നരേന്ദ്ര മോദിയുടെ യു.എ.ഇ സന്ദര്‍ശനം 16 മുതല്‍
text_fieldsദുബൈ: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച യു.എ.ഇ സന്ദര്‍ശിച്ചേക്കും. ആഗസ്റ്റ് 16,17 തീയതികളിലെ സന്ദര്‍ശനം സംബന്ധിച്ച ഒൗദ്യോഗിക പ്രഖ്യാപനം ഒന്നുരണ്ടു ദിവസത്തിനകമുണ്ടാകും.
പ്രധാനമന്ത്രിയുടെ പര്യടനം സംബന്ധിച്ച സ്ഥിരീകരണം ഡല്‍ഹിയില്‍നിന്നാണ് വരേണ്ടതെന്നും അദ്ദേഹത്തെ വരവേല്‍ക്കാന്‍ ഒരുക്കങ്ങള്‍ തുടങ്ങിയിട്ടുണ്ടെന്നും യു.എ.ഇയിലെ ഇന്ത്യന്‍ നയതന്ത്രവൃത്തങ്ങള്‍ ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു.
സന്ദര്‍ശനം യാഥാര്‍ഥ്യമായാല്‍ 34 വര്‍ഷത്തിനുശേഷം യു.എ.ഇയിലത്തെുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയാകും നരേന്ദ്ര മോദി. 1981ല്‍ ഇന്ദിരാഗാന്ധിയാണ്, 25 ലക്ഷത്തോളം ഇന്ത്യന്‍ പ്രവാസികളുള്ള ഈ അറബ് രാജ്യം ഏറ്റവുമൊടുവില്‍ സന്ദര്‍ശിച്ചത്. 2010ല്‍ അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് യു.എ.ഇ സന്ദര്‍ശിക്കുമെന്ന് രണ്ടുതവണ പ്രഖ്യാപനമുണ്ടായെങ്കിലും യാഥാര്‍ഥ്യമായില്ല. പകരം, രാഷ്ട്രപതി പ്രതിഭ പാട്ടീലാണ് വന്നത്. പിന്നീട് രാഷ്ട്രപതിയായിരിക്കെ എ.പി.ജെ. അബ്ദുല്‍ കലാമും യു.എ.ഇ പര്യടനം നടത്തി.
ഇന്ത്യയിലെ സ്വാതന്ത്ര്യദിനാഘോഷ പരിപാടികള്‍ പൂര്‍ത്തിയാക്കി ഈമാസം 16ന് പ്രധാനമന്ത്രി അബൂദബിയില്‍ വിമാനമിറങ്ങുമെന്നാണ് റിപ്പോര്‍ട്ട്. 17ന് അദ്ദേഹം ദുബൈയിലത്തെും. ഒൗദ്യോഗിക കൂടിക്കാഴ്ചകള്‍ക്കും ചര്‍ച്ചകള്‍ക്കും പുറമെ ഇന്ത്യന്‍ സമൂഹത്തെയും മോദി അഭിസംബോധന ചെയ്യും.
17ന് രാത്രി ദുബൈ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ പ്രധാനമന്ത്രി ഇന്ത്യന്‍ സമൂഹത്തോട് സംസാരിക്കുമെന്നും ഇതിനായി സംഘാടക സമിതി രൂപവത്കരിച്ചതായും ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചു.
സമ്മേളനത്തില്‍ പങ്കെടുക്കുന്നവര്‍ www.namoindubai.ae എന്ന വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് സംഘാടകര്‍ അറിയിച്ചു.