ആറുമാസം 1.395 ലക്ഷംകോടി; കുതിച്ചുയർന്ന് എണ്ണേതര വിദേശ വ്യാപാരം
text_fieldsദുബൈ: എണ്ണേതര വിദേശ വ്യാപാരത്തിൽ സുപ്രധാന നാഴികക്കല്ല് പിന്നിട്ട് രാജ്യം. ഈ വർഷം ആദ്യ ആറുമാസത്തെ കണക്കുകൾ പ്രകാരം വരുമാനം എക്കാലത്തെയും ഉയർന്ന നിരക്കിലാണ് വ്യാപാരം എത്തിനിൽക്കുന്നത്. യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമാണ് ‘എക്സ്’ അക്കൗണ്ട് വഴി ഇക്കാര്യം വെളിപ്പെടുത്തിയത്. ആറുമാസം 1.395 ലക്ഷംകോടി ദിർഹത്തിന്റെ വ്യാപാരമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
കോവിഡ് മഹാമാരിക്ക് മുമ്പ് ഒരു വർഷം മുഴുവൻ രേഖപ്പെടുത്തിയ കയറ്റുമതിക്ക് തുല്യമാണ് വെറും ആറ് മാസത്തിനുള്ളിലെ യു.എ.ഇയുടെ ഈ വർഷത്തെ കയറ്റുമതിയെന്നും ശൈഖ് മുഹമ്മദ് വെളിപ്പെടുത്തി. 2031ഓടെ നാലു ലക്ഷം കോടി ദിർഹം വിദേശ വ്യാപാരം ലക്ഷ്യമിട്ട് കുറച്ച് വർഷങ്ങൾക്ക് മുമ്പ് നാം ദേശീയ സാമ്പത്തിക ലക്ഷ്യം രൂപപ്പെടുത്തിയിരുന്നു.
അക്കാലത്ത് അത് വളരെ വെല്ലുവിളി നിറഞ്ഞതായാണ് വിലയിരുത്തിയത്. എന്നാലിന്ന് ആറു മാസത്തിൽ എണ്ണേതര കയറ്റുമതിയിൽ 25ശതമാനം വളർച്ചയോടെ, വിദേശവ്യാപാരം 1.4ലക്ഷം കോടി ദിർഹത്തിന് അടുത്തെത്തിയിരിക്കുകയാണ്. ഈ വർഷം അവസാനത്തോടെ എണ്ണേതര വ്യാപാരം മൂന്നു ലക്ഷം കോടി കോടിയിലെത്തിക്കുകയാണ് ലക്ഷ്യം -അദ്ദേഹം വെളിപ്പെടുത്തി.
ലോകത്തെ വിവിധ രാജ്യങ്ങളുമായി യു.എ.ഇ പുലർത്തുന്ന വ്യാപാരബന്ധം സംബന്ധിച്ചും ശൈഖ് മുഹമ്മദ് പോസ്റ്റിൽ പറഞ്ഞു. നിരവധി രാജ്യങ്ങളുമായുള്ള സാമ്പത്തിക ബന്ധം ശക്തിപ്പെട്ടു. ഇന്ത്യയുമായി 10 ശതമാനം, തുർക്കിയയുമായി 15 ശതമാനം, ഇറാഖുമായി 41ശതമാനം എന്നിങ്ങനെയാണ് വർധനവുണ്ടായത്. ഇറാഖാണ് യു.എ.ഇയിൽനിന്ന് ഏറ്റവും കൂടുതൽ കയറ്റുമതി നടക്കുന്ന രാജ്യം. വിദേശ വ്യാപാരത്തിന്റെ ആഗോള വളർച്ചനിരക്ക് ഏകദേശം 1.5 ശതമാനമാണെങ്കിലും, യു.എ.ഇയുടെ വിദേശ വ്യാപാരം പ്രതിവർഷം 11.2 ശതമാനം വർധിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. ലോകത്താകമാനമുള്ള രാജ്യങ്ങളുമായി ബന്ധം വളർത്തിയെടുക്കുന്നതിൽ യു.എ.ഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാന്റെ സഹായവും പൊതു-സ്വകാര്യ മേഖലകളിൽനിന്നുള്ള ആയിരക്കണക്കിന് ടീമുകളുടെ അശ്രാന്ത പരിശ്രമവും നേട്ടങ്ങൾക്ക് കാരണമായെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
യു.എ.ഇയുടെ മികച്ച 10 വ്യാപാര പങ്കാളികളുമായുള്ള എണ്ണേതര കയറ്റുമതി 28.7 ശതമാനം വർധിച്ചിട്ടുണ്ട്. മറ്റു രാജ്യങ്ങളുമായി വ്യാപാരം 12.6 ശതമാനമാണ് വർധന രേഖപ്പെടുത്തിയത്. സ്വർണം, ആഭരണങ്ങൾ, സിഗരറ്റുകൾ, എണ്ണകൾ, അലൂമിനിയം, കോപ്പർ വയറുകൾ, അച്ചടിച്ച വസ്തുക്കൾ, വെള്ളി, ഇരുമ്പ് വ്യവസായങ്ങൾ, സുഗന്ധദ്രവ്യങ്ങൾ എന്നിവയാണ് 2024 ആദ്യ പകുതിയിലെ ഏറ്റവും പ്രധാനപ്പെട്ട കയറ്റുമതി വിഭാഗങ്ങളുടെ പട്ടികയിൽ ഒന്നാമതുള്ളത്. അതോടൊപ്പം പുനർകയറ്റുമതി 345.1 ബില്യൺ ദിർഹത്തിലെത്തിയിട്ടുണ്ട്. പ്രത്യേകിച്ച് സൗദി അറേബ്യ, ഇറാഖ്, ഇന്ത്യ, യു.എസ്, കുവൈത്ത്, ഖത്തർ എന്നിവ യുമായെല്ലാം പുനർ കയറ്റുമതിയിൽ വളർച്ചയാണ് രേഖപ്പെടുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

