സ്കൂൾ ബസുകൾ കൂട്ടിയിടിച്ച് 14 പേർക്ക് പരിക്ക്
text_fieldsദുബൈ: രണ്ട് സ്കൂൾ ബസുകൾ കൂട്ടിയിടിച്ച് 14 പേർക്ക് പരിക്ക്. തിങ്കളാഴ്ച വൈകുന്നേരമുണ്ടായ അപകടത്തിൽ 13 വിദ്യാർഥികൾക്കും ഒരു അധ്യാപികക്കുമാണ് പരിക്കേറ്റത്. ആരുടേയും പരിക്ക് ഗുരുതരമല്ല. ഇ311 റോഡിൽ ഷാർജക്കും അജ്മാനും ഇടയിലായിരുന്നു അപകടം. പരിക്കേറ്റ കുട്ടികൾ ആറിനും പന്ത്രണ്ടിനും ഇടയിൽ പ്രായമുള്ളവരാണ്. അപകടത്തെ കുറിച്ച് 3.11നാണ് വിവരം ലഭിച്ചതെന്ന് ദേശീയ ആംബുലൻസ് അറിയിച്ചു.
13 മിനിറ്റിനകം സംഭവസ്ഥലത്തെത്തിയ അധികൃതർ പരിക്കേറ്റവരെ ഉടൻ ആശുപത്രിയിലെത്തിച്ചു. പരിക്കേറ്റ വിദ്യാർഥികളെല്ലാം പാകിസ്താൻ സ്വദേശികളാണെന്നാണ് വിവരം. മൂന്നുപേരെ ഷാർജ അൽ ഖാസിമി ആശുപത്രിയിലും മറ്റുള്ളവരെ അജ്മാൻ ഖലീഫ ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചത്. ബലി പെരുന്നാൾ അവധി കഴിഞ്ഞ് സ്കൂൾ തുറക്കുന്ന ദിവസമാണ് അപകടമുണ്ടായത്. സ്കൂൾ വിട്ടു പോകുകയായിരുന്ന ബസുകളാണ് അപകടത്തിൽപെട്ടത്. സ്കൂൾ ബസുകളുടെ സുരക്ഷ ഉറപ്പുവരുത്താൻ നിരവധി നടപടികൾ അധികൃതർ രാജ്യത്തുടനീളം സ്വീകരിച്ചുവരുന്നുണ്ട്. അതുവഴി സ്കൂൾ ബസുകൾ അപകടത്തിൽപെടുന്നത് വളരെയധികം കുറഞ്ഞിട്ടുമുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.