‍ ഏറ്റവും കുറഞ്ഞ തുക 20 ലക്ഷം ദിര്‍ഹമായിരുന്നു. അന്വേഷണം വ്യാപിച്ചതോടെ പണം തട്ടിയെടുത്ത കമ്പനികളുടെ വിവരങ്ങള്‍ കണ്ടത്തെി. തുടര്‍ന്ന് പ്രതികള്‍ 41 പേരെയും കസ്റ്റഡിലെടുത്തു. യു.എ.ഇയുടെ വിവിധ എമിറേറ്റുകളില്‍ വസിക്കുന്ന ഒരേ രാജ്യക്കാരായ ഇവര്‍ക്ക് പരസ്പരം ബന്ധമുണ്ടെന്നും കണ്ടത്തെി.
ഒരു അറബ് രാജ്യത്ത് വെച്ചാണ് വ്യാജ ചെക്കുകള്‍ തയാറാക്കിയത്. സര്‍ക്കാര്‍ സ്ഥാപനത്തിലെ അംഗീകൃത ഒപ്പിന്‍െറ മാതൃക പ്രസ്തുത രാജ്യത്തെ ചിലര്‍ക്ക് അയച്ചു കൊടുക്കുകയായിരുന്നു. സമാന ചെക്കുകള്‍ അവിടെ നിന്ന് അച്ചടിച്ച് സ്പീഡ് പോസ്റ്റ് മുഖേന പ്രതികള്‍ക്ക് അയച്ചു കൊടുക്കുകയായിരുന്നു.
വിശദമായ അന്വേഷണത്തില്‍ ഇതേ പ്രതികള്‍ തന്നെ ചെക്കുകളില്‍ മാറ്റം വരുത്തി ഷാര്‍ജയിലെ ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ നിന്നും പണം തട്ടിയെടുത്തതായും തെളിഞ്ഞു. മെയിന്‍റനന്‍സ്, കോണ്ട്രാക്റ്റിങ്, ജനറല്‍ സര്‍വീസ് മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന വിവിധ കമ്പനികളുടെ പേരുകളിലായാണ് പണം പിന്‍വലിച്ചത്.
കമ്പനികളുടെ പേരുകളില്‍ ചെക്കുകള്‍ സ്വീകരിക്കാന്‍ കമ്പനി ഉടമകള്‍ക്ക് നിശ്ചിത ശതമാനം പണം ഇവര്‍ കൈക്കൂലിയായി നല്‍കി. അജ്മാനിലെ സര്‍ക്കാര്‍ സ്ഥാപനത്തില്‍ നിന്ന് ഒരു കമ്പനിയുടെ പേരില്‍ മാത്രം 60 ലക്ഷം ദിര്‍ഹം ഇവര്‍ പിന്‍വലിച്ചു.
പണം പിന്‍വലിക്കാന്‍ കൂട്ടുനിന്ന കമ്പനി ഉടമസ്ഥന് 10 ലക്ഷംദിര്‍ഹം പാരിതോഷികം നല്‍കി. ബാക്കി 50 ലക്ഷം ദിര്‍ഹം പ്രതികള്‍ പങ്കിട്ടെടുത്തു.
പ്രതികളില്‍ പെട്ട ഒരു സ്ത്രീയില്‍ നിന്ന് ലക്ഷകണക്കിന് വില വരുന്ന സ്വര്‍ണാഭാരണങ്ങളും വാച്ചുകളും കണ്ടെടുത്തുവെന്നു വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത അല്‍ ബയാന്‍ പത്രം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.