നിയമസഭാ തെരഞ്ഞെടുപ്പില്‍ വി.എസ്. തന്നെ നയിക്കും- കാനം രാജേന്ദ്രന്‍
text_fieldsഅബൂദബി: നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ തന്നെ എല്‍.ഡി.എഫിനെ നയിക്കുമെന്ന് സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ എല്‍.ഡി.എഫിന്‍െറ പ്രക്ഷോഭങ്ങളെ വി.എസ്. ആണ് നയിച്ചുകൊണ്ടിരിക്കുന്നത്. തെരഞ്ഞെടുപ്പിലും ഇടതുമുന്നണിയെ നയിക്കുക അദ്ദേഹം തന്നെയായിരിക്കും. അതേസമയം, മുഖ്യമന്ത്രിയെ തീരുമാനിക്കുക തെരഞ്ഞെടുപ്പിന് ശേഷമായിരിക്കും. ആരൊക്കെ മത്സരിക്കണമെന്ന് അതാത് പാര്‍ട്ടികള്‍ തീരുമാനിക്കും. തെരഞ്ഞെടുപ്പില്‍ മത്സരിക്കാത്തവര്‍ വരെ മുഖ്യമന്ത്രിയായ ചരിത്രവുമുണ്ടെന്ന് അദ്ദേഹം അബൂദബിയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
നിലവിലെ സാഹചര്യത്തില്‍ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിനാണ് മുന്‍തൂക്കം. തദ്ദേശ തെരഞ്ഞെടുപ്പിലെ ഫലം അനുസരിച്ച് 91 സീറ്റുകളില്‍ എല്‍.ഡി.എഫിന് മുന്‍തൂക്കമുണ്ട്. യു.ഡി.എഫിനേക്കാള്‍ 3.27 ലക്ഷം വോട്ടുകള്‍ അധികമായി ഇടതുമുന്നണിക്ക് ലഭിച്ചിട്ടുണ്ട്. നിലവിലെ കേരള രാഷ്ട്രീയ സാഹചര്യവും ഇടതുപക്ഷത്തിന് അനുകൂലമാണ്.
കോഴക്കേസുകളില്‍ ഇടതുപക്ഷം ഉന്നയിച്ച കാര്യങ്ങള്‍ ശരിയായി വരുന്ന സാഹചര്യമാണ് ഇപ്പോള്‍ കാണുന്നത്. ബാര്‍ കോഴ, സോളാര്‍ സംഭവങ്ങളിലൂടെ കേരള രാഷ്ട്രീയം എ സര്‍ട്ടിഫിക്കറ്റ് സിനിമയായി മാറുകയാണെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു. ബാര്‍ കോഴ കേസില്‍ എല്‍.ഡി.എഫിന്‍െറ നിലപാട് പിന്നീട് ഹൈകോടതി വരെ ശരിവെക്കുകയായിരുന്നു. തിരുവനന്തപുരം വിജിലന്‍സ് കോടതിയുടെയും ഹൈകോടതി സിംഗിള്‍ ബെഞ്ചിന്‍െറയും വിധികള്‍ വന്നിട്ടും രാജിവെക്കാതിരുന്ന മാണി ഹൈകോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവ് വന്ന ശേഷം ‘ധാര്‍മികത’ പറഞ്ഞ് രാജിവെക്കുകയായിരുന്നു. സീസറിന്‍െറ ഭാര്യയും സംശയത്തിന് അതീതയായിരിക്കണം എന്ന നിലപാട് തന്നെയാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെയും ബാക്കിയുള്ളവരുടെയും കാര്യത്തിലുള്ളത്.
ബിജു രാധാകൃഷ്ണന്‍ തെളിവ് കൊണ്ടുവരുന്നുണ്ടോ ഇല്ലയോ എന്നുള്ളതല്ല വിഷയം. ഇത്തരം ആരോപണങ്ങളില്‍ നിരപരാധിയാണെന്ന് ഭരണകര്‍ത്താക്കള്‍ തെളിയിക്കുകയാണ് ജനാധിപത്യത്തിലെ രീതി.
ഇതിന് പകരം തെളിവു കൊണ്ടുവാ എന്ന് പറയുകയാണ് ഉമ്മന്‍ചാണ്ടി ചെയ്യുന്നത്. സോളാര്‍ കേസ് അന്വേഷണത്തിന്‍െറ തുടക്കത്തില്‍ തെളിവുകള്‍ നശിപ്പിക്കപ്പെട്ടതായും കാനം രാജേന്ദ്രന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫിസിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ വരെ ഇല്ലാതായി. ഈ സാഹചര്യത്തിലാണ് സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് എല്‍.ഡി.എഫ് സമരരംഗത്തിറങ്ങിയതെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ രാഷ്ട്രീയത്തെ ജാതിയുടെയും മതത്തിന്‍െറയും അടിസ്ഥാനത്തില്‍ വിഭജിക്കാനുള്ള ശ്രമം നടക്കുകയാണ്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഭരണത്തിലത്തെിയത് പോലെയുള്ള ശ്രമങ്ങളാണ് നടത്തുന്നത്. കേരളത്തിന്‍െറ മതനിരപേക്ഷത തിരിച്ചുപിടിക്കാന്‍ ഇടതുപക്ഷം ഒറ്റപ്പെട്ടായി പൊരുതും.
ഭൂരിപക്ഷ- ന്യൂനപക്ഷ വര്‍ഗീയതകളെ അനുകൂലിക്കുന്നില്ല. വെള്ളാപ്പള്ളി നടേശന്‍െറ പാര്‍ട്ടി പിറന്നുവീണതേയുള്ളൂ. ഒന്നും പറയാറായിട്ടില്ല. ജാതി- മത സംഘടനകള്‍ക്ക് സ്ഥാനമില്ല എന്നാണ് കേരള രാഷ്ട്രീയം തെളിയിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മുന്‍ മന്ത്രി കെ.പി. രാജേന്ദ്രന്‍, മുന്‍ എം.എല്‍.എ പി. രാജു എന്നിവരും കാനം രാജേന്ദ്രനൊപ്പം ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
