ഡെലിവറി റൈഡർമാർക്ക് 15 താൽക്കാലിക വിശ്രമകേന്ദ്രങ്ങൾ
text_fieldsഡെലിവറി റൈഡർമാർക്ക് ഒരുക്കിയ
താൽക്കാലിക വിശ്രമകേന്ദ്രം
ദുബൈ: ഡെലിവറി ബൈക്ക് റൈഡർമാർക്ക് 15 താൽക്കാലിക എ.സി വിശ്രമകേന്ദ്രങ്ങൾ സജ്ജീകരിച്ച് ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ). എമിറേറ്റിലെ പ്രധാന ബസ്, മെട്രോ സ്റ്റേഷനുകളിലായാണ് സംവിധാനം ഒരുക്കിയത്. ഉച്ച വിശ്രമ സമയങ്ങളിൽ റോഡ് സുരക്ഷ വർധിപ്പിക്കുക, ജീവിതനിലവാരം മെച്ചപ്പെടുത്തുക, അവശ്യ സേവനങ്ങളും സൗകര്യവും ഉറപ്പാക്കുക എന്നിവ ലക്ഷ്യമിട്ടാണ് പദ്ധതിയെന്ന് അധികൃതർ വാർത്തക്കുറിപ്പിൽ പറഞ്ഞു.
ജൂൺ 15 മുതൽ ആരംഭിച്ച ഉച്ചവിശ്രമ നിയമപ്രകാരം ഉച്ച 12.30 മുതൽ 3 വരെ തുറന്ന സ്ഥലങ്ങളിൽ ജോലി ചെയ്യുന്നതിന് വിലക്കുണ്ട്. ഈ സമയങ്ങളിൽ ബൈക്ക് ഡെലിവറി റൈഡർമാർക്ക് വിശ്രമിക്കാനുള്ള സൗകര്യമാണ് പദ്ധതിയിൽ ഒരുക്കിയിട്ടുള്ളത്.
എമിറേറ്റിലെ 40 കേന്ദ്രങ്ങളിൽ നേരത്തേതന്നെ സ്ഥിരം വിശ്രമകേന്ദ്രങ്ങൾ ഡെലിവറി റൈഡർമാർക്കായി ആർ.ടി.എ ഒരുക്കിയിരുന്നു. നേരിട്ടുള്ള സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുന്നതും വിശ്രമത്തിന് ആവശ്യമായ സംവിധാനങ്ങളുള്ളതുമാണ് വിശ്രമ കേന്ദ്രങ്ങൾ. കുടിവെള്ളം, മൊബൈൽ ഫോൺ ചാർജിങ് സ്റ്റേഷൻ, ബൈക്കുകൾ പാർക്ക് ചെയ്യാൻ സമീപത്ത് സൗകര്യം എന്നിവ കേന്ദ്രങ്ങളിൽ ഒരുക്കിയിട്ടുണ്ട്. പുതുതായി ഏർപ്പെടുത്തിയ താൽക്കാലിക വിശ്രമ സ്ഥലങ്ങളിൽ ഡെലിവറുമായി സഹകരിച്ച് യു.എ.ഇ ഫുഡ് ബാങ്ക് 7500 ഭക്ഷണം നൽകുന്നുണ്ട്.
സമൂഹത്തിന് നൽകുന്ന സേവനത്തിന് പകരമായി ഡെലിവറി റൈഡർമാർക്ക് ഭക്ഷണം നൽകുകയെന്ന കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്.
ഗോൾഡ് സൂഖ്, അൽ സത്വ, അൽ ജാഫിലിയ, ഊദ് മേത്ത എന്നിവിടങ്ങളിലെ ബസ് സ്റ്റേഷനുകളിലും ഇ ആൻഡ്, അൽ ഖുസൈസ്, എമിറേറ്റ്സ് ടവർസ്, ഇൻഷുറൻസ് മാർക്കറ്റ്, സെന്റർ പോയന്റ്, അൽ ഫുർജാൻ, ബിസിനസ് ബേ, ഡി.എം.സി.സി, എ.ഡി.സി.ബി, ബുർജുമാൻ എന്നീ മെട്രോ സ്റ്റേഷനുകളിലെ എക്സിറ്റുകളിലുമാണ് താൽക്കാലിക വിശ്രമ കേന്ദ്രങ്ങൾ ഒരുക്കിയിട്ടുള്ളത്. സെപ്റ്റംബർ 15 വരെയാണ് യു.എ.ഇയിൽ ഉച്ച വിശ്രമ നിയമം പ്രഖ്യാപിച്ചിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

