ദുബൈയിലെ റോഡുകളിൽ 150 സ്മാർട്ട് റഡാറുകൾ കൂടി
text_fieldsദുബൈ: റോഡുകളിൽ സുരക്ഷ വർധിപ്പിക്കുന്നതിനായി 150 അത്യാധുനിക സ്മാർട്ട് റഡാറുകൾ സ്ഥാപിച്ചതായി ദുബൈ പൊലീസ് ട്രാഫിക് വിഭാഗം ഡയറക്ടർ ബ്രിഗേഡിയർ ജുമാ സലീം ബിൻ സുവൈദാൻ അറിയിച്ചു. 2020ൽ ആരംഭിച്ച ഈ പദ്ധതി റോഡപകടങ്ങളും മരണനിരക്കും കുറക്കുന്നതിൽ വലിയ പങ്കുവഹിക്കുന്നുണ്ട്. വേഗപരിധി ലംഘിക്കുന്നത് കണ്ടുപിടിക്കുന്നതിനൊപ്പം, വരി മാറുന്നത്, മൊബൈൽ ഉപയോഗം, സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കൽ തുടങ്ങിയ നിയമലംഘനങ്ങളും ഇവ കൃത്യമായി കണ്ടെത്തുന്നു.
അനാവശ്യമായി റോഡിന് നടുവിൽ വാഹനം നിർത്തുക, കാൽനടയാത്രക്കാർക്ക് മുൻഗണന നൽകാതിരിക്കുക, വാഹനം തൊട്ടുരുമ്മി ഓടിക്കുക, ഗതാഗതം തടസ്സപ്പെടുത്തുക എന്നിവയും ഈ സ്മാർട്ട് കാമറകൾ നിരീക്ഷിക്കും. തുടക്കത്തിൽ ഇത്തരം നിയമലംഘനങ്ങൾ കൂടുതൽ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ, ആളുകൾ നിയമങ്ങൾ പാലിക്കാൻ തുടങ്ങിയതോടെ ലംഘനങ്ങളുടെ എണ്ണം വളരെ കുറഞ്ഞിട്ടുണ്ട്.
കൂടുതൽ അപകടങ്ങൾ നടക്കുന്ന പ്രധാന റോഡുകളിലും ജനവാസ മേഖലകളിലും സ്മാർട്ട് റഡാറുകളുടെ സാന്നിധ്യം ശക്തമാക്കാനാണ് തീരുമാനം. വിവിധ റിയൽ എസ്റ്റേറ്റ് കമ്പനികളുമായി സഹകരിച്ച് റെസിഡൻഷ്യൽ കമ്യൂണിറ്റികളിലും ടൂറിസ്റ്റ് കേന്ദ്രങ്ങളിലും കൂടുതൽ കാമറകൾ സ്ഥാപിച്ചു വരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

