ജബൽ അലി തുറമുഖത്തെ കടൽഭിത്തികളിൽ 1000 കൃത്രിമ പവിഴപ്പുറ്റുകൾ
text_fieldsജബൽ അലി തുറമുഖത്തെ കടൽഭിത്തികളിൽ സ്ഥാപിച്ച കൃത്രിമ പവിഴപ്പുറ്റുകൾ സന്ദർശിക്കുന്ന ഉദ്യോഗസ്ഥർ
ദുബൈ: സമുദ്ര ജീവികളുടെ ആവാസ വ്യവസ്ഥകൾ സംരക്ഷിക്കാൻ ലക്ഷ്യമിട്ട് ദുബൈ ജബൽ അലി തുറമുഖത്തെ കടൽഭിത്തികളിൽ കൃത്രിമ പവിഴപ്പുറ്റുകൾ സ്ഥാപിച്ചു. ദുബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ ലോജിസ്റ്റിക് കമ്പനിയായ ഡി.പി വേൾഡാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ 1000 പാനലുകളാണ് സ്ഥാപിച്ചത്. സിഡ്നി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മറൈൻ സയൻസിന്‍റെ പങ്കാളിത്തത്തിൽ വികസിപ്പിച്ചതാണ് കൃത്രിമ പവിഴപ്പുറ്റുകൾ. 2028 ഓടെ 6,000 പവിഴപ്പുറ്റുകൾ വികസിപ്പിക്കാനാണ് പദ്ധതി. ഇതിന്‍റെ നിർമാണം കൂടി പൂർത്തിയാകുന്നതോടെ ആവാസ വ്യവസ്ഥയെ പിന്തുണക്കുന്ന മേഖലയിലെ ഏറ്റവും നീളം കൂടിയ കടൽത്തീര ഭിത്തികളുള്ള തുറമുഖമായി ജബൽ അലി മാറും.
കടൽജീവികൾക്ക് അഭയം നൽകുന്നതിന് മുത്തുച്ചിപ്പി ഷെല്ലുകൾ, മണൽക്കല്ലുകൾ തുടങ്ങിയ വസ്തുക്കൾ ഉപയോഗിച്ചാണ് ജീവനുള്ള കടൽഭിത്തികൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. യഥാർഥ പവിഴപ്പുറ്റുകളെ പോലെ തോന്നിക്കുന്ന ഇത്തരം കൃത്രിമ പാനലുകളിൽ കടൽ ജീവികൾക്ക് വളരാനും ജീവിക്കാനുമുള്ള ആവാസ വ്യവസ്ഥകൾ ഒരുക്കിയിട്ടുണ്ട്. ഓരോ മോഡുലാർ പാലനുകളും നിർമിച്ചിരിക്കുന്നത് വിത്യസ്ത രൂപത്തിലാണ്. പ്രകൃതിദത്തമായ കല്ലുകളാൽ രൂപം കൊണ്ടതാണെന്ന് തോന്നുംവിധത്തിലാണ് ഇവയുടെ രൂപകൽപന. തീരസംരക്ഷണത്തിൽ തുറമുഖങ്ങൾക്ക് നിർണായകമായ പങ്കുണ്ടെന്ന് ഡി.പി വേൾഡ് ജി.സി.സി ചീഫ് ഓപറേറ്റിങ് ഓഫിസർ അബ്ദുല്ല ബിൻ ദമിതാൻ പറഞ്ഞു. നമ്മുടെ തുറമുഖങ്ങളിലുടനീളം ശാസ്ത്രം അടിസ്ഥാനമാക്കിയുള്ള രൂപകൽപനകൾ സംയോജിപ്പിക്കുന്നതിലൂടെ സമുദ്ര ജീവികൾക്ക് വളരാനുള്ള ആവാസ വ്യവസ്ഥകൾ സൃഷ്ടിക്കപ്പെടുമെന്നും ഇത് പ്രകൃതിയെ പിന്തുണക്കുന്ന നടപടിയുടെ ഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പരിസ്ഥിതി പ്രതിരോധശേഷിയെ തുറമുഖങ്ങൾക്ക് എങ്ങനെ സഹായിക്കാനാകുമെന്നതിനെ കുറിച്ചുള്ള ആഗോള അറിവുകളെ പിന്തുണക്കുന്നതിനായി ജബൽ അലിയിൽ ജൈവവൈവിധ്യ നിരീക്ഷണം 2026ൽ ആരംഭിക്കും.
പെറുവിലെ കാലാവോ തുറമുഖത്ത് ഡി.പി വേൾഡിന്‍റെ പരീക്ഷണാടിസ്ഥാനത്തിലുള്ള പദ്ധതി പ്രകാരമാണ് ജബൽ അലിയിലും കൃത്രിമ പാലനുകൾ സ്ഥാപിച്ചിരിക്കുന്നത്. അവിടെ 12 മാസത്തിനിടെ 12 സമുദ്ര വിഭാഗങ്ങളിലായി 66 ജീവി വർഗങ്ങളെ കണ്ടെത്താനായിട്ടുണ്ട്. ഇതിൽ കൃത്രിമ പവിഴപ്പുറ്റുകളിൽ മാത്രം കാണുന്ന ഏഴ് ജീവി വർഗങ്ങളും ഉൾപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

