11 അനധികൃത ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്മെന്റ് ഓഫിസുകള്‍ പൂട്ടിച്ചു
text_fieldsഅബൂദബി: താമസക്കാരില്‍നിന്ന് നിരവധി പരാതികള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് 11 അനധികൃത ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്മെന്റ് ഓഫിസുകള്‍ അധികൃതര്‍ പൂട്ടിച്ചു. അബൂദബി രജിസ്ട്രേഷന് അതോറിറ്റിയുമായി സഹകരിച്ച് മാനുഷിക വിഭവശേഷി, സ്വദേശിവത്കരണ മന്ത്രാലയമാണ് ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിച്ചിരുന്ന റിക്രൂട്ട്മെന്റ് ഓഫിസുകള്‍ക്കെതിരെ നടപടി സ്വീകരിച്ചത്. ഈ സ്ഥാപനങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും പിഴ ചുമത്തുമെന്നും തുടര്‍നടപടികള്‍ക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറുമെന്നും അധികൃതര്‍ വ്യക്തമാക്കി. ഗാര്‍ഹിക തൊഴിലാളികളെ വിതരണംചെയ്യുന്ന ഈ സ്ഥാപനങ്ങള്‍ നടപടികൾ പൂര്‍ത്തിയാക്കുന്നതില്‍ വീഴ്ചവരുത്തിയതോടെയാണ് താമസക്കാര്‍ പരാതി നല്‍കിയത്.
രാജ്യത്തുടനീളമുള്ള റിക്രൂട്ട്മെന്റ് ഓഫിസുകള്‍ നിയമം പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കുന്നതിനായി ഇവയെ നിരീക്ഷിക്കുന്നത് തുടരുമെന്ന് മന്ത്രാലയം വ്യക്തമാക്കി.ലൈസൻസുള്ള സ്ഥാപനങ്ങളുടെ വിവരങ്ങള്‍ തങ്ങളുടെ വെബ്സൈറ്റിലുണ്ടെന്നും മന്ത്രാലയം അറിയിച്ചു. നിയമലംഘനങ്ങള്‍ കണ്ടെത്തിയാല്‍ മന്ത്രാലയത്തിന്റെ ഡിജിറ്റല്‍ ചാനലുകള്‍ മുഖേനയോ ഹോട്ട്ലൈന്‍ നമ്പറായ 600590000ലോ ടോള്‍ ഫ്രീ നമ്പറായ 80084ലോ വിളിച്ചറിയിക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു. ഈ വര്‍ഷമാദ്യം 40 ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്മെന്റ് ഓഫിസുകള്‍ക്കെതിരെ മന്ത്രാലയം പിഴചുമത്തിയിരുന്നു. 140ഓളം നിയമലംഘനങ്ങള്‍ കണ്ടെത്തിയ സാഹചര്യത്തിലായിരുന്നു നടപടി. ഇതിനുപുറമെ ടെലികമ്യൂണിക്കേഷന്‍സ് ആന്‍ഡ് ഡിജിറ്റല്‍ ഗവണ്മെന്റ് റഗുലേറ്ററി അതോറിറ്റിയുമായി സഹകരിച്ച് 77 അനധികൃത സമൂഹ മാധ്യമ അക്കൗണ്ടുകളും മന്ത്രാലയം അടച്ചുപൂട്ടുകയുണ്ടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

