ഷാർജയിൽ 11 വൈദ്യുതി വിതരണ സ്റ്റേഷനുകൾ കൂടി നിർമിക്കും
text_fieldsഷാർജ: എമിറേറ്റിലെ വൈദ്യുതി വിതരണം ശക്തിപ്പെടുത്തുന്നതിനായുള്ള അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിന്റെ ഭാഗമായി 11 വൈദ്യുതി വിതരണ സബ് സ്റ്റേഷനുകൾ കൂടി സ്ഥാപിക്കുമെന്ന് ഷാർജ ഇലക്ട്രിസിറ്റി, വാട്ടർ ആൻഡ് ഗ്യാസ് അതോറിറ്റി (സേവ) അറിയിച്ചു. 29.6 കോടി ദിർഹം ചെലവിട്ടാണ് 11 സബ് സ്റ്റേഷനുകൾ നിർമിക്കുക.വൈദ്യുതി വിതരണ ശൃംഖലയുടെ കാര്യക്ഷമതയും സ്ഥിരതയും വർധിപ്പിക്കുന്നതിനൊപ്പം നഗര, സാമ്പത്തിക വികസനത്തെ പിന്തുണക്കുകയുമാണ് ലക്ഷ്യമെന്ന് സേവയുടെ പവർ ട്രാൻസ്മിഷൻ ഡിപ്പാർട്മെന്റ് ഡയറക്ടർ എൻജീനിയർ ഹമദ് അൽ തുനൈജി പറഞ്ഞു.
വിവിധ മേഖലകളിലെ ദ്രുതഗതിയിലുള്ള വളർച്ചക്കനുസരിച്ചുള്ള ആവശ്യങ്ങൾ നിറവേറ്റുന്നതിനൊപ്പം ഉയർന്ന നിലവാരത്തിലുള്ള ഊർജ വിതരണം ഉറപ്പുവരുത്താനും പുതിയ സബ് സ്റ്റേഷനുകൾ സഹായകമാവും. സമയബന്ധിതമായി സബ് സ്റ്റേഷനുകളുടെ നിർമാണം പൂർത്തീകരിക്കും.ഏറ്റവും പുതിയ സാങ്കേതികവിദ്യകളും അന്താരാഷ്ട്ര മാർഗനിർദേശങ്ങളും അനുസരിച്ചായിരിക്കും നിർമാണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.വൈദ്യുതി വിതരണ ഗ്രിഡിന്റെ ശേഷി വർധിപ്പിക്കുന്നതിനും ഉയർന്ന നിലവാരവും സുരക്ഷയും അനുസരിച്ചുള്ള ഊർജ വിതരണം ഉറപ്പുവരുത്താനും ലക്ഷ്യമിട്ട് പ്രഖ്യാപിച്ച സമഗ്ര പദ്ധതിയുടെ ഭാഗമായാണ് പുതിയ സബ് സ്റ്റേഷനുകൾ നിർമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

