ദുബൈയിൽ 14.5 കിലോമീറ്റർ ബസ്-ടാക്സി പ്രത്യേക പാത 30 ശതമാനം പൂർത്തിയായി; യാത്രാസമയം കുറയും, കൃത്യതയേറും
text_fieldsദുബൈ: ദുബൈയിലെ ആറ് പ്രധാന റോഡുകളിലായി നടപ്പിലാക്കുന്ന 14.5 കിലോമീറ്റർ ദൈർഘ്യമുള്ള പ്രത്യേക ബസ്-ടാക്സി ലൈൻ പദ്ധതിയുടെ 30 ശതമാനം ജോലികൾ പൂർത്തിയായതായി റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർ.ടി.എ) അറിയിച്ചു. നഗരത്തിലെ ആറ് പ്രധാന റോഡുകളിലായി വ്യാപിച്ചുകിടക്കുന്ന ഈ പദ്ധതി പൂർത്തിയാകുന്നതോടെ, ചില റൂട്ടുകളിൽ ബസ് യാത്രാസമയം 59 ശതമാനം വരെ കുറക്കാനാവും. തിരക്കേറിയ സമയങ്ങളിൽ മികച്ച സർവീസ് ഉറപ്പാക്കാനും സാധിക്കും. ദിവസേനയുള്ള യാത്രക്കാർക്ക് ഇത് വലിയ ആശ്വാസമാകും.
ശൈഖ് സബാഹ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് സ്ട്രീറ്റ്, ഡിസംബർ 2 സ്ട്രീറ്റ്, അൽ സത്വ സ്ട്രീറ്റ്, അൽ നഹ്ദ സ്ട്രീറ്റ്, ഉമർ ബിൻ അൽ ഖത്താബ് സ്ട്രീറ്റ്, നായിഫ് സ്ട്രീറ്റ് എന്നിവടങ്ങളിലാണ് ഈ പ്രത്യേക പാതകൾ ഒരുങ്ങുന്നത്. ഇത് പൂർത്തിയാകുന്നതോടെ ദുബൈയിലെ ആകെ പ്രത്യേക ബസ് പാതകളുടെ നീളം 20.6 കിലോമീറ്ററായി വർധിക്കും.
‘സ്വകാര്യ വാഹനങ്ങൾക്ക് പകരം പൊതുഗതാഗതം ഉപയോഗിക്കാൻ താമസക്കാരെ പ്രോത്സാഹിപ്പിക്കുന്നതാണ് ഈ പദ്ധതി. യാത്രാസമയം കുറക്കാനും ബസ് സമയക്രമം കൃത്യമാക്കാനും ഇത് സഹായിക്കും. ഒപ്പം, പ്രവർത്തനച്ചെലവ് കുറക്കാനും ഗതാഗത സംവിധാനങ്ങളെ എളുപ്പത്തിൽ ബന്ധിപ്പിക്കാനും അന്തരീക്ഷ മലിനീകരണം കുറക്കാനും ഇത് വഴിയൊരുക്കും’ -ആർ.ടി.എ ഡയറക്ടർ ജനറലും എക്സിക്യൂട്ടീവ് ഡയറക്ടർ ബോർഡ് ചെയർമാനുമായ മത്തർ അൽ തായർ പ്രസ്താവിച്ചു.
യാത്രാസമയത്തിലും കൃത്യനിഷ്ഠയിലും മാറ്റം
പ്രത്യേക ലൈനുകൾ വരുന്നതോടെ തിരക്കേറിയ സമയങ്ങളിൽ ബസ് യാത്രാസമയം 24 ശതമാനം മുതൽ 59 ശതമാനം വരെ കുറയും. അതോടൊപ്പം ബസുകൾ കൃത്യസമയത്ത് എത്തുന്നതിൽ 28-56 ശതമാനം വരെ പുരോഗതിയുണ്ടാകും.
നായിഫ് സ്ട്രീറ്റ്: 59 ശതമാനം, അൽ സത്വ സ്ട്രീറ്റ്: 54, ഉമർ ബിൻ അൽ ഖത്താബ് സ്ട്രീറ്റ്: 50, അൽ നഹ്ദ സ്ട്രീറ്റ്: 38 എന്നിങ്ങനെയാണ് യാത്രാസമയം കുറയുന്ന നിരക്ക്.
ബസ് എത്തിച്ചേരുന്ന സമയ നിരക്കിൽ ഡിസംബർ 2 സ്ട്രീറ്റിൽ 56 ശതമാനം, ശൈഖ് സബാഹ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് സ്ട്രീറ്റ്: 52, അൽ സത്വ സ്ട്രീറ്റ്: 48, ഉമർ ബിൻ അൽ ഖത്താബ് സ്ട്രീറ്റ്: 42 എന്നിങ്ങനെ പുരോഗതിയുണ്ടാകും.
വേഗതയും കൃത്യതയും കൂടുന്നതോടെ ചില റൂട്ടുകളിൽ ബസ് യാത്രക്കാരുടെ എണ്ണത്തിൽ 30 ശതമാനം വരെ വർധന ഉണ്ടാകും. യാത്രാസമയം ലാഭിക്കാൻ കഴിയുന്നതിനാൽ ഈ റൂട്ടുകളിൽ സർവീസ് നടത്താൻ കുറഞ്ഞ എണ്ണം ബസുകൾ മതിയാകും.
മുമ്പ് നടപ്പാക്കിയ മൂന്ന് ഘട്ടങ്ങളുടെ വിജയത്തെ തുടർന്നാണ് പുതിയ വിപുലീകരണം. മുൻ ഘട്ടങ്ങളിൽ ഓരോ ബസിനും യാത്രാസമയത്തിൽ അഞ്ചുമിനിറ്റ് വരെ (24 ശതമാനം പുരോഗതി) ലാഭിക്കാൻ സാധിച്ചിരുന്നു. ഇത് യാത്രക്കാർക്കും ഡ്രൈവർമാർക്കും ഏറെ ആശ്വാസമായി. മുമ്പ് ഖാലിദ് ബിൻ അൽ വലീദ് സ്ട്രീറ്റിലെ 4.3 കിലോമീറ്റർ പാത ഉൾപ്പെടെ 6.1 കിലോമീറ്റർ പ്രത്യേക ബസ് ലൈനുകൾ ദുബൈ നടപ്പാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

