ഷാർജയിൽ 150 കോടിയുടെ ‘സുകൂൻ’ പദ്ധതിക്ക് തുടക്കം
text_fieldsഷാർജ: എമിറേറ്റിൽ 150 കോടി വിലമതിക്കുന്ന ‘സുകൂൻ’ റെസിഡൻഷ്യൽ പദ്ധതി ആരംഭിച്ചു. പുതിയ താമസ സമുച്ചയം വികസിപ്പിക്കുന്നതിന് റിയൽ എസ്റ്റേറ്റ് കമ്പനിയായ ‘സാൻസനാ’ണ് ‘സുകൂൺ’ എന്ന പേരിൽ വൻ പദ്ധതിയുടെ നിർമാണ പ്രവർത്തനങ്ങൾ ഔദ്യോഗികമായി ആരംഭിച്ചത്. നാല് ഘട്ടങ്ങളിലായി 859 വില്ലകളും ടൗൺഹൗസുകളും ഉൾപ്പെടുന്നതാണ് പദ്ധതി. വിനോദത്തേക്കാൾ ദൈനംദിന ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിലാണ് പദ്ധതിയുടെ പ്രധാന ശ്രദ്ധ. കമ്പനി ആസ്ഥാനത്ത് നടന്ന കരാർ ഒപ്പിടൽ ചടങ്ങിലാണ് പദ്ധതി പ്രഖ്യാപിച്ചത്.
സാൻസൻ ചെയർമാൻ അബ്ദുൽഅസീസ് അൽ സനദ്, സി.ഇ.ഒയും സ്ഥാപകനുമായ അമ്രോ സാലിഹ്, പി.ടി.സി ചെയർമാൻ മുഹമ്മദ് ഉബൈദ് അൽഷാലി, പ്രോജക്റ്റ് മാനേജർ ഹിഷാം മുസ്തഫ എന്നിവരും മറ്റ് ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു. പദ്ധതിയുടെ ആദ്യ ഘട്ടം നടപ്പാക്കുന്നത് പി.ടി.സി ആണ്. സമുച്ചയത്തിലെ സൗകര്യങ്ങളും സേവനങ്ങളും എല്ലാ വീടുകൾക്കും അടുത്തായി ലഭ്യമാകുന്ന രീതിയിലാണ് ക്രമീകരിച്ചിട്ടുള്ളത്.
241 യൂണിറ്റുകൾ ഉൾപ്പെടുന്ന ആദ്യ ഘട്ടത്തിലെ മുഴുവൻ യൂനിറ്റുകളും ലോഞ്ച് ദിനത്തിൽ തന്നെ വിറ്റഴിക്കപ്പെട്ടു. ഇതോടെ പദ്ധതിയോടുള്ള വിപണിയുടെ ആകർഷണം വ്യക്തമാണ്. ആദ്യ വർഷത്തിൽ 300കോടി ദിർഹം വരെ വിൽപന ലക്ഷ്യമിടുന്നതായി കമ്പനി അറിയിച്ചു. പ്രാദേശികവും അന്താരാഷ്ട്രവുമായ നിക്ഷേപകരുടെ വലിയ താൽപര്യമാണ് പദ്ധതിക്ക് ലഭിക്കുന്നത്. രണ്ടാം ഘട്ട ബുക്കിങുകളും ഇതിനകം ആരംഭിച്ചിട്ടുണ്ടെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

