ഇത്തിഹാദ് റെയിലിന് സുരക്ഷാ അനുമതി: വാണിജ്യ യാത്ര ഉടന്‍ ആരംഭിക്കും
text_fieldsഅബൂദബി: ഇത്തിഹാദ് റെയിലിന്‍െറ ആദ്യ ഘട്ടത്തിന് ഫെഡറല്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയുടെ സുരക്ഷാ അനുമതി ലഭിച്ചു. വാണിജ്യാടിസ്ഥാനത്തില്‍ സര്‍വീസ് നടത്താനുള്ള അനുമതിയാണ് ലഭിച്ചത്. ഷാ- ഹബ്ഷാന്‍ മുതല്‍ റുവൈസ് വരെയുള്ള ആദ്യഘട്ടത്തിലെ 264 കിലോമീറ്ററിലാണ് ചരക്കുതീവണ്ടി സര്‍വീസിന് അനുമതി നല്‍കിയത്. ഈ റൂട്ടില്‍ അധികം വൈകാതെ സര്‍വീസ് ആരംഭിക്കും. മാസങ്ങള്‍ നീണ്ട പരീക്ഷണ ഓട്ടം പൂര്‍ത്തിയാക്കിയ ശേഷമാണ് വാണിജ്യാടിസ്ഥാനത്തിലുള്ള യാത്രക്ക് അനുമതി സ്വന്തമാക്കിയത്.
യു.എ.ഇയുടെ ദേശീയ റെയില്‍വേ ശൃംഖലയുടെ ആദ്യ ഘട്ടത്തിന് സുരക്ഷാ അനുമതി നല്‍കുന്നത് ഏറെ സന്തോഷത്തോടെയാണെന്ന് പൊതുമരാമത്ത് മന്ത്രിയും ഫെഡറല്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി ചെയര്‍മാനുമായ അബ്ദുല്ല ബില്‍ഹൈഫ് അല്‍ നുഐമി പറഞ്ഞു.
ഫെഡറല്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി, അബൂദബി ഗതാഗത വകുപ്പ്, ദുബൈ ആര്‍.ടി.എ, ഇത്തിഹാദ് റെയില്‍ എന്നിവയുടെ സംയുക്ത പ്രയത്നത്തിന്‍െറ ഫലമായാണ് അനുമതി ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഇത്തിഹാദ് റെയിലിന്‍െറ ഇതുവരെയുള്ള ചരിത്രത്തിലെ ഏറ്റവും മികച്ച നേട്ടങ്ങളിലൊന്നാണ് വാണിജ്യാടിസ്ഥാനത്തിലുള്ള യാത്ര ആരംഭിക്കാനുള്ള അനുമതിയെന്ന് ചെയര്‍മാന്‍ നാസര്‍ അല്‍ സുവൈദി പറഞ്ഞു. വിവിധ എമിറേറ്റുകളെയും യു.എ.ഇയെ ജി.സി.സി റെയില്‍ ശൃംഖലയെയും ബന്ധിപ്പിക്കുന്നതിന് 1200 കിലോമീറ്ററിലാണ് ഇത്തിഹാദ് റെയില്‍ നടപ്പാക്കുന്നത്. ആദ്യ ഘട്ടത്തില്‍ ചരക്കു ഗതാഗതം മാത്രമാണ് അനുവദിക്കുക.
അബൂദബി എമിറേറ്റില്‍ ചരക്കുകള്‍ നീക്കുന്നതിന് കമ്പനികള്‍ക്ക് അനുമതി നല്‍കും. 11000 ടണ്‍ സള്‍ഫറുമായി രണ്ട് ട്രെയിനുകള്‍ ഓരോ ദിവസവും സര്‍വീസ് നടത്തും. ഇത്തിഹാദ് റെയില്‍ പൂര്‍ണ ശേഷി കൈവരിക്കുമ്പോള്‍ 70 ലക്ഷം ടണ്‍ സള്‍ഫര്‍ കൊണ്ടുപോകാനുള്ള ശേഷിയുണ്ടാകും. ഇത്തിഹാദ് റെയിലിന്‍െറ രണ്ടാം ഘട്ടത്തില്‍ അബൂദബി എമിറേറ്റിലെ വിവിധ സ്ഥലങ്ങളെ ബന്ധിപ്പിക്കുന്നതിനൊപ്പം സൗദി, ഒമാന്‍ അതിര്‍ത്തികളിലേക്കും ജബല്‍ അലി ഫ്രീസോണിലേക്കും റെയില്‍പാതകള്‍ നിര്‍മിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
