ലഹരിമിഠായി കടത്ത്; ദുബൈയിൽ 15 പേർ അറസ്റ്റിൽ
text_fieldsലഹരി മിഠായി കടത്തിൽ പിടിയിലായ പ്രതികൾ
ദുബൈ: യുവാക്കളെയും കുട്ടികളെയും ലക്ഷ്യമിട്ട് ദുബൈയിലേക്ക് ലഹരി മിഠായി കടത്താൻ ശ്രമിച്ച 15 പേർ പൊലീസ് പിടിയിലായി. പ്രതികളിൽ അഞ്ചുപേർ വനിതകളാണ്. 48 കിലോ മയക്കുമരുന്നും 1100 ലഹരി മിഠായികളും പ്രതികളിൽനിന്ന് പിടിച്ചെടുത്തു. ഇവക്ക് വിപണിയിൽ ഏതാണ്ട് 24 ലക്ഷം ദിർഹം വിലവരും. മിഠായി വിൽപനയുടെ മറവിൽ മയക്കുമരുന്ന് കലർത്തിയ മധുരപലഹാരങ്ങളും ച്യൂയിംഗവും വിതരണം ചെയ്യാനായിരുന്നു പ്രതികളുടെ ലക്ഷ്യം. സമൂഹ മാധ്യമങ്ങളിലൂടെ യുവാക്കൾക്കും കുട്ടികൾക്കുമാണ് ലഹരി മിഠായികൾ വിൽപന നടത്തിയിരുന്നതെന്നാണ് സംശയം.
അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് നടത്തുന്ന ലഹരിവിരുദ്ധ ബോധവത്കരണത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ദുബൈ ഫെസ്റ്റിവൽ സിറ്റിയിൽ നടത്തിയ വാർത്തസമ്മേളനത്തിലാണ് ദുബൈ പൊലീസ് ലഹരി വേട്ട സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്.
രാജ്യത്തിന് പുറത്തുനിന്നാണ് സംഘം പ്രവർത്തിച്ചിരുന്നതെന്നും പക്ഷേ, ബന്ധപ്പെട്ട അതോറിറ്റികളുടെ സഹകരണത്തോടെ ഇവരെ അറസ്റ്റ് ചെയ്യാൻ കഴിഞ്ഞതായും ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് നാർക്കോട്ടിക്സിലെ ഇന്റർനാഷനൽ പ്രൊട്ടക്ഷൻ സെന്റർ ഡയറക്ടർ ബ്രിഗേഡിയർ ജനറൽ ഡോ. അബ്ദുറഹ്മാൻ ഷറഫ് അൽ മാമരി പറഞ്ഞു. വ്യത്യസ്തമായ മിഠായികളിലാണ് ലഹരി കലർത്തിയിരുന്നത്.
പ്രതികളുടെ വീടുകളിൽ പരിശോധന നടത്തുന്നതിനുമുമ്പ് സംഘത്തിന്റെ നീക്കങ്ങൾ പൊലീസ് സൂക്ഷ്മമായി നിരീക്ഷിച്ചിരുന്നു. യു.എ.ഇയിൽ മയക്കുമരുന്ന് കലർന്ന മധുരപലഹാരങ്ങൾ വിതരണം ചെയ്യാൻ ശ്രമിക്കുന്ന ഒരു അതിർത്തി കടന്നുള്ള ശൃംഖലയെക്കുറിച്ച് സൂചന ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രതികളെ പിടികൂടുന്നതിനായി വിദഗ്ധ സംഘത്തിനൊപ്പം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടിസ്ഥാനമാക്കിയുള്ള നിരീക്ഷണ സംവിധാനങ്ങളും പൊലീസ് ഉപയോഗപ്പെടുത്തിയിരുന്നു.
അതേസമയം, സമൂഹ മാധ്യമങ്ങൾ വഴിയുള്ള ലഹരി വിൽപന വർധിക്കുന്നതിനെതിരെ ജാഗ്രത പുലർത്തണമെന്നും കഴിഞ്ഞ ദിവസങ്ങളിൽ അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു. ഡിജിറ്റൽ ലോകത്ത് ഇത്തരം അപകടങ്ങൾക്കെതിരെ കുട്ടികളെ ബോധവത്കരിക്കുന്നതിൽ കുടുംബങ്ങൾ കൂടുതൽ ശ്രദ്ധചെലുത്തണമെന്ന് അധികൃതർ അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

