ഫുജൈറയിൽ 20 വാഹനങ്ങൾ കൂട്ടിയിടിച്ചു; ഒമ്പതു പേർക്ക് പരിക്ക്
text_fieldsഫുജൈറ: വാഇബ് അൽ ഹന്നയിൽനിന്ന് ദിബ്ബ അൽ ഫുജൈറയിലേക്കുള്ള പാതയിൽ 20 വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒമ്പതു പേർക്ക് പരിക്കേറ്റു. ബുധനാഴ്ചയാണ് അപകടമുണ്ടായത്. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. നാല് ട്രക്കുകളും 16 മറ്റു വാഹനങ്ങളുമാണ് അപകടത്തിൽപെട്ടത്. അപകടത്തെതുടർന്ന് റോഡിൽ ഗതാഗതം പൂർണമായും സ്തംഭിച്ചു. ദിബ്ബ അൽ ഫുജൈറ പൊലീസ്, ട്രാഫിക് ആൻഡ് പട്രോൾസ് വകുപ്പ്, മസാഫി കോംപ്രിഹെൻസീവ് പൊലീസ് സ്റ്റേഷൻ, നാഷനൽ ആംബുലൻസ് എന്നിവയുടെ നേതൃത്വത്തിൽ അടിയന്തര സംവിധാനങ്ങൾ സംഭവസ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി.
എട്ടുപേർക്ക് ചെറിയ പരിക്കും ഒരാൾക്ക് ഇടത്തരം പരിക്കുമാണെന്ന് അധികൃതർ അറിയിച്ചു. പരിക്കേറ്റവരെ അതിവേഗം ചികിത്സക്കായി സമീപത്തെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. അപകടസ്ഥലത്തെ തടസ്സങ്ങൾ നീക്കിയശേഷം പിന്നീട് റോഡ് ഗതാഗതത്തിന് തുറന്നുകൊടുക്കുകയും ചെയ്തു.
കൂട്ടിയിടിയുടെ കാരണം കണ്ടെത്തുന്നതിനും ഉചിതമായ നിയമനടപടി സ്വീകരിക്കുന്നതിനുമായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പർവതനിരകളിലെ റോഡുകളിലോ തിരക്കേറിയ പ്രദേശങ്ങളിലോ സഞ്ചരിക്കുമ്പോൾ അതീവ ജാഗ്രത പാലിക്കാനും നിശ്ചിത വേഗപരിധികൾ പാലിക്കാനും സുരക്ഷിതമായ അകലം പാലിക്കാനും ഫുജൈറ പൊലീസ് ജനറൽ കമാൻഡ് ഡ്രൈവർമാരോട് അഭ്യർഥിച്ചു.
റോഡപകടങ്ങൾ ഒഴിവാക്കാൻ നിരവധി നടപടികളും ബോധവത്കരണ കാമ്പയിനുകളും രാജ്യത്തുടനീളം അധികൃതർ നടപ്പിലാക്കിവരുന്നുണ്ട്. ഓരോ വർഷവും അപകടങ്ങളുടെ എണ്ണം കുറഞ്ഞുവരുന്നുമുണ്ട്. അതേസമയം കഴിഞ്ഞവർഷം അപകടമരണങ്ങളുടെ എണ്ണം അൽപം വർധിച്ചിരുന്നു. ആഭ്യന്തര മന്ത്രാലയത്തിന്റെ ‘ഓപൺ ഡേറ്റ’ പ്രകാരം, കഴിഞ്ഞ വർഷം ആകെ 384 റോഡപകട മരണങ്ങളാണ് രേഖപ്പെടുത്തിയത്. 2023ൽ ഇത് 352 ആയിരുന്നു. 2022ൽ 343 ആയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

