വ്യാജരേഖയിൽ ദുബൈയിലെത്തിയത് 1610 പേർ
text_fieldsപ്രതീകാത്മക ചിത്രം
ദുബൈ: കഴിഞ്ഞ 20 മാസത്തിൽ യാത്രക്കാരിൽ നിന്ന് 1610 വ്യാജ യാത്രാരേഖകൾ പിടിച്ചെടുത്തെന്ന് ദുബൈ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ്(ജി.ഡി.ആർ.എഫ്.എ) മേധാവി ലഫ്. ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറി വെളിപ്പെടുത്തി.
ഡോക്യുമെന്റ് എക്സാമിനേഷൻ സെന്ററിന്റെയും പരിശീലനം ലഭിച്ച ഉദ്യോഗസ്ഥരുടെയും സഹായത്തോടെയാണ് വ്യാജരേഖകൾ പിടികൂടിയതെന്ന് അദ്ദേഹം പറഞ്ഞു. വ്യാജ യാത്രാരേഖകൾ കണ്ടെത്തൽ പാസ്പോർട്ട് ഉദ്യോഗസ്ഥരുടെ പ്രധാന ചുമതലയാണ്. കഴിഞ്ഞ വർഷം 761, ഈ വർഷം ആഗസ്റ്റ് വരെ 849 എന്നിങ്ങനെയാണ് വ്യാജരേഖകൾ കണ്ടെടുത്തത്. ദുബൈയിൽ എത്തുന്നവരെ മികച്ച രീതിയിൽ രാജ്യത്തേക്ക് സ്വാഗതം ചെയ്യാനും വ്യാജമാരെ അതിർത്തികളിൽത്തന്നെ തടയുന്നതിനുമായി 1357 മുൻനിര ഉദ്യോഗസ്ഥരാണ് ദുബൈ വിമാനത്താളങ്ങളിൽ സേവനം ചെയ്യുന്നത്.
ഏറ്റവും ഉയർന്ന സേവന നിലവാരം പ്രദാനം ചെയ്തും വൈവിധ്യമായ സംവിധാനങ്ങൾ പ്രയോഗിച്ചുമാണ് യു.എ.ഇ, പ്രത്യേകിച്ച് ദുബൈ അത്യപൂർവമായ നേട്ടങ്ങൾ ഈ മേഖലയിൽ കൈവരിച്ചതെന്ന് അൽ മർറി വ്യക്തമാക്കി. ലോകത്തെ ഏറ്റവും ആകർഷകമായ ലക്ഷ്യസ്ഥാനമെന്ന നിലയിൽ യു.എ.ഇക്ക് മാന്യമായ പ്രതിച്ഛായയുണ്ട്. അതിനാൽ പാസ്പോർട്ട് ഓഫിസർമാരെ ഏൽപിച്ച ചുമതലകൾ പൂർണമായി നിർവഹിച്ച് അത് സംരക്ഷിക്കാൻ അവർ പരിശ്രമിക്കുന്നു.
പാസ്പോർട്ട് ഓഫിസർമാർക്ക് ദയയും അനുകമ്പയും സദാപുഞ്ചിരിയും ആവശ്യമാണ്. യാത്രക്കാരുടെ മുഖത്ത് എമിറേറ്റ്സിന്റെ പുഞ്ചിരി എപ്പോഴും നിലനിൽക്കണം- അദ്ദേഹം ചൂണ്ടിക്കാട്ടി. അതിഥികളെ മികച്ച രീതിയിൽ സ്വീകരിക്കുന്ന ഉദ്യോഗസ്ഥരെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

