ഷാർജ റഫീഅയിൽ 17 കി. മീറ്റർ റോഡ് നവീകരിച്ചു
text_fieldsഷാർജ റഫീഅയിൽ നവീകരണം പൂർത്തിയാക്കിയ റോഡ്
ഷാർജ: എമിറേറിലെ ജങ്ഷൻ 10നെ അൽ റഫീഅയുമായി ബന്ധിപ്പിക്കുന്ന 17 കി. മീറ്റർ റോഡ് നവീകരണം പൂർത്തിയാക്കി ഷാർജ റോഡ് ഗതാഗത അതോറിറ്റി. പുതുതായി വികസിച്ചുവരുന്ന പ്രദേശങ്ങൾക്ക് സഹായകരമാകുന്നതിനും, റോഡ് സുരക്ഷയുടെ ഉയർന്ന നിലവാരം ഉറപ്പാക്കുന്നതിനുമായി ആസൂത്രണം ചെയ്തിരിക്കുന്ന വികസന പദ്ധതികളുടെ ഭാഗമായാണ് നവീകരണം നടപ്പിലാക്കിയത്. ഇതിലൂടെ എമിറേറ്റിലെ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുകയും റോഡ് ശൃംഖലയുടെ ഗുണനിലവാരം മെച്ചപ്പെടുകയും ചെയ്തുവരുകയാണ്.
റോഡ് പൂർണമായും നവീകരിച്ചതിനൊപ്പം രണ്ട് ഭാഗത്തേക്കുള്ള റോഡിന്റെ ഷോൾഡറുകളും വീതികൂട്ടിയിട്ടുണ്ട്. മേഖലയിൽ ഗതാഗതം എളുപ്പമാക്കുന്നതിനൊപ്പം പ്രദേശത്ത് വർധിച്ചുവരുന്ന ജനസംഖ്യ ഉൾക്കൊള്ളാനും പദ്ധതി സഹായിക്കും. അതിവേഗത്തിൽ വികസിച്ചുവരുന്ന പ്രദേശങ്ങളിൽ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കാനുള്ള വിശാലമായ പദ്ധതികളുടെ ഭാഗമാണ് നവീകരണമെന്ന് ഷാർജ ആർ.ടി.എ ചെയർമാൻ എൻജി. യൂസുഫ് ഖാമിസ് അൽ ഉഥ്മാനി പറഞ്ഞു. എമിറേറ്റ്സ് റോഡിലേക്ക് യാത്ര എളുപ്പമാക്കുന്നതിനൊപ്പം വിവിധ മേഖലകളിലേക്കുള്ള സഞ്ചാര സൗകര്യം ശക്തിപ്പെടുത്തുന്നതുമാണ് നവീകരണം.
പദ്ധതിയിൽ ഉൾപ്പെടുത്തി റോഡിന്റെ ഭാഗമായ യു ടേണുകൾ, ജങ്ഷനുകൾ എന്നിവ നവീകരിക്കുകയും ട്രാഫിക്, സൂചനാ ബോർഡുകൾ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. മേഖലയിൽ വാഹനങ്ങളുടെ എണ്ണം വർധിച്ചതിനനുസരിച്ച് ആവശ്യമായ സുരക്ഷ ഉറപ്പാക്കാനും പദ്ധതി സഹായകരമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

