ഷാർജയിലെ പൊലീസ് സ്റ്റേഷനുകളിൽ ഇനി 192 ഭാഷകൾ ഉപയോഗിക്കാം
text_fieldsഷാർജ: പൊലീസുമായുള്ള വിദേശികളുടെ ആശയവിനിമയം സുഗമമാക്കുന്നതിന് ഷാർജ പൊലീസ് 'സ്മാർട്ട് ട്രാൻസ്ലേഷൻ ഫോർ ഫോറിൻ കസ്റ്റമേഴ്സ്' സംവിധാനത്തിന് തുടക്കം കുറിച്ചു.
192 ഭാഷകളാണ് ഈ സംവിധാനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഷാർജയിലെ പൊലീസ് സ്റ്റേഷനുകളിൽ വിവിധ രാജ്യക്കാർക്ക് ഇനി അവരുടെ മാതൃഭാഷയിൽ ആശയവിനിമയം നടത്താമെന്ന് ഷാർജ പൊലീസ് ജനറൽ കമാൻഡിന് കീഴിലെ കോംപ്രിഹെൻസിവ് പൊലീസ് സ്റ്റേഷൻസ് ഡിപ്പാർട്മെന്‍റ് ഡയറക്ടർ കേണൽ യൂസഫ് ബിൻ ഹർമൂൽ പറഞ്ഞു.
ക്രിമിനൽ കേസുകളും ട്രാഫിക് സംബന്ധമായ കേസുകളും കൈകാര്യം ചെയ്യുമ്പോഴാണ് ഇത് കൂടുതൽ ഫലപ്രദമാകുകയെന്ന് അദ്ദേഹം വ്യക്തമാക്കി. സാമൂഹിക സേവനവും സുരക്ഷയും വർധിപ്പിക്കുന്നതിന്‍റെയും വിദേശികൾക്കുള്ള സേവനം കാര്യക്ഷമമാക്കുന്നതിന്‍റെയും ഭാഗമായാണ് ഈ സംവിധാനം നടപ്പാക്കിയിരിക്കുന്നത്. ഈ സംവിധാനത്തിലൂടെ വിദേശികളുമായി ബന്ധപ്പെട്ട കേസുകളിലും ഇടപാടുകളിലും സമയവും അധ്വാനവും ലാഭിക്കാൻ കഴിയുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ക്രിമിനൽ കേസുകളിലും ട്രാഫിക് സംബന്ധമായ പരാതികളിലും കൂടുതൽ സുതാര്യത ഉറപ്പുവരുത്താനും വേഗം പരിഹാരം കാണാനും കഴിയും.
കേസന്വേഷണത്തിൽ കുറ്റാരോപിതരുമായുള്ള ആശയവിനിമയം സുഗമമാക്കുന്നതിന് ഡിജിറ്റൽ സാങ്കേതികതയുടെ സേവനം ഉപയോഗപ്പെടുത്തുന്ന 'റിമോട്ട് വിഷ്വൽ ഇൻവെസ്റ്റിഗേഷൻ' സംവിധാനവും ഷാർജ പൊലീസ് ഏർപ്പെടുത്തി.
കൂടുതലായും കുടുംബവഴക്കുമായി ബന്ധപ്പെട്ട കേസുകളിലാണ് ഇതിന്‍റെ സേവനം പ്രയോജനപ്പെടുകയെന്നും കേണൽ യൂസഫ് ബിൻ ഹർമൂൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

