യു.എ.ഇയിൽ ഈ മാസം നടക്കുന്നത് 18 റൺ റേസുകൾ
text_fieldsയു.എ.ഇയിൽ ഇത് തണുപ്പുകാലമാണ്. നട്ടുച്ചക്ക് പോലും തണുത്ത കാറ്റ് വീശുന്ന കാലം. വ്യായാമങ്ങൾ കൂടുതൽ സജീവമാകുന്ന സമയം കൂടിയാണിത്. വലിയ മടുപ്പില്ലാതെ ഓടാനും ചാടാനുമെല്ലാം പ്രോത്സാഹനമാണ് ഇപ്പോഴത്തെ കാലാവസ്ഥ. ഇതുകൊണ്ടായിരിക്കാം ദുബൈയിൽ ഇത് ഓട്ടങ്ങളുടെ മാസം കൂടിയായി മാറിയത്. ജനുവരിയിൽ മാത്രം നടക്കുന്ന 18 റൺ റേസുകളാണ്. ഇതിൽ പകുതിയും ഇതിനകം നടന്നു കഴിഞ്ഞു. വരുന്ന രണ്ടാഴ്ചക്കാലം പത്തോളം ഓട്ടങ്ങൾ നടക്കുന്നുണ്ട്.
22ന് നടക്കുന്ന ദുബൈ ക്രീക്ക് ഹാഫ് മാരത്തണാണ് ഇതിൽ പ്രധാനം. ഇന്നലെ ദുബൈ പൊലീസ് അക്കാദമിയിൽ ദുബൈ കമ്യൂനിറ്റി റൺ നടന്നിരുന്നു. ഇന്ന് ദുബൈ ഇൻവസ്റ്റ്മെന്‍റ് പാർക്കിൽ ഗ്രീൻ റൺ അരങ്ങേറുന്നുണ്ട്. 17നാണ് ദാസ റൺ. 20ന് അൽ ബർഷയിൽ അൾട്ടിമേറ്റ് റൺ നടക്കും. 22ന് പാം ഐലൻഡിൽ പാം വെസ്റ്റ് റണ്ണിൽ താരങ്ങൾ ഓടാനിറങ്ങും. ദുബൈ ഫെസ്റ്റിവൽ സിറ്റി നൈറ്റ് റണ്ണിന്‍റെ ഈ മാസത്തെ രണ്ടാമത്തെ ഓട്ടം 23നാണ്. തൊട്ടടുത്ത ദിവസം എക്സ്പോ സിറ്റി റണ്ണും നടക്കും. 25നാണ് ബിസിനസ് ബേ റൺ. 29ന് ദുബൈ ഹാർബർ റണ്ണും വാദി ബീഹ് റണ്ണുമുണ്ട്. ഹത്തയിലാണ് വാദി ബീഹ് റൺ.
ഇതിന് പുറമെ നാല് സൈക്ലിങ് ഇവന്‍റുകൾക്കും ദുബൈ വേദിയൊരുക്കുന്നുണ്ട്. അൽ ഖുദ്ര സൈക്ലിങ് ട്രാക്കിലാണ് ഇവ നടക്കുന്നത്. അൽ സലാം സൈക്ലിങ് ടൂർണമെന്‍റ് ഇന്നലെ തുടങ്ങിയിരുന്നു. ഇന്ന് സമാപിക്കും. 22ന് ബിൽ അപ് റേസ് നടക്കും.
കേവലം കായിക വിനോദം എന്നതിലുപരിയായി ജനങ്ങളിലേക്ക് ആരോഗ്യ ബോധവത്കരണം പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ദുബൈ ഇത്രയധികം ഓട്ടങ്ങൾക്ക് വേദിയൊരുക്കുന്നത്. എത്ര റൺ നടത്തിയാലും ഓടാൻ ആളുണ്ട് എന്നത് ദുബൈയുടെ പ്രത്യേകതയാണ്. പുലർച്ചയാണ് ഭൂരിപക്ഷം റണ്ണുകളും നടക്കുന്നത്. തണുത്ത വെളുപ്പാൻകാലമായിട്ട് പോലും മടിയില്ലാതെ ഓടാൻ പ്രവാസികൾ അടക്കമുള്ളവർ ഇറങ്ങുന്നുണ്ട്. നൈറ്റ് റണ്ണുകൾക്കും ആളേറേയാണ്. ഇവയിൽ പലതും പണം നൽകിയാണ് രജിസ്റ്റർ ചെയ്യേണ്ടത്. കുടുംബാംഗങ്ങളും പ്രായമായവരുമെല്ലാം ഈ ഓട്ടത്തിന്‍റെ ഭാഗമാകുന്നത് മനോഹര കാഴ്ചയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

