Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅല്‍ ഐന്‍ യുനെസ്‌കോ...

അല്‍ ഐന്‍ യുനെസ്‌കോ പൈതൃക പട്ടികയിലെത്തിയിട്ട് 15 വര്‍ഷം

text_fields
bookmark_border
https://www.madhyamam.com/tags/unesco
cancel
camera_alt

യുനസ്‌കോ പൈതൃക പട്ടികയില്‍ ഇടം പിടിച്ച അല്‍ ഐനിലെ പുരാതനയിടങ്ങള്‍

അബൂദബി: യു.എ.ഇയുടെ സാംസ്‌കാരിക പ്രയാണത്തില്‍ നിര്‍ണായക നാഴികക്കല്ലായ അല്‍ ഐന്‍ നഗരം രാജ്യത്തെ ആദ്യ യുനെസ്‌കോ ലോക പൈതൃക കേന്ദ്രമായി മാറിയതിന്‍റെ പതിനഞ്ചാം വാര്‍ഷികം ആഘോഷിച്ചു. 2011 ജൂണ്‍ 27നാണ് ഈ ഗാര്‍ഡന്‍ സിറ്റിയിലെ ചരിത്രപ്രസിദ്ധമായ നിരവധി കേന്ദ്രങ്ങളെ ഐക്യരാഷ്ട്രസഭയുടെ സാംസ്‌കാരിക വിഭാഗമായ യുനെസ്‌കോ ആഗോള പൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. ആധുനികതയിലേക്ക് അതിവേഗം കുതിക്കുമ്പോഴും ആയിരക്കണക്കിന് വര്‍ഷം പഴക്കമുള്ള സമ്പന്നമായ സംസ്‌കാരവും പാരമ്പര്യവും ഈ മണ്ണിലുണ്ടെന്ന് വിളിച്ചോതുന്നതാണ് ഈ അംഗീകാരം.

ജബല്‍ ഹഫീത്, ഹിലി, ബിദ ബിന്‍ത് സൗദ്, ഒയാസിസ് പ്രദേശങ്ങള്‍ എന്നിവയുള്‍പ്പെടുന്നതാണ് അല്‍ ഐനിലെ ചരിത്ര സാംസ്‌കാരിക കേന്ദ്രങ്ങള്‍. വെങ്കലയുഗത്തിലെ ശവക്കല്ലറകളും ഒയാസിസ് നഗരത്തിലേക്ക് വെള്ളമെത്തിച്ചിരുന്ന പുരാതനമായ സങ്കീര്‍ണ ജലസേചന സംവിധാനങ്ങളും ഈ പ്രദേശങ്ങളുടെ പ്രത്യേകതയാണ്. നവീന ശിലായുഗം മുതല്‍ക്കേ മനുഷ്യവാസമുള്ള അല്‍ ഐനില്‍, ചരിത്രാതീത കാലത്തെ വെങ്കല ഇരുമ്പ് യുഗ സംസ്‌കാരങ്ങളുടെ ശേഷിപ്പുകള്‍ നിലനില്‍ക്കുന്നുണ്ട്. മരുഭൂമി പ്രദേശത്തെ പുരാതനവും സ്ഥിരവുമായ മനുഷ്യവാസത്തിന്റെ ഉത്തമ ഉദാഹരണമാണ് അല്‍ ഐനിലെ പൈതൃക കേന്ദ്രങ്ങളെന്ന് യുനെസ്‌കോ സാക്ഷ്യപ്പെടുത്തുന്നു.

ഇതില്‍ ഉള്‍പ്പെട്ടിട്ടുള്ള ജബല്‍ ഹഫീത് കല്ലറകള്‍ക്ക് 5,000 വര്‍ഷത്തിലേറെ പഴക്കമുണ്ട്. യു.എ.ഇയില്‍ വെങ്കലയുഗത്തിന്‍റെ തുടക്കം കുറിച്ച കാലഘട്ടത്തിന്‍റേതാണ് താഴികക്കുടത്തിന്റെ ആകൃതിയിലുള്ള ശവകുടീരങ്ങള്‍. പൈതൃക പട്ടികയിലെ മറ്റൊരു പ്രധാന കേന്ദ്രമായ ഹിലി പുരാവസ്തു കേന്ദ്രം, ബി.സി 2500ല്‍ യു.എ.ഇയില്‍ നിലനിന്നിരുന്ന ഏറ്റവും പഴയ കാര്‍ഷിക ഗ്രാമത്തിന്റെ തെളിവുകള്‍ നല്‍കുന്നതാണ്. പരമ്പരാഗത ജലസേചന രീതിയായ 'അല്‍ ഫലജ്' സംവിധാനത്തിന്റെ ആദ്യകാല രൂപങ്ങളും ഇവിടെ കാണാം.

അല്‍ ഐന് പുറമെ, ഷര്‍ജയിലെ ഫായ പാലിയോ ലാന്‍ഡ്സ്‌കേപ്പ് കഴിഞ്ഞ വര്‍ഷം യുനെസ്‌കോയുടെ ലോക പൈതൃക പദവി നേടി യു.എ.ഇയിലെ രണ്ടാമത്തെ കേന്ദ്രമായി മാറിയിരുന്നു. മധ്യ ഷാര്‍ജയിലെ ഈ പുരാതന മരുഭൂമി പ്രദേശം, 2,10,000 വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ആദ്യകാല മനുഷ്യസാന്നിധ്യത്തിന്റെ ലോകത്തിലെ തന്നെ ഏറ്റവും പഴയതും തടസ്സമില്ലാത്തതുമായ ചരിത്രരേഖകള്‍ സൂക്ഷിക്കുന്ന ഇടമാണ്. ഈജിപ്തിലെ പിരമിഡുകള്‍, ഇന്ത്യയുടെ താജ്മഹല്‍, ചൈനയിലെ അതിര്‍ത്തി മതില്‍ തുടങ്ങിയ ലോകോത്തര ചരിത്ര സ്മാരകങ്ങളുടെ അതേ പദവിയോടെയാണ് അല്‍ ഐനിലെ സാംസ്‌കാരിക കേന്ദ്രങ്ങളും ഷാര്‍ജയിലെ ഫായയും ആഗോള തലത്തില്‍ യു.എ.ഇയുടെ അഭിമാനമുയര്‍ത്തി നില്‍ക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE NewsUnescoAl AinUNESCO World Heritage List
News Summary - 15 years since Al Ain was added to the UNESCO World Heritage List
Next Story