ദുബൈയിൽ 13 പുതിയ പള്ളികൾ കൂടി തുറന്നു
text_fieldsദുബൈ: ഈ വർഷം ആദ്യ പാദത്തിൽ എമിറേറ്റിൽ പുതുതായി 13 പള്ളികൾ കൂടി വിശ്വാസികൾക്കായി തുറന്നു നൽകിയതായി ദുബൈ ഔഖാഫ് (ദുബൈ ഇസ്ലാമിക് അഫേഴ്സ് ആൻഡ് ചാരിറ്റബിൾ ആക്ടിവിറ്റീസ് ഡിപാർട്ട്മെന്റ്) അറിയിച്ചു. മൊത്തം 16.2 കോടി ദിർഹം ചെലവിട്ടാണ് 13 പള്ളികൾ നിർമിച്ചത്. 13 പള്ളികളിലായി 10,400ലധികം പേർക്ക് ആരാധന നിർവഹിക്കാൻ സൗകര്യമുണ്ട്. എമിറേറ്റിൽ പുതുതായി വികസിപ്പിച്ച കമ്യൂണിറ്റികളിലെ ഉയരുന്ന ആവശ്യകത നിറവേറ്റാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് നടപടി.
അൽ അവീർ 1, ഹിന്ദ് സിറ്റി 3, അൽ യലായിസ് 5, അൽ ഖവാനീജ് 2, നാദൽ ഷിബ, അൽ ജദ്ദാഫ്, അൽ ഖിസൈസ് ഇൻഡസ്ട്രിയൽ മേഖല, ഹത്ത തുടങ്ങി എട്ട് മേഖലകളിലായി ഭാവിയിൽ പള്ളി നിർമിക്കാനായി 10 പ്ലോട്ടുകൾ അനുവദിച്ചതായും ഔഖാഫ് അറിയിച്ചു. തദ്ദേശവാസികൾക്ക് ആരാധന നിർവഹിക്കുന്നതിനായി രൂപകൽപന ചെയ്ത അഞ്ച് പള്ളികളും സമീപ പ്രദേശങ്ങളിലുള്ളവർക്കായി അഞ്ച് പള്ളികളുമാണ് ഇതിൽ ഉൾപ്പെടുക.
ദുബൈ സോഷ്യൽ അജണ്ട 33, ദുബൈ 2040 അർബൻ മാസ്റ്റർ പ്ലാൻ എന്നിവയെ പിന്തുണക്കുന്ന തന്ത്രപരമായ ശ്രമങ്ങളുടെ ഭാഗമാണ് പുതിയ വികസന പ്രവർത്തനങ്ങളെന്ന് കസ്റ്റമർ സർവിസ് ഡയറക്ടർ മുഹമ്മദ് ജാസിം അൽ മൻസൂരി പറഞ്ഞു. പുതുതായി ഉയർന്നുവന്ന ജില്ലകളിൽ വർധിക്കുന്ന ആവശ്യങ്ങളോടുള്ള പ്രതികരണമെന്ന നിലയിലാണ് പള്ളികളുടെ എണ്ണം വിപുലീകരിക്കുന്നത്. ദീർഘകാല ആസൂത്രണത്തിനും സുസ്ഥിരമായ ലക്ഷ്യങ്ങൾക്കും അനുസരിച്ച് സേവനങ്ങൾ കാര്യക്ഷമമായി ലഭ്യമാകുന്നുവെന്ന് ഉറപ്പുവരുത്തിയാണ് എല്ലാ നിർമാണങ്ങളും നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

