ദുബൈയിൽ പിടികൂടിയത് 18 ലക്ഷം വ്യാജ ബ്രാന്റഡ് ഉൽപന്നങ്ങൾ
text_fieldsദുബൈ: കഴിഞ്ഞ വർഷം 54 കേസുകളിലായി ദുബൈ കസ്റ്റംസ് പിടികൂടിയത് 18 ലക്ഷം വ്യാജ ബ്രാന്റഡ് ഉൽപന്നങ്ങൾ. ഉൽപാദകരുടെ ബൗദ്ധിക സ്വത്തവകാശങ്ങൾ സംരക്ഷിക്കുന്നതിന്റെ ഭാഗമായി നടത്തിയ ശ്രമങ്ങളിലാണ് വൻകിട ബ്രാന്റഡ് ഉൽപന്നങ്ങളുടെ വ്യാജന്മാരെ കണ്ടെത്തിയത്.
വിപണിയിൽ വ്യാജ ഉൽപന്നങ്ങൾ ഇറക്കുന്നതിലൂടെയുള്ള നഷ്ടം ഒഴിവാക്കാൻ ഉൽപാദകരെ പ്രാപ്തരാക്കുന്നതിലൂടെ ദുബൈയുടെ നിക്ഷേപ അന്തരീക്ഷം ശക്തിപ്പെടുത്താൻ ഇത്തരം ശ്രമങ്ങൾ സഹായിക്കുമെന്ന് ദുബൈ കസ്റ്റംസ് പ്രസ്താവനയിൽ അറിയിച്ചു. വ്യാജ ഉൽപന്നങ്ങൾ കണ്ടെത്താൻ നൂതനമായ പരിശീലനമാണ് ഉദ്യോഗസ്ഥർക്ക് ദുബൈ കസ്റ്റംസ് നൽകുന്നത്.
കൂടാതെ വ്യാജ ഉൽപന്നങ്ങൾ തിരിച്ചറിയാനുള്ള ഉയർന്ന കാര്യക്ഷമതയുള്ള ഉപകരണങ്ങളും ദുബൈ കസ്റ്റംസിന്റെ പക്കലുണ്ട്. കഴിഞ്ഞ വർഷം, നിരോധിത മരുന്നുകളുമായി ബന്ധപ്പെട്ട് 3,273 പിടിച്ചെടുക്കൽ നടപടികളും ദുബൈ കസ്റ്റംസ് പൂർത്തീകരിച്ചു. നിരോധിത മരുന്നുകളുമായി ബന്ധപ്പെട്ട അറസ്റ്റിൽ 56 ശതമാനം വർധനവുമുണ്ടായതായി അധികൃതർ അറിയിച്ചു.
84 സംരംഭങ്ങളിൽ 55 എണ്ണം പൂർത്തിയാക്കി. കൂടാതെ പ്രധാന പദ്ധതികളിൽ വകുപ്പ് ശ്രദ്ധേയമായ പുരോഗതി കൈവരിച്ചതായി ദുബൈ കസ്റ്റംസ് ഡയറക്ടർ ജനറൽ ഡോ. അബ്ദുല്ല ബുസിനാദ് അറിയിച്ചു. ഒന്നിലധികം രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ശൃംഖല വിദേശ വ്യാപാരത്തിൽ ശ്രദ്ധേയമായ വളർച്ചക്ക് കാരണമായി.
2023നെ അപേക്ഷിച്ച് കഴിഞ്ഞ വർഷം കടൽ വഴിയുള്ള ചരക്ക് കടത്തിൽ 23 ശതമാനവും കരമാർഗമുള്ള ചരക്ക് കടത്തിൽ 21 ശതമാനവും വിമാന മാർഗമുള്ള ചരക്ക് കടത്തിൽ 11.3 ശതമാനത്തിന്റെയും വർധനവാണ് കൈവരിക്കാനായത്. കസ്റ്റംസ് വിവരങ്ങളിൽ 2023നെ അപേക്ഷിച്ച് കഴിഞ്ഞ വർഷം 49.2 ശതമാനത്തിന്റെ വളർച്ചയും നേടാനായതായി അധികൃതർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

