യു.എ.ഇയില്‍ ഗാര്‍ഹിക തൊഴില്‍ മേഖലയില്‍ 19 തസ്തികകള്‍
text_fieldsഅബൂദബി: യു.എ.ഇയില്‍ ഗാര്‍ഹിക തൊഴില്‍ മേഖലക്ക് (ഡൊമസ്റ്റിക് വര്‍ക്കേഴ്‌സ്) കീഴില്‍ വരുന്ന 19 തൊഴില്‍ തസ്തികകളുടെ പൂര്‍ണ പട്ടിക അധികൃതര്‍ പുറത്തുവിട്ടു. മാനവവിഭവശേഷി, സ്വദേശിവല്‍ക്കരണ മന്ത്രാലയം അംഗീകരിച്ച ലൈസന്‍സുള്ള റിക്രൂട്ട്മെന്‍റ് ഏജന്‍സികള്‍ വഴി മാത്രമേ ഇത്തരം തൊഴിലാളികളെ നിയമിക്കാവൂ എന്നും അധികൃതര്‍ ഓര്‍മിപ്പിച്ചു. തൊഴിലുടമകളും ഏജന്‍സികളും തൊഴിലാളികളും പാലിക്കേണ്ട നിയമങ്ങളും അവ ലംഘിച്ചാലുള്ള കടുത്ത ശിക്ഷാനടപടികളും 2022ലെ ഒമ്പതാം നമ്പര്‍ ഫെഡറല്‍ ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്.
19 തൊഴില്‍ തസ്തികകള്‍
വീട്ടുജോലിക്കാര്‍, ഹോം നഴ്സ്, കെയര്‍ ടേക്കര്‍/നാനി, പ്രൈവറ്റ് ട്യൂട്ടര്‍, പേഴ്സനല്‍ ഡ്രൈവര്‍, സെയിലര്‍ (കപ്പല്‍/ബൂട്ട് ജീവനക്കാര്‍), സെക്യൂരിറ്റി ഗാര്‍ഡ്, ഇടയന്മാര്‍, ജോക്കി, തളപ്പുകാരന്‍, ഫാല്‍ക്കണ്‍ പരിപാലകര്‍, ജനറല്‍ വര്‍ക്കര്‍, ഹൗസ് കീപ്പര്‍, പാചകക്കാര്‍, തോട്ടം തൊഴിലാളികള്‍, ഗാര്‍ഡനര്‍, പേഴ്സനല്‍ ട്രെയിനര്‍/കോച്ച്, പേഴ്സനല്‍ അസിസ്റ്റന്‍റ്, പ്രൈവറ്റ് അഗ്രികള്‍ച്ചറല്‍ എന്‍ജിനീയര്‍.
തൊഴിലാളികളുടെ അവകാശങ്ങള്‍
- വിശ്രമം: ആഴ്ചയില്‍ ഒരു ദിവസം ശമ്പളത്തോടുകൂടിയ അവധി. അന്നേദിവസം ജോലി ചെയ്യിപ്പിച്ചാല്‍ പകരം അവധിയോ അന്നത്തെ വേതനമോ നല്‍കണം. ദിനേന എട്ട് മണിക്കൂര്‍ തുടര്‍ച്ചയായി ഉള്ളതടക്കം കുറഞ്ഞത് 12 മണിക്കൂര്‍ വിശ്രമം ഉറപ്പാക്കണം.
- വാര്‍ഷിക അവധി: പ്രതിവര്‍ഷം 30 ദിവസം ശമ്പളത്തോടുകൂടിയ അവധി. ആറുമാസത്തിനും ഒരു വര്‍ഷത്തിനും ഇടയിലാണ് സേവനമെങ്കില്‍ പ്രതിമാസം രണ്ടുദിവസം വീതം അവധി ലഭിക്കും.
- യാത്രാ ടിക്കറ്റ്: രണ്ടു വര്‍ഷത്തിലൊരിക്കല്‍ നാട്ടില്‍ പോയി വരാനുള്ള റിട്ടേണ്‍ ടിക്കറ്റ് തൊഴിലുടമ നല്‍കണം.
- വേതനം: നിശ്ചിത തീയതി കഴിഞ്ഞ് 10 ദിവസത്തിനകം കരാര്‍ പ്രകാരമുള്ള ശമ്പളം നല്‍കിയിരിക്കണം.
- മറ്റു സൗകര്യങ്ങള്‍: അനുയോജ്യമായ താമസസൗകര്യം, ഭക്ഷണം, വസ്ത്രം, വാര്‍ഷിക അസുഖ അവധികള്‍ (30 ദിവസം വരെ), തിരിച്ചറിയല്‍ രേഖകള്‍ (പാസ്പോര്‍ട്ട്, ഐ.ഡി) സ്വന്തമായി സൂക്ഷിക്കാനുള്ള അവകാശം എന്നിവ നല്‍കണം.
തൊഴിലുടമകളുടെയും ഏജന്‍സികളുടെയും ചുമതലകള്‍
- തൊഴിലാളികളില്‍നിന്ന് ഏജന്‍സികളോ ഇടനിലക്കാരോ ഒരുവിധ കമീഷനും ഈടാക്കാന്‍ പാടില്ല.
- ചികിത്സാച്ചെലവുകളോ ഹെല്‍ത്ത് ഇന്‍ഷുറന്‍സോ തൊഴിലുടമ വഹിക്കണം.
- തൊഴിലാളികളോട് മാന്യമായി പെരുമാറണം; അനുമതിയില്ലാതെ മറ്റ് ജോലികള്‍ ചെയ്യിക്കരുത്.
- തൊഴില്‍ സംബന്ധമായ അപകടങ്ങള്‍ സംഭവിച്ചാല്‍ നഷ്ടപരിഹാരം നല്‍കണം.
തൊഴിലാളികളുടെ കടമകള്‍
- തൊഴിലുടമയുടെ നിര്‍ദേശാനുസരണം കൃത്യമായി ജോലി ചെയ്യുക, അനാവശ്യമായി ജോലി നിര്‍ത്തിവെക്കരുത്.
- തൊഴിലിടത്തിന്‍റെ സ്വകാര്യത സൂക്ഷിക്കുക, വിവരങ്ങള്‍ പുറത്തുവിടാതിരിക്കുക.
- മന്ത്രാലയത്തിന്‍റെ സാധുവായ വര്‍ക്ക് പെര്‍മിറ്റ് ഇല്ലാതെ ജോലി ചെയ്യരുത്.
കടുത്ത ശിക്ഷ
നിയമലംഘനങ്ങളുടെ വ്യാപ്തി അനുസരിച്ച് അര ലക്ഷം മുതല്‍ ഒരു കോടി ദിര്‍ഹം വരെയാണ് പിഴയും തടവുശിക്ഷയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

