റോഡ് മുറിച്ചുകടക്കൽ, ഇ-സ്കൂട്ടർ അപകടങ്ങളിൽ 13 മരണം
text_fieldsനിശ്ചിത സ്ഥലത്തുകൂടിയല്ലാതെ സഞ്ചരിക്കുന്ന ഇ-സ്കൂട്ടർ (വിഡിയോ ദൃശ്യം)
ദുബൈ: നിശ്ചിത സ്ഥലത്തല്ലാതെ റോഡ് മുറിച്ചുകടക്കുന്നതിനിടയിലും ഇ-സ്കൂട്ടർ അപകടങ്ങളിലുമായി ഈ വർഷം ആദ്യ അഞ്ചുമാസങ്ങളിൽ മാത്രം 13 പേർ മരിച്ചതായി ദുബൈ പൊലീസ് വെളിപ്പെടുത്തി. ജനുവരിമുതൽ മേയ് വരെയുള്ള മാസങ്ങളിൽ ദുബൈ പൊലീസ് നിശ്ചിത സ്ഥലത്തല്ലാതെ റോഡ് മുറിച്ചുകടന്നതിന് 28,027 പിഴകൾ ചുമത്തിയിട്ടുണ്ട്. അതോടൊപ്പം നിയമലംഘനങ്ങൾ നടത്തിയ 15,029 സ്കൂട്ടറുകൾ പിടിച്ചെടുക്കുകയും ചെയ്തു. സുരക്ഷിതമല്ലാത്ത രീതികൾ കുറക്കുന്നതിനാണ് ശക്തമായ നടപടികൾ സ്വീകരിച്ചതെന്നും വ്യക്തമാക്കി.
അപകടങ്ങളിൽ ഏറെയും തിരക്കേറിയ, കനത്ത ട്രാഫിക്കുള്ള പ്രദേശങ്ങളിലാണെന്നും ഇത് റോഡ് സുരക്ഷക്കുണ്ടാക്കുന്ന ഗുരുതരമായ പ്രശ്നത്തെ ചൂണ്ടിക്കാണിക്കുന്നതായും ദുബൈ പൊലീസ് ആക്ടിങ് അസി. കമാൻഡന്റ് ഫോർ ഓപറേഷൻസ് മേജർ ജനറൽ സൈഫ് മുഹൈർ അൽ മസ്റൂയി പറഞ്ഞു. അംഗീകാരമില്ലാത്ത വ്യക്തികൾ, ആവശ്യമായ സുരക്ഷ മുൻകരുതലുകൾ സ്വീകരിക്കാതെ, നിശ്ചിത സ്ഥലത്തല്ലാതെ ഓടിച്ചതായി കണ്ടെത്തിയ സാഹചര്യങ്ങളിലാണ് ഇ-സ്കൂട്ടറുകൾ പിടിച്ചെടുത്ത്. കഴിഞ്ഞ വർഷം 254 ഇ-സ്കൂട്ടർ, സൈക്കിൾ അനുബന്ധ അപകടങ്ങളുണ്ടായിട്ടുണ്ട്. ഇതിൽ 10 മരണങ്ങളും 259 പേർക്ക് പരിക്കും പറ്റിയിട്ടുണ്ട്. ഇവരിൽ 17 പേരുടെ നില ഗുരുതരമാണ്.
റോഡ് ഉപയോക്താക്കളെ നേരിട്ട് ബാധിക്കുന്ന തുടർച്ചയായ പെരുമാറ്റങ്ങളാണ് സ്ഥിതിവിവരക്കണക്കുകൾ വ്യക്തമാക്കുന്നതെന്ന് സൈഫ് മുഹൈർ അൽ മസ്റൂയി വിശദീകരിച്ചു. തിരക്കേറിയതും ജനസാന്ദ്രതയുള്ളതുമായ പ്രദേശങ്ങളിൽ, റോഡ് മുറിച്ചുകടക്കലും ഇ-സ്കൂട്ടറുകളുടെ സുരക്ഷിതമല്ലാത്ത ഉപയോഗവും ഗതാഗത സുരക്ഷക്ക് കാര്യമായ വെല്ലുവിളികളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ)യുമായി സഹകരിച്ച്, ദുബൈ പൊലീസ് എല്ലാ സ്ഥലങ്ങളിലും ഗതാഗത അവബോധം വർധിപ്പിക്കുന്നതിന് ബോധവത്കരണ, വിദ്യാഭ്യാസ കാമ്പയ്നുകൾ സജീവമായി നടത്തുന്നുണ്ട്.
ഗതാഗത സുരക്ഷ സമൂഹത്തിന്റെ കൂട്ടുത്തരവാദിത്തമാണെന്ന് അൽ മസ്റൂയി വ്യക്തമാക്കി. മുറിച്ചുകടക്കാൻ കാൽനട പാലങ്ങളും നിശ്ചിത ക്രോസിങ്ങുകളും ഉപയോഗിക്കാനും ഇ-സ്കൂട്ടർ ഉപയോഗത്തിനുള്ള മാർഗനിർദേശങ്ങൾ പാലിക്കാനും അൽ മസ്റൂയി ആവശ്യപ്പെട്ടു.ദുബൈ പൊലീസ് ആപ്പിലെ ‘പൊലീസ് ഐ’ സേവനത്തിലൂടെയോ 901 എന്ന നമ്പറിൽ വിളിച്ചോ അപകടകരമായ ഡ്രൈവിങ് പെരുമാറ്റങ്ങൾ റിപ്പോർട്ട് ചെയ്ത് പൊലീസുമായി സഹകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

