പാർക്കിങ് സ്ഥലങ്ങളിൽ 1000 കാമറക്കണ്ണുകൾ
text_fieldsദുബൈ: എമിറേറ്റിലെ പ്രധാന പാർക്കിങ് സ്ഥലങ്ങളിൽ 1000 സ്മാർട്ട് കാമറകൾ സ്ഥാപിക്കാൻ പദ്ധതിയിട്ട് പാർക്കിങ് നിയന്ത്രണ കമ്പനിയായ പാർക്കിൻ. ദുബൈയിലെ പ്രധാന പാർക്കിങ് സ്ഥലങ്ങളുടെ ലഭ്യത നിയന്ത്രിക്കാനാണ് സ്മാർട്ട് ക്യാമറകൾ സഹായകമാവുമെന്ന് പാർക്കിൻ കമ്പനി ഉദ്യോഗസ്ഥർ അറിയിച്ചു.
ദുബൈയിലെ പൊതു പാർക്കിങ് ഓപ്പറേറ്റർ എന്ന നിലയിൽ മികച്ച പ്രവർത്തനങ്ങൾ, നിരക്കുകൾ, പേയ്‌മെന്‍റ് പരിഹാരങ്ങൾ എന്നിവയിലൂടെ ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം. ഇതിനായി സാങ്കേതിക വിദ്യകളിലും സ്മാർട്ട് പരിഹാരങ്ങളിൽ കൂടുതൽ നിക്ഷേപം നടത്തും. പ്രധാന തെരുവുകളിലെ പാർക്കിങ് സ്ഥലങ്ങളിലായിരിക്കും ആദ്യം സ്മാർട്ട് ക്യാമറകൾ സ്ഥാപിക്കുക.
എല്ലാ ക്യാമറകളും സൗരോർജത്തിലായിരിക്കും പ്രവർത്തിക്കുക. പ്രധാന ഇവന്‍റുകൾ നടക്കുമ്പോൾ ദുബൈ വേൾഡ് ട്രേഡ് സെന്‍ററിന് ചുറ്റും പാർക്കിങ് ലഭ്യത നിയന്ത്രിക്കുന്നതിനും നിരീക്ഷിക്കുന്നതിനുമായി ക്യാമറകൾ വിന്യസിക്കുമെന്ന് പാർക്കിൻ സി.ഇ.ഒ എൻജിനീയർ മുഹമ്മദ് അബ്ദുള്ള അൽ അലി പറഞ്ഞു. ഇവന്‍റ് നടക്കുന്ന മേഖലകളിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് പ്രദേശത്ത് പാർക്കിങ് ലഭ്യതയെ കുറിച്ച് ഉപഭോക്താക്കൾക്ക് സ്മാർട്ട് ക്യാമറകൾ വിവരം നൽകും. ഇത് തത്സമയ ക്യാമറ ഫീഡുകൾ വഴി പാർക്കിങ് സ്ഥലങ്ങളുടെ ഉപയോഗത്തെക്കുറിച്ചുള്ള വിവരങ്ങൾ കമ്പനിക്ക് ലഭ്യമാക്കും. പാർക്കിങ് അടിസ്ഥാനസൗകര്യ വികസനത്തിന്‍റെ ഭാഗമാണെന്നും ഗതാഗത പ്രശ്നങ്ങൾ പരിഹരിക്കാൻ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ വർഷം അവസാനത്തോടെ എമിറേറ്റിലെ പ്രധാന തെരുവുകളിൽ 200 ഇലക്ട്രിക് വാഹന ചാർജറുകൾ സ്ഥാപിക്കാനും പദ്ധതിയുണ്ട്. സ്വയം നിയന്ത്രണ വാഹനങ്ങൾക്ക് ആവശ്യമായ സാങ്കേതിക വിദ്യകൾ മനസിലാക്കുന്നതിനായി ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ)യുമായി ചർച്ചകൾ നടന്നുവരികയാണ്.
ചില മേഖലകൾ സ്വയം നിയന്ത്രണ വാഹനങ്ങൾക്കായി നീക്കിവെക്കേണ്ടതുണ്ട്. സുരക്ഷിതമായ ഗതാഗതം ഉറപ്പുവരുത്തുന്നതിനായി ഇത്തരം വാഹനങ്ങൾക്ക് നിശ്ചിത പാർക്കിങ് സ്ഥലങ്ങൾ ആവശ്യമാണ്. ഇതിനുള്ള സൗകര്യങ്ങൾ ഒരുക്കുന്നതിനായുള്ള ചർച്ചകൾ നടക്കുകയാണെന്നും ഈ വർഷം മാർച്ചോടെ സ്വയം നിയരന്തണ ടാക്സികൾ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

