അല്‍ ഖുദ്റ തടാകക്കരയില്‍ ദേശാടന കിളികളുടെ ചിറകടി മേളം
text_fieldsഷാര്‍ജ: യു.എ.ഇയിലെ ഏറ്റവും വലിയ മനുഷ്യ നിര്‍മിത തടാകമായ ദുബൈയിലെ അല്‍ ഖുദ്റയില്‍ നിറുത്താതെ മുഴങ്ങുകയാണ് പക്ഷികളുടെ ചിറകടി മേളം. 10 ഹെക്ടറുകളിലായി വ്യാപിച്ച് കിടക്കുന്ന ഈ തടാകത്തിന് ചുറ്റും നിരവധി ഫലവൃക്ഷങ്ങളാണ് തണല്‍ വിരിക്കുന്നത്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 130 വര്‍ഗത്തില്‍പ്പെട്ട ദേശാടന പക്ഷികളുടെ ഇഷ്ട കേന്ദ്രമാണ് ഈ മനോഹര തീരം. സീഹ് അല്‍ സലാം മരുഭൂമിക്കും ബാബ് അല്‍ ശംസിനും മധ്യത്തിലാണ് ഈ മനോഹര തടാകം സ്ഥിതിച്ചെയ്യുന്നത്.
അവധി ദിവസം എവിടെ ചെലവഴിക്കണമെന്ന് ആശയക്കുഴപ്പമുള്ളവര്‍ക്ക് പോകാന്‍ പറ്റിയ പ്രകൃതി രമണിയ സ്ഥലമാണ് അല്‍ ഖുദ്റ. കാറ്റിനോടൊത്ത് നൃത്തമാടുന്ന ഫലവൃക്ഷങ്ങള്‍ വിരിച്ചിട്ട തണലത്തിരുന്ന് തടാകത്തില്‍ നീന്തി തുടിക്കുന്ന വിവിധ തരക്കാരായ പക്ഷികളെ കാണാം. തടാകക്കരയിലൂടെ എത്ര നടന്നാലും മടുക്കില്ല. സാധാരണ വിനോദ മേഖലകളില്‍ നിന്ന് അല്‍ ഖുദ്റയെ വ്യത്യസ്തമാക്കുന്നത് ഹെക്ടറുകളോളം വ്യാപിച്ച് കിടക്കുന്ന വിവിധ തരത്തില്‍പ്പെട്ട ഫലവൃക്ഷങ്ങളും അല്‍ ഖുദ്റ ശുദ്ധ ജല തടാകവുമാണ്. നീന്തുന്ന പക്ഷികളും തുടിക്കുന്ന മത്സ്യ കൂട്ടങ്ങളും തടാകത്തിലെ വിസ്മയ കാഴ്ച്ചയാണ്. മരക്കൊമ്പത്ത് തക്കം പാര്‍ത്തിരിക്കുന്ന പരുന്ത് വെള്ളത്തിലേക്ക് പറന്നിറങ്ങി മീനുമായി പറന്ന് പോകുന്ന കാഴ്ച്ച, മീനുകളുമായി ചങ്ങാത്തം കൂടി കുറുകുന്ന പക്ഷികളുടെ സ്നേഹം, ചില്ലകളില്‍ നിന്ന് ചില്ലകളിലേക്ക് പാറിപറന്ന് തുടിക്കുന്ന പക്ഷികളുടെ കുസൃതി തുടങ്ങിയ കാഴ്ച്ചകളും നിര്‍ലോഭം.
സൈക്കിളോടിച്ച് തിമര്‍ക്കാനും ഇവിടെ സൗകര്യമുണ്ട്. സൈക്കിളുകള്‍ക്ക് മാത്രമായി തീര്‍ത്ത 86 കിലോ മീറ്റര്‍ പാതയാണ് അല്‍ ഖുദ്റയെ സമ്പന്നമാക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ സൈക്കിള്‍ പാതയുള്ള നെതര്‍ലാന്‍റ്സിനെ ഓര്‍മിപ്പിക്കുന്ന തരത്തിലാണ് ഇത് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. പാതക്കിരുവശവും തണല്‍ വിരിക്കാന്‍ മരങ്ങളുള്ളതിനാല്‍ കൊടും ചൂടിനെ പോലും കൂസാതെ സൈക്കിള്‍ ചവിട്ടാം. ഇപ്പോള്‍ വീശി കൊണ്ടിരിക്കുന്ന തണുത്ത കാറ്റാവട്ടെ മരത്തിന്‍െറ സുഗന്ധം പറിച്ചെടുത്താണ് സന്ദര്‍ശകരെ സ്വീകരിക്കുന്നത്.
പക്ഷി നിരീക്ഷകരുടെ പ്രധാന താവളമായി അല്‍ ഖുദ്റ മാറിയിട്ടുണ്ട്. ദേശാടന പക്ഷികളാണ് നിരീക്ഷകരെ ഇവിടേക്ക് അടുപ്പിക്കുന്നത്.
വിവിധ ഋതുക്കളില്‍ വ്യത്യസ്ത രാജ്യക്കാരായ പക്ഷികള്‍ ഇവിടെ എത്തുന്നു. മനുഷ്യന്‍െറ ഏറ്റവും ഇഷ്ടപ്പെട്ട പ്രവാസ ഭൂമി പക്ഷികളുടേയും ഇഷ്ട ഭൂമിയായി മാറിയിരിക്കുന്നു.
എങ്ങിനെ പോകാം
ശൈഖ് സായിദ് റോഡില്‍ നിന്ന് ഉമ്മുസുഖീം റോഡിലൂടെ നേരെ പോയാല്‍ ഇവിടെ എത്താം. അല്‍ ഖൈല്‍, എമിറേറ്റ്സ് റോഡ് വഴി വരുന്നവര്‍ അല്‍ ഖുദ്റയിലേക്കുള്ള ദിശയിലേക്കാണ് തിരിയേണ്ടത്. സമീപത്ത് അറേബ്യന്‍ റെയ്ഞ്ചസ്, സ്റ്റുഡിയോ സിറ്റി, മോട്ടോര്‍ സിറ്റി എന്നിവയാണുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.