അൽ ദൈദിൽ 13 ടൺ കേടായ ഭക്ഷ്യവസ്തുക്കൾ പിടികൂടി; വസ്തുക്കൾ പൂർണമായും നശിപ്പിച്ചതായി മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥർ അറിയിച്ചു
text_fieldsപ്രതീകാത്മക ചിത്രം
ഷാർജ: അൽദൈദിലെ വ്യവസായ മേഖലയിൽ ലൈസൻസില്ലാത്ത വെയർഹൗസിൽ സൂക്ഷിച്ചിരുന്ന കേടായ ഭക്ഷണ സാധനങ്ങളുടെ വൻ ശേഖരം പിടികൂടി അധികൃതർ. അൽ ദൈദ് സിറ്റി മുനിസിപ്പാലിറ്റിയിലെ പൊതുജനാരോഗ്യ വകുപ്പിലെ ഫുഡ് കൺട്രോൾ വിഭാഗം ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് 13 ടണ്ണിലധികം കേടായ ഭക്ഷ്യ വസ്തുക്കൾ കണ്ടെത്തിയത്. ഇവ പിടിച്ചെടുത്ത് നശിപ്പിച്ചതായി മുനിസിപ്പാലിറ്റി അറിയിച്ചു.
ആവശ്യമായ ലൈസൻസില്ലാതേയും അംഗീകൃത ആരോഗ്യ, സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കാതെയുമാണ് 13 ടണ്ണും 170 കിലോഗ്രാമും തൂക്കം വരുന്ന ഭക്ഷ്യവസ്തുക്കൾ സൂക്ഷിച്ചിരുന്നതെന്ന് മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥർ പറഞ്ഞു. പൊതുജന സുരക്ഷ കണക്കിലെടുത്താണ് മുഴുവൻ വസ്തുക്കളും നശിപ്പിച്ചത്.
ആരോഗ്യപരമായ അപകട സാധ്യതകളിൽ നിന്ന് ഉപഭോക്തക്കളെ സംരക്ഷിക്കുന്നതിനും കർശനമായ ആരോഗ്യ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനുമായി വ്യവസായ മേഖലയിലെ ഭക്ഷ്യ സ്ഥാപനങ്ങളിലും വെയർഹൗസുകളിലും പൊതുജനാരോഗ്യ വകുപ്പ് ഉദ്യോസ്ഥർ പതിവായി പരിശോധന നടത്താറുണ്ട്. ഇതിനിടയിലാണ് വിപണിയിലേക്ക് വിതരണം ചെയ്യാനായി സൂക്ഷിച്ചിരുന്ന വലിയ അളവിലുള്ള കേടായ ഭക്ഷ്യ ഉത്പന്നങ്ങൾ കണ്ടെത്തിയത്. സംഭവത്തിൽ ആർക്കെതിരെയും നടപടിയെടുത്തതായി അധികൃതർ വെളിപ്പെടുത്തിയിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

