Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Aug 2015 9:35 AM GMT Updated On
date_range 15 Aug 2015 9:35 AM GMTഓര്‍മകളില്‍ ഇന്ദിരാഗാന്ധിയുടെ സന്ദര്‍ശനം
text_fieldsbookmark_border
അബൂദബി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യു.എ.ഇ സന്ദര്‍ശനത്തിന് കളമൊരുങ്ങുമ്പോള്‍ 34 വര്‍ഷം മുമ്പ് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ സന്ദര്‍ശനത്തിന്‍െറ ഓര്‍മകളിലാണ് പഴയകാല പ്രവാസികള്‍. അബൂദബി, ദുബൈ, ഷാര്‍ജ ഭരണാധികാരികളുമായി കൂടിക്കാഴ്ച നടത്തിയ അവര്‍ അബൂദബിയില്‍ രണ്ട് പൊതുപരിപാടിയിലും പങ്കെടുത്തിരുന്നു.
1981 മേയ് 12ന് അബൂദബി ഇന്ത്യന്‍ ഇസ്ലാമിക് സെന്‍ററിന്‍െറ കെട്ടിടത്തിന് തറക്കല്ലിട്ടത് ഇന്ദിരാഗാന്ധിയായിരുന്നുവെന്ന് സെന്‍റര്‍ പ്രസിഡന്‍റ് ബാവ ഹാജി ഓര്‍ത്തെടുക്കുന്നു. വിവിധ മേഖലകളില്‍ ഇന്ത്യയും യു.എ.ഇയും തമ്മിലുള്ള സഹകരണം ശക്തമാക്കേണ്ടതിന്‍െറ ആവശ്യതയെക്കുറിച്ചാണ് അവര്‍ അന്ന് പ്രസംഗിച്ചത്. ഇന്തോനേഷ്യ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ മുസ്ലിംകളുള്ള രാജ്യമാണ് ഇന്ത്യയെന്ന് അവര്‍ പറഞ്ഞു. ഇന്ത്യയില്‍ നിലനില്‍ക്കുന്ന മതസൗഹാര്‍ദം അവര്‍ പ്രത്യേകം എടുത്തുപറഞ്ഞിരുന്നു.
അന്നത്തെ വ്യവസായ മേഖലയിലെ സ്ഥലമാണ് ഇസ്ലാമിക് സെന്‍ററിനായി ഭരണകൂടം അനുവദിച്ചത്. ഒഴിഞ്ഞുകിടക്കുന്ന പ്രദേശമായിരുന്നു അത്. ഭരണകൂടം പ്രത്യേകം താല്‍പര്യമെടുത്ത് ചടങ്ങിന് മുമ്പ് ഇവിടേക്ക് റോഡ് നിര്‍മിച്ചു. ചടങ്ങിനായി പന്തലുമിട്ടു. യു.എ.ഇ ഒൗഖാഫ് മന്ത്രിയും തൊഴില്‍ മന്ത്രിയും ചടങ്ങില്‍ പങ്കെടുത്തിരുന്നു. വിമാനത്താവളത്തില്‍ നിന്ന് നഗരത്തിലേക്ക് ഇന്ദിരാഗാന്ധിയെ ആനയിക്കാന്‍ ഇന്ത്യന്‍ സ്കൂളുകളില്‍ നിന്ന് കുട്ടികളെ ഏര്‍പ്പാടാക്കിയിരുന്നു. റോഡിനിരുവശവും ദേശീയപതാകയുമേന്തി കുട്ടികള്‍ നിലകൊണ്ടു.
ഇന്ത്യ സോഷ്യല്‍ സെന്‍ററില്‍ നടന്ന പൊതുപരിപാടിയിലും പങ്കെടുത്ത ഇന്ദിരാഗാന്ധി പ്രവാസി സമൂഹത്തോട് സംവദിക്കുകയും ചെയ്തു.
അന്ന് യു.എ.ഇയിലുണ്ടായിരുന്ന 10 ലക്ഷത്തില്‍ താഴെ മാത്രം വരുന്ന ഇന്ത്യക്കാര്‍ക്ക് എല്ലാ പിന്തുണയും അവര്‍ വാഗ്ദാനം ചെയ്യുകയുണ്ടായെന്ന് ബാവ ഹാജി പറഞ്ഞു.
യു.എ.ഇ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ ആല്‍ നഹ്യാന്‍, ദുബൈ ഭരണാധികാരി ശൈഖ് റാശിദ് ബിന്‍ സഈദ് ആല്‍ മക്തൂം, ഷാര്‍ജ ഭരണാധികാരി ശൈഖ് അബ്ദുല്‍ അസീസ് ബിന്‍ മുഹമ്മദ് ആല്‍ ഖാസിമി എന്നിവരുമായി ഇന്ദിരാഗാന്ധി കൂടിക്കാഴ്ച നടത്തുകയും ചെയ്തു.
ഷാര്‍ജയിലേക്കുള്ള റോഡരികില്‍ നിരവധി ഇന്ത്യക്കാര്‍ ഇന്ദിരാഗാന്ധിയെ കാണാന്‍ കാത്തുനിന്നിരുന്നതായി ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്‍റ് കെ. ബാലകൃഷ്ണന്‍ ഓര്‍ക്കുന്നു.
Next Story