ദുബൈയില്‍ 57 കി.മീ സൈക്കിള്‍ പാത കൂടി വരുന്നു
text_fieldsദുബൈ: ദുബൈ അഞ്ചു ജനവാസ കേന്ദ്രങ്ങളില്‍കൂടി സൈക്കിള്‍ പാതയും ഓടാനുള്ള ട്രാക്കും പണിയാന്‍ ആര്‍.ടി.എ തീരുമാനിച്ചു. 57 കി.മീറ്റര്‍ നീളം വരുന്ന പദ്ധതിക്ക് 7.90 കോടി ദിര്‍ഹമാണ് ചെലവ്.ഒരു വര്‍ഷത്തിനകം പൂര്‍ത്തിയാക്കും. വര്‍ഖ,മുശ്രിഫ്, മിര്‍ദിഫ്,മിസ്ഹര്‍, ഖവാനീജ് എന്നിവിടങ്ങളിലാണ് അത്യാധുനിക സൈക്കിള്‍-ഓട്ടം പാത നിര്‍മിക്കുന്നത്.
യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം വിഭാവനം ചെയ്തതനുസരിച്ച് ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമിന്‍െറ ഉത്തരവ് പ്രകാരമാണ് ഈ പ്രത്യേക പാത നിര്‍മിക്കുന്നതെന്ന് ആര്‍.ടി.എ ചെയര്‍മാന്‍ മതാര്‍ അല്‍ തായിര്‍ പറഞ്ഞു. ദുബൈ വാസികളുടെ ആരോഗ്യം സംരക്ഷിക്കാനും അവരില്‍ കായിക താല്‍പര്യം വളര്‍ത്താനും ആവശ്യമായ സൗകര്യമൊരുക്കുകയെന്ന ഭരണാധികാരികളുടെ കാഴ്ചപ്പാടിന് അനുസൃതമായാണിത്.
ദുബൈ എമിറേറ്റില്‍ മുഴുവന്‍ സൈക്കിള്‍ പാത നിര്‍മിക്കാനുള്ള ആര്‍.ടി.എയുടെ മാസ്റ്റര്‍ പ്ളാനിന്‍െറ ഭാഗമാണ് ഈ പദ്ധതി. നടത്തവും സൈക്കിളോട്ടവും പ്രോത്സാഹിപ്പിക്കുന്ന രീതി വികസിത രാജ്യങ്ങളെല്ലാം അനുവര്‍ത്തിക്കുന്നുണ്ടെന്ന് അല്‍ തായിര്‍ പറഞ്ഞു. പുതിയ പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍ മുശ്രിഫ്, മിര്‍ദിഫ്, മിസ്ഹാര്‍, ഖവാനീജ് എന്നിവിടങ്ങളില്‍ 32 കി.മീ ട്രാക്കും മൂന്നു പാലങ്ങളുമാണ് നിര്‍മിക്കുക. വര്‍ഖയില്‍ 25 കി.മീ ട്രാക്കും ട്രിപോളി റോഡില്‍ പാലവും നിര്‍മിക്കുന്നതാണ് മറ്റൊരു ഘട്ടം.
ജനസാന്ദ്രത, സൈക്കിളോട്ടക്കാരുടെ പ്രിയം, പ്രദേശത്തിന്‍െറ അനുയോജ്യത, ഗതാഗത സുരക്ഷ തുടങ്ങിയവ കണക്കിലെടുത്താണ് നിര്‍മാണത്തിനുള്ള സ്ഥലങ്ങള്‍ തെരഞ്ഞെടുത്തത്.
ഈയിടെ സെയ് അസലാം-നാദല്‍ ശിബ റൂട്ടില്‍ 23 കി.മീ സൈക്കിള്‍ പാത ആര്‍.ടി.എ നിര്‍മിച്ചിരുന്നു. അല്‍ ഖുദ്റ റോഡില്‍ സെയ് അസലാമിലെ സൈക്കിള്‍ പാതയെ ബന്ധിപ്പിക്കുന്നതാണിത്. ഇതോടെ ഇവിടെ എല്ലാ വിധ സൗകര്യങ്ങളോടും കൂടിയ 115 കി.മീ സൈക്കിള്‍ പാത പൂര്‍ത്തിയായിട്ടുണ്ട്. ഇതിന് പുറമെ ജുമൈറ റോഡില്‍ 17 കി.മീറ്ററും ബര്‍ദുബൈയില്‍ 11 കി.മീറ്ററും സൈക്കിള്‍ പാതയുണ്ട്. നിലവില്‍ ആര്‍.ടി.എ നിര്‍മിച്ച വിവിധ സൈക്കിള്‍ പാതകളുടെ മൊത്തം നീളം 178 കി.മീറ്ററാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.