ദുബൈയിൽ 1.2 ടൺ നിരോധിത മരുന്നുകൾ പിടികൂടി
text_fieldsദുബൈ കസ്റ്റംസ് പിടികൂടിയ നിരോധിത മയക്കുമരുന്ന്
ദുബൈ: ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ കാർഗോ വഴി കോടികൾ വിലവരുന്ന മയക്കുമരുന്ന് കടത്താനുള്ള ശ്രമം തകർത്ത് ദുബൈ കസ്റ്റംസ്. 1.2 ടൺ മയക്കുമരുന്നാണ് കസ്റ്റംസ് സംഘം നടത്തിയ പരിശോധനയിൽ കണ്ടെത്തിയത്. ഏറ്റവും പുതിയ സുരക്ഷ സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് നടത്തിയ സൂക്ഷ്മവും ശാസ്ത്രീയവുമായ പരിശോധനയിലാണ് എയർ കാർഗോ വഴി കടത്താൻ ശ്രമിച്ച മയക്കുമരുന്ന് കണ്ടെത്തിയത്. തുടർന്ന് ബന്ധപ്പെട്ട വകുപ്പുകളുമായി ഏകോപിപ്പിച്ച് നിയമ നടപടികൾ സ്വീകരിച്ചതായി എക്സ് പ്ലാറ്റ്ഫോമിൽ കസ്റ്റംസ് വിഭാഗം അറിയിച്ചു.
കസ്റ്റംസ് സംവിധാനം തുടരുന്ന അതീവ ജാഗ്രതയും ഉദ്യോഗസ്ഥരുടെ വൈദഗ്ധ്യവുമാണ് മയക്കുമരുന്ന് ഗുളികകൾ കണ്ടെത്താൻ സഹായിച്ചത്. സമൂഹത്തിന് ഭീഷണിയാകുന്നതിനു മുമ്പ് ഇത്തരം നിയമവിരുദ്ധ നടപടി ഫലപ്രദമായി തടയാൻ കഴിഞ്ഞതായും കസ്റ്റംസ് വിഭാഗം വിശദീകരിച്ചു.
അതേസമയം, ഏത് രാജ്യത്തുനിന്നാണ് മയക്കുമരുന്ന് ഗുളികകൾ എത്തിയതെന്ന് അധികൃതർ വെളിപ്പെടുത്തിയിട്ടില്ല. സംഭവത്തിൽ ആരേയും അറസ്റ്റ് ചെയ്തതായും വിവരമില്ല. പ്രതികളെ കണ്ടെത്താനുള്ള അന്വേഷണം അധികൃതർ ആരംഭിച്ചിട്ടുണ്ട്. മയക്കുമരുന്ന് കടത്ത് കണ്ടെത്തുന്നതിനായി ഏറ്റവും നൂതനവും സ്മാർട്ടുമായ സാങ്കേതിക വിദ്യകളാണ് ദുബൈ കസ്റ്റംസ് ഉപയോഗിക്കുന്നതെന്ന് ദുബൈ പോർട്ട്, കസ്റ്റംസ് ആൻഡ് ഫ്രീ സോൺ കോർപറേഷൻ ചെയർമാനും സി.ഇ.ഒയുമായ സുൽത്താൻ ബിൻ സുലൈമാൻ പറഞ്ഞു. സംഘടിതമായ മയക്കുമരുന്ന് കടത്ത് ശൃംഖലകൾക്കെതിരായ ആഗോള ശ്രമങ്ങൾക്ക് പിന്തുണ നൽകുന്നതാണ് ദുബൈ കസ്റ്റംസിന്റെ നടപടിയെന്ന് ഡയറക്ടർ ജനറൽ ഡോ. അബ്ദുല്ല ബസനാദ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

