Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
1200ൽ 1200! മൂന്ന്​ മിടുക്കികൾ
cancel
camera_alt

സഹ്​വ നൗഷാദ്,നിയ ജിജേഷ്,ശദ ഹംന

അബൂദബി: 1200ൽ 1200 മാർക്കും! നൂറു ശതമാനം മാർക്കിന്‍റെ മിന്നുംനേട്ടത്തിന്‍റെ നിറവിലാണ്​ ഈ മൂന്നു മിടുക്കികൾ. സംസ്ഥാന ഹയർ സെക്കൻഡറി സയൻസ് സ്​കീം വിഭാഗത്തിൽ മുഴുവൻ മാർക്കും സ്വന്തമാക്കി യു.എ.ഇയിൽ ടോപ്പ് സ്കോററായി മാറിയിരിക്കുകയാണ്​ അബൂദബി മോഡൽ സ്‌കൂളിലെ വിദ്യാർഥികളും കൂട്ടുകാരികളുമായ സഹ്​വ നൗഷാദ്, നിയ ജിജേഷ്, ഷദ ഹംന എന്നിവർ.

സംസ്ഥാന തലത്തിൽ പരീക്ഷയെഴുതിയ മുഴുവൻ കുട്ടികളിൽ നിന്നും ആകെ 62 കുട്ടികൾക്ക്​ 1200ൽ 1200 എന്ന അതിശയനേട്ടം സ്വന്തമായപ്പോൾ യു.എ.ഇയിലേക്ക്​ ആ ബഹുമതി കൊണ്ടുവന്നത്​ ഇവർ മൂവരുമാണ്​. മേഖലയിലെ സംഘർഷങ്ങളും തുടർന്നുള്ള അനിശ്ചിതത്വവും പരീക്ഷാഫലത്തിൽ ഗൾഫ്​ മേഖലക്ക്​ തിരിച്ചടിയായതിനിടയിൽ ഇവരുടെ നേട്ടത്തിന്​ ഇരട്ടി മധുരമായി. അബൂദബി മോഡൽ പ്രൈവറ്റ് സ്കൂളിൽ പരീക്ഷയെഴുതിയ 105 പേരും ഉപരിപഠനത്തിന് അർഹത നേടി. 70 പേർ മുഴുവൻ വിഷയങ്ങളിലും എപ്ലസ്​ സ്വന്തമാക്കി.

അതേസമയം, സ്കൂളിലെ രണ്ടു വിദ്യാർഥികൾക്ക് കേവലം​ രണ്ടു മാർക്കിനാണ്​ മുഴുവൻ മാർക്കെന്ന ബഹുമതി നഷ്ടമായത്​. കണ്ണൂർ സ്വദേശിയായ അബ്​ദുൽ ഹാദി ഷറഫും ആലുവ സ്വദേശിയായ ഇമ്രാൻ ബിൻ അബൂബക്കറുമാണ്​ അവർ.

പാഠങ്ങൾ അന്നന്ന്​ പഠിക്കും-സഹ്​വ നൗഷാദ്​

ട്യൂഷന്‍റെയൊന്നും സഹായമില്ലാതെയാണ് ഈ നേട്ടം കൈവരിക്കാൻ കഴിഞ്ഞത്. ഈ അവിസ്മരണീയ വിജയത്തിന് പിന്നിലെ യഥാർഥ പ്രചോദനം അബൂദബി ഡിപാർമെൻ്റ് ഓഫ് ഫൈനാൻസിൽ ഉദ്യോഗസ്ഥനായ പിതാവ്​ നൗഷാദ് പൈങ്ങോട്ടായിയും മാതാവ്​ സമീറയുമാണ്. സർവശക്തനായ ദൈവത്തിന്‍റെ അനുഗ്രഹവും മോഡൽ സ്‌കൂൾ അധ്യാപകരുടെ ഭാവനാസമ്പന്നമായ അധ്യാപനവും സൂക്ഷ്മ നിരീക്ഷണവും വിജയത്തിൽ കൃത്യമായ പങ്ക് വഹിച്ചിട്ടുണ്ട്​.

ഓരോ ദിവസവും ക്ലാസിലെടുക്കുന്ന വിഷയങ്ങൾ ആ ദിവസം തന്നെ പരമാവധി പഠിച്ചെടുക്കും. നിശ്ചിതകാലയളവിൽ കവർ ചെയ്ത പോർഷനുകൾ റിവിഷൻ ചെയ്യാനും ശ്രമിക്കാറുണ്ട്. ഒക്കുപേഷനൽ തെറാപ്പിയിൽ ബിരുദം നേടാനാണ് ആലോചിക്കുന്നത്. നീറ്റ് റാങ്കിങ്​ അനുസരിച്ച് അവസാന തീരുമാനമെടുക്കുന്നതാണ്. രണ്ട് വർഷം മുമ്പ് ഇത്താത്ത സന നൗഷാദ് ഇതേ സ്‌കൂളിൽ പഠിച്ച് സയൻസ് സ്‌കീമിൽ 98.76 ശതമാനം മാർക്ക് വാങ്ങി യു.എ.ഇ ഗവൺമെന്‍റിന്‍റെ ഗോൾഡൻ വിസ കരസ്ഥമാക്കിയിട്ടുണ്ട്.

സ്ഥിരമായി റിവിഷൻ നടത്തും -നിയ ജിജേഷ്​

പ്ലസ് ടു സയൻസ് വിഭാഗത്തിൽ 1200ൽ 1200 മാർക്ക് നേടി മികച്ച വിജയം നേടാൻ കഴിഞ്ഞത് ഏറെ സന്തോഷകരമാണ്. അബുദാബിയിലെ മോഡൽ പ്രൈവറ്റ്​ സ്​കൂളിൽ പഠിച്ച ഞാൻ, പരീക്ഷകൾക്ക് മുൻപുള്ള ദിവസങ്ങളിൽ കൂടുതൽ ശ്രദ്ധയോടെയും ആത്മവിശ്വാസത്തോടെയും പഠിക്കുന്ന രീതിയാണ് പിന്തുടർന്നത്. വിഷയങ്ങൾ മനസ്സിലാക്കി പഠിക്കുകയും സ്ഥിരമായി റിവിഷൻ നടത്തുകയും ചെയ്തത് മികച്ച വിജയം നേടാൻ സഹായിച്ചു.

ഈ നേട്ടത്തിന് പിന്നിൽ അധ്യാപകരുടെ പിന്തുണയും മാതാപിതാക്കളുടെ പ്രോത്സാഹനവും വലിയ പങ്കുവഹിച്ചു. അച്ഛൻ ഫീനിക്സ്​ ഹോസ്പിറ്റലിൽ കാഷ്യറായി ജോലി ചെയ്യുന്നു, അമ്മ മോഡൽ പ്രൈവറ്റ്​ സ്​കൂളിൽ മാത്‌സ് ടീച്ചറാണ്​. അവരുടെ സ്ഥിരമായ പിന്തുണയാണ് എനിക്ക് ആത്മവിശ്വാസം നൽകിയിരുന്നത്. ഭാവിയിൽ നീറ്റ് പരീക്ഷയിൽ മികച്ച വിജയം നേടി ഡോക്ടറാകുക എന്നതാണ് ലക്ഷ്യം. ഈ വിജയത്തിനായി സഹായവും പിന്തുണയും നൽകിയ എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.

സിലബസ് മനസ്സിലാക്കി പഠനം -ശദ ഹംന

ഈ വിജയം ജീവിതത്തിലെ അഭിമാനകരമായ നിമിഷങ്ങളിലൊന്നാണ്. മാതാപിതാക്കളായ ഉമർ മുക്കൂടിനെയും വഹീദ മുല്ലച്ചേരിയെയും സഹോദരിമാരെയും സന്തോഷിപ്പിക്കണമെന്ന ആഗ്രഹം എപ്പോഴും മനസ്സിലുണ്ടായിരുന്നു. ട്യൂഷനോ പ്രത്യേക കോച്ചിങ്​ ക്ലാസുകളിലേക്കോ പോയിരുന്നില്ല. പകരം, എന്റെ അധ്യാപകരുടെ നോട്ടുകളും യൂട്യൂബ് ക്ലാസുകളും മാത്രമാണ് ആശ്രയിച്ചത്. അത് സിലബസ് വ്യക്തമായി മനസ്സിലാക്കാനും പഠനം കൂടുതൽ ആത്മവിശ്വാസത്തോടെ മുന്നോട്ട് കൊണ്ടുപോകാനും സഹായകമായി.

പിന്തുണച്ച എന്റെ പ്രിയപ്പെട്ട കൂട്ടുകാർക്കും വലിയുമ്മമാരുടെ പ്രാർഥനകൾക്കും ഇതിൽ തുല്യ പങ്കുണ്ട്. സുഹൃത്തുക്കളുടെയും അധ്യാപകരുടെയും പ്രോത്സാഹനം മുന്നോട്ട് പോകാനുള്ള പ്രചോദനം നൽകി. മികച്ച കോളജിൽ ചേർന്ന് ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ്​ കൂടുതൽ ആഴത്തിൽ പഠിക്കണമെന്നാണ് ആഗ്രഹം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:educationGulf Newsplus two examabudabhifull marksu.a.e
News Summary - 1200 out of 1200! Three smart guys
Next Story