കടൽക്ഷോഭത്തിൽ അപകടത്തിലായ കപ്പലിൽ നിന്ന് 14 പേരെ രക്ഷിച്ചു
text_fieldsദുബൈ: കടൽക്ഷോഭത്തിനിടെ അപകടത്തിൽപ്പെട്ട കപ്പലിൽനിന്ന് ദുബൈ സമുദ്ര സുരക്ഷാ സേന 14 പേരെ രക്ഷപ്പെടുത്തി. അതിവേഗത്തിൽ സാഹസികമായാണ് തീരത്തിനടുത്ത് അപകടത്തിൽപെട്ട കപ്പലിൽ രക്ഷാപ്രവർത്തനം നടത്തിയത്. ശക്തമായ തിരമാലയും കാറ്റും ഗുരുതരമായ പ്രതിസന്ധിയാണ് രക്ഷാപ്രവർത്തനത്തിന് സൃഷ്ടിച്ചത്.
കൺട്രോൾ റൂമിൽ ലഭിച്ച അലർട്ടിനെത്തുടർന്നാണ് അധികൃതർ അതിവേഗത്തിൽ ഇടപെട്ടത്. മോശം കാലാവസ്ഥയെ തുടർന്ന് കപ്പൽ നിയന്ത്രണം നഷ്ടപ്പെടുകയും തീരത്തിന് സമീപം ആടിയുലയുകയും െചയ്യുന്നതായാണ് വിവരം ലഭിച്ചത്. തുടർന്ന് അടിയന്തര സാഹചര്യം നേരിടാനുള്ള മുന്നൊരുക്കത്തോടെ സേന അതിവേഗം സംഭവസ്ഥലത്ത് എത്തുകയായിരുന്നു.
മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനത്തിലാണ് ഒരോരുത്തരെയായി കപ്പലിൽനിന്ന് സുരക്ഷിതമായി രക്ഷിച്ചത്. സംഭവത്തിൽ ആർക്കും പരിക്കില്ല. രക്ഷപ്പെട്ട യാത്രക്കാർ അധികൃതർക്ക് നന്ദിയറിയിച്ചു. മുഴുവൻ സമയവും പ്രവർത്തനസജ്ജമായ ടീം നിരവധി അടിയന്തര സാഹചര്യങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ടെന്നും, സേന ഇടപെട്ട സംഭവങ്ങളിൽ ഒന്നുമാത്രമാണിതെന്നും ദുബൈ പൊലീസിലെ മാരിടൈം റെസ്ക്യൂ മേധാവി മേജർ മർവാൻ അൽ കഅ്ബി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

