മഴയിൽ വാഹനം മറിഞ്ഞ് 12കാരൻ മരിച്ചു
text_fieldsഷാർജ: അൽ ദൈദ് റോഡിൽ കനത്ത മഴക്കിടെ വാഹനം മറിഞ്ഞ് 12 വയസ്സുകാരനായ ഇമാറാത്തി ബാലൻ മരിച്ചു. അപകടത്തിൽ ഡ്രൈവർക്ക് ചെറിയ പരിക്കേറ്റു.
കനത്ത മഴക്കിടെ വെള്ളക്കെട്ട് ഒഴിവാക്കാൻ ശ്രമിക്കുന്നതിനിടെ ഡ്രൈവർക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. ഇതോടെ വാഹനം പലതവണ മറിഞ്ഞു. അപകടത്തിന്റെ ശക്തിയിൽ വാഹനത്തിൽനിന്ന് തെറിച്ചുവീണാണ് കുട്ടിക്ക് ഗുരുതര പരിക്കേറ്റത്. അപകടമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസാണ് ആംബുലൻസിൽ പരിക്കേറ്റവരെ അൽ ദൈദ് ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും കുട്ടി മരിച്ചതായി അധികൃതർ സ്ഥിരീകരിച്ചു.
മഴയിൽ വാഹനങ്ങൾ ഓടിക്കുമ്പോൾ ജാഗ്രതയുണ്ടാകണമെന്നും വേഗപരിധി പാലിക്കണമെന്നും ഷാർജ പൊലീസ് അധികൃതർ പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.

