കേരള സൂപ്പര്‍ലീഗ് ഫുട്ബാള്‍: കോഴിക്കോട് ടീമിനെ സ്വന്തമാക്കിയത് ഒമാന്‍ മലയാളി
text_fieldsമസ്കത്ത്: ഐ.എസ്.എല്‍ മാതൃകയില്‍ ഒരുങ്ങുന്ന കേരള സൂപ്പര്‍ ലീഗ് ഫുട്ബാളില്‍ പ്രവാസി തിളക്കവും. ലീഗിലെ കോഴിക്കോട് ടീമിനെ സ്വന്തമാക്കിയത് ഒമാനില്‍ ബിസിനസുകാരനായ കോഴിക്കോട് സ്വദേശി നബീല്‍ നജീബാണ്. ബിസിനസ് തിരക്കിലും കാല്‍പന്തുകളിയോടുള്ള പ്രണയം രക്തത്തില്‍ അലിഞ്ഞപോലെ കൊണ്ടുനടക്കുന്ന നബീലിന് ലീഗില്‍ മികച്ച പ്രകടനം കാഴ്ചവെക്കാമെന്ന ശുഭപ്രതീക്ഷയാണുള്ളത്. കേരള ഫുട്ബാള്‍ അസോസിയേഷന് കീഴില്‍ ഒരുങ്ങുന്ന ലീഗില്‍ ഇതുവരെ കോഴിക്കോട് അടക്കം നാലു ടീമുകളെയാണ് പ്രഖ്യാപിച്ചിച്ചിട്ടുള്ളത്. മൊത്തം എട്ട് ടീമുകളാണ് ഉണ്ടാവുക.
ബാക്കി ടീമുകളെകൂടി പ്രഖ്യാപിക്കുന്ന മുറക്കാണ് കളിക്കാരുടെ ലേലമടക്കം തുടര്‍നടപടികള്‍ ഉണ്ടാവുകയെന്ന് നബീല്‍ ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. ഒരു ടീമില്‍ പരമാവധി 30 കളിക്കാരെയാണ് അനുവദിച്ചത്. നാല് അന്താരാഷ്ട്ര കളിക്കാരെ വരെ ഒരു ടീമില്‍ ഉള്‍ക്കൊള്ളിക്കാം. ടീമിലേക്ക് ഒമാന്‍ താരങ്ങളെ ലഭ്യമാക്കുന്നത് സംബന്ധിച്ച് ഒമാന്‍ ഫുട്ബാള്‍ അസോസിയേഷനുമായി ചര്‍ച്ചകള്‍ നടത്തുമെന്നും നബീല്‍ പറഞ്ഞു. പരിശീലകനും വിദേശിയായിരിക്കും. പ്രത്യേക പൂളില്‍നിന്നാകും പരിശീലന നിയമനവും. ഹോം, എവേ മാച്ചുകളായി 64 മത്സരങ്ങള്‍ ഉണ്ടാകും. കൂടുതല്‍ പോയന്‍റ് ലഭിക്കുന്ന നാലു ടീമുകള്‍ പ്ളേഓഫ് റൗണ്ടില്‍ ഏറ്റമുട്ടും. ഇതില്‍ വിജയിക്കുന്നവരാകും ഫൈനലില്‍ എത്തുക.
കോഴിക്കോട് കോര്‍പറേഷന്‍ സ്റ്റേഡിയത്തിലാകും ടീമിന്‍െറ ഹോം മാച്ചുകള്‍ നടക്കുക. മൂന്നു മാസത്തെ ലീഗിന് ശേഷം കോഴിക്കോട് ജില്ലയിലെ വളര്‍ന്നുവരുന്ന ഫുട്ബാള്‍ താരങ്ങള്‍ക്കായി ടീം പരിശീലകന്‍െറ നേതൃത്വത്തില്‍ പ്രത്യേക ഫുട്ബാള്‍ കളരികള്‍ സംഘടിപ്പിക്കാനും പദ്ധതിയുണ്ടെന്ന് നബീല്‍പറഞ്ഞു. കൊച്ചിയില്‍ അടുത്തിടെ നടന്ന ചടങ്ങില്‍ വിഖ്യാത ഇംഗ്ളണ്ട് ഫുട്ബാള്‍ താരം പീറ്റര്‍ ഷില്‍ട്ടണാണ് ഫ്രാഞ്ചൈസികളെ പ്രഖ്യാപിച്ചത്.
ഒളിമ്പ്യന്‍ റഹ്മാന്‍െറയും കോഴിക്കോട്് ജില്ലാ ഫുട്ബാള്‍ അസോസിയേഷന്‍ സെക്രട്ടറിയായിരുന്ന ടി. അബൂബക്കറിന്‍െറയും വെറ്ററന്‍ ഫുട്ബാളര്‍ ടി. ആലിക്കോയയുടെയുമൊക്കെ കുടുംബത്തിലാണ് നബീലിന്‍െറ ജനനം. മസ്കത്ത്, ഗൂബ്ര ഇന്ത്യന്‍ സ്കൂളുകളിലായി പഠനം പൂര്‍ത്തിയാക്കിയ നബീല്‍, ഇംഗ്ളണ്ടിലാണ് എന്‍ജിനീയറിങ് പഠനം നടത്തിയത്.
ഗൂബ്ര സ്കൂള്‍ ഫുട്ബാള്‍ ടീം അംഗമായിരുന്ന നബീലും സുഹൃത്തുക്കളും രൂപംനല്‍കിയ ടീം ഇംഗ്ളണ്ടില്‍ സെമി പ്രഫഷനല്‍ ലീഗ് മത്സരങ്ങളും കളിച്ചിട്ടുണ്ട്. കളിക്കാരുടെ ലേലമടക്കം നടപടികള്‍ക്ക് മുന്നോടിയായി ഫ്രാഞ്ചൈസി കമ്പനിയാക്കുന്നതിനുള്ള ഒരുക്കത്തിലാണ് നബീല്‍. പിതാവും ഷിപ്കോ ഒമാന്‍ മാനേജിങ് ഡയറക്ടറുമായ സി.എം. നജീബ്, അബ്ദുല്‍റഹീം, മുനവ്വര്‍ മുനീര്‍, ലിജിഹാസ് ഹുസൈന്‍ എന്നിവര്‍ പങ്കാളികളായുള്ള കമ്പനിയാകും രൂപവത്കരിക്കുകയെന്ന് നബീല്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
